Perarivalan : പേരറിവാളന്റെ അമ്മ, ജീവിതത്തിലേറെയും ഇവര്‍ ഇരുന്നത് ജയിലിന് മുന്നിലാണ്!

By Manu SankarFirst Published May 18, 2022, 3:51 PM IST
Highlights

ജീവിതത്തില്‍ അധിക സമയവും അര്‍പ്പുതമ്മാള്‍ ഇരുന്നിട്ടുള്ളത് പൂനമല്ലിയിലെ ജയിലിന് മുന്നിലാകും. പേരറിവാളന് എന്ന അറിവിനെ പാര്‍പ്പിച്ചിരുന്ന ജയില്‍. മകനെ സിബിഐ കൊണ്ടുപോയതിന്റെ പിറ്റേ ദിവസം മുതല്‍ അര്‍പ്പുതമ്മാള്‍ അവിടെയുണ്ട്. 

മകന്റെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഇളവു ചെയ്ത 2014 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് അര്‍പ്പുതമ്മാള്‍ സന്തോഷം കൊണ്ട് കരഞ്ഞിട്ടുള്ളത്. അവര്‍ കൊണ്ടുപോകുമ്പോള്‍ അവന് 19 വയസ്സാണ്. ഇപ്പോള്‍ 50 വയസ്സായി. കഴിഞ്ഞ 30 വര്‍ഷം ഞങ്ങള്‍ക്കു ജീവിതമുണ്ടായിരുന്നില്ല. അവന്റെ വളര്‍ച്ചയൊന്നും കാണാനായില്ലെന്ന് അര്‍പ്പുതമ്മാള്‍ സങ്കടം പറയുമായിരുന്നു പലപ്പോഴും.  

 

Read More: രാജീവ് ഗാന്ധിയുടെ ജീവനെടുത്ത സ്ഫോടനം: 19ാം വയസിൽ അറസ്റ്റ്, ടാഡ, വധശിക്ഷ, തൂക്കുകയർ, പരോൾ, ഒടുവിൽ മോചനം; നാൾവഴി

..............................

 

അറിവ് എന്ന് തികച്ച് വിളിച്ച് കൊതി തീര്‍ന്നിട്ടില്ല അര്‍പ്പുതമ്മാളിന്. 19-ാം വയസ്സില്‍ മകനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അര്‍പ്പുതമ്മാളില്‍ നിന്ന് പറിച്ചെടുത്ത് കൊണ്ടുപോയതാണ്. അന്ന് മുതല്‍ അറിവിനെ തേടിയുള്ള ഓട്ടത്തിലാണ് ഈ അമ്മ. 

കഴിഞ്ഞ 31 വര്‍ഷമായി തുടരുന്ന ഓട്ടം. ചെന്നൈയിലെ അധികാര ഇടനാഴികളിലും കോടതി വരാന്തകളിലും നീതി തേടി അര്‍പ്പുതമ്മാള്‍ അലഞ്ഞു, ഇരുണ്ട കണ്ണാടിയുമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പി. പോയ്‌സ്ഗാര്‍ഡനും, രാജ്ഭവനും, റെയ്‌സിനാകുന്നും, ജസ്റ്റിസുമാരുടെ ചേംബറും വരെ നിവേദനങ്ങളുമായി അലഞ്ഞു. നിസ്സഹായരെന്ന ഒറ്റവാക്കില്‍ സര്‍ക്കാരുകള്‍ കൈയ്യൊഴിഞ്ഞു. ഗാന്ധി കുടുംബത്തിന്റെ വാതിലില്‍ വരെ ദയ ചോദിച്ചുള്ള ഈ അമ്മയുടെ അപേക്ഷ എത്തി.

നീണ്ട സഹനത്തിനൊടുവില്‍ അര്‍പ്പുതമ്മാളിന്റെ കാത്തിരിപ്പിന് ഫലം ഉണ്ടാവുകയാണ്..അറിവ് സ്വതന്ത്രനാവുകയാണെന്ന വിവരം ഈ വൃദ്ധയുടെ മുഖത്ത് പുഞ്ചിരി പടര്‍ത്തിയിരിക്കുന്നു. ഒരു ജീവിതകാലത്തിന്റെ നഷ്ടപ്പെട്ടുപോയ ഓര്‍മ്മകളെ മുഴുവന്‍ തിരിച്ചുപിടിക്കാമെന്ന സന്തോഷം മകനെ ചേര്‍ത്തുപിടിച്ച് പങ്കുവയ്ക്കുകയാണ്. ആരതി ഉഴിഞ്ഞ് അറിവ് എന്ന് ഉറക്കെ വിളിച്ച്.

ജീവിതത്തില്‍ അധിക സമയവും അര്‍പ്പുതമ്മാള്‍ ഇരുന്നിട്ടുള്ളത് പൂനമല്ലിയിലെ ജയിലിന് മുന്നിലാകും. പേരറിവാളന് എന്ന അറിവിനെ പാര്‍പ്പിച്ചിരുന്ന ജയില്‍. മകനെ സിബിഐ കൊണ്ടുപോയതിന്റെ പിറ്റേ ദിവസം മുതല്‍ അര്‍പ്പുതമ്മാള്‍ അവിടെയുണ്ട്. ചെന്നൈയിലെ അഭിഭാഷക കേന്ദ്രങ്ങളില്‍ നിന്നുള്ള പേപ്പറുകളുമായി ഒരു തോള്‍ സഞ്ചിയും തൂക്കി മതില്‍കെട്ടില്‍, പഴകിയ റബ്ബര്‍ ചെരുപ്പുകളും ഇരുണ്ട കണ്ണടയും പൂനമല്ലിയിലെ ജയില്‍ വളപ്പുകള്‍ക്ക് ഏറെ പരിചിതമാണ്. കൃത്യമായി പറഞ്ഞാല്‍ 1991 ജൂണ്‍ 12 മുതല്‍.

 

................................

Read More : രണ്ട് ബാറ്ററികളുടെ വില 31 വര്‍ഷം തടവ്, പേരറിവാളന് ഒടുവില്‍ മോചനം!

 

രാജീവ് ഗാന്ധിയെ കൊല്ലപ്പെടുത്താന്‍ ഉപയോഗിച്ച ബൈല്‍റ്റ് ബോംബിലെ രണ്ട് ബാറ്ററികള്‍ പേരറിവാളന്‍ വാങ്ങി നല്‍കിയെന്നായിരുന്നു കുറ്റം. ശിവരശന് 9 വോള്‍ട്ടിന്റെ രണ്ട് ബാറ്ററികളാണ് പേരറിവാളന്‍ നല്‍കിയത്. അന്ന് 19 വയസ്സായിരുന്നു പേരറിവാളന് പ്രായം. ആ ബാറ്ററികള്‍ ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ വധത്തിനായുള്ള ഗൂഡാലോചനയുടെ ഭാഗമെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസം കൂടി പരിഗണിച്ചാണ് ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചത്. ദയാഹര്‍ജി, പരോള്‍, ശിക്ഷായിളവ്  തേടി ഇക്കാലമെല്ലാം അര്‍പ്പുതമ്മാള്‍ അലഞ്ഞു.

മകന്റെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഇളവു ചെയ്ത 2014 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് അര്‍പ്പുതമ്മാള്‍ സന്തോഷം കൊണ്ട് കരഞ്ഞിട്ടുള്ളത്. അവര്‍ കൊണ്ടുപോകുമ്പോള്‍ അവന് 19 വയസ്സാണ്. ഇപ്പോള്‍ 50 വയസ്സായി. കഴിഞ്ഞ 30 വര്‍ഷം ഞങ്ങള്‍ക്കു ജീവിതമുണ്ടായിരുന്നില്ല. അവന്റെ വളര്‍ച്ചയൊന്നും കാണാനായില്ലെന്ന് അര്‍പ്പുതമ്മാള്‍ സങ്കടം പറയുമായിരുന്നു പലപ്പോഴും.  

ജയലളിത  മുതല്‍ ഡിഎംകെ സര്‍ക്കാര്‍ വരെ പ്രത്യേക ഇളവിന് ശുപാര്‍ശ ചെയ്ത് നിരവധി തവണ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഈ ഫയലുകള്‍ ഗവര്‍ണറുടെ ഓഫീസ് മടക്കി, കേസിലെ സങ്കീര്‍ണതകള്‍ ചൂണ്ടികാട്ടി ഫയലില്‍ ഒപ്പുവയ്ക്കാന്‍ തയാറായില്ല. നീതി തേടി സുപ്രീംകോടതിയെ സമീപിച്ചതോടെ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് നിര്‍ദേശമുണ്ടായി. പക്ഷേ വിവേചനാധികാരം മുന്‍നിര്‍ത്തി വീണ്ടും ഗവര്‍ണറുടെ തീരുമാനം നീണ്ടു. ഒടുവില്‍ ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരം സുപ്രീംകോടതിയുടെ മോചന ഉത്തരവ് എത്തുകയാണ്. 

 

..................................

Read More : 'അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്‍റെ ജയം': പേരറിവാളന്‍

Read More : നീതി തേടി ഒറ്റയാൾ പോരാട്ടം: പേരറിവാളൻ്റേത് സമാനതകളില്ലാത്ത കേസെന്ന് അഭിഭാഷകൻ പ്രഭു

...................................

 

നളിനി അടക്കം കേസില്‍ ശിക്ഷ അനുഭിക്കുന്ന മറ്റ് ആറ് പ്രതികള്‍ക്കും ഇളവ് തേടി കോടതിയെ സമീപിക്കാന്‍ സാധ്യത നല്‍കുന്നത് കൂടിയാണ് സുപ്രീംകോടതി ഉത്തരവ്. പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലിലാകുമ്പോള്‍ ഗര്‍ഭണിയായിരുന്നു നളിനി. ഇന്ന് നളിനിയുടെ മകള്‍ ബ്രിട്ടനില്‍ ഡോക്ടറാണ്. മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനായാണ് രണ്ടാഴ്ചത്തേക്ക് ഒടുവില്‍ നളിനിക്ക് ജാമ്യം ലഭിച്ചത്. മുരുകന്റെ ഭാര്യയായതു കൊണ്ടു മാത്രമാണു നളിനി ഗൂഢാലോചനയുടെ ഭാഗമായതെന്നു ശിക്ഷ വിധിക്കവെ ജസ്റ്റിസ് കെ ടി തോമസ് തോമസ് പറഞ്ഞിരുന്നു. 

ആദ്യം വധശിക്ഷയ്ക്കു  വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ പിന്നീട്  ജീവപര്യന്തമാക്കി കുറച്ചു. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍,  ജയകുമാര്‍, പേരറിവാളന്‍ എന്നിവരാണ്  മറ്റ് പ്രതികള്‍.ശിവരശന്‍, ധനു, ശുഭ, എസ്.ഹരിബാബു എന്നിവര്‍ക്കൊപ്പം നളിനിയുമുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പക്ഷേ കൃത്യമായ തെളിവുകള്‍ ഇല്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

click me!