'ധക് ധക്' ഗാങ്ങിന്റെ തലവൻ, സിനിമയിലെ വില്ലന്മാരിൽ നിന്ന് പ്രചോദനം, ഒടുവിൽ പൊലീസിന്റെ എൻകൗണ്ടറിൽ ഒടുങ്ങി നായിഡു

By Web TeamFirst Published Feb 20, 2020, 4:08 PM IST
Highlights

റോഡിൽ ആരെങ്കിലും വാഹനങ്ങൾ നിർത്തുന്നത് കണ്ടാൽ, സംഘത്തിലൊരാൾ ഡ്രൈവർ സീറ്റിന്റെ ജനലിനരികിൽ വരും. എന്നിട്ട് ഗ്ലാസിൽ 'ധക് ധക്' എന്ന് രണ്ടു തട്ടുതട്ടും. താഴെ ഡ്രൈവർക്ക് കാണാൻ പാകത്തിന് നൂറിന്റെ നാലഞ്ച് നോട്ടുകളും വിതറിയിട്ടുണ്ടാകും. " സാർ.. നിങ്ങളുടെ കാറിൽ നിന്ന് പണം താഴെപ്പോയി" എന്ന് അയാൾ പറയും.

ദില്ലിയിലെ ഏറ്റവും ശക്തനായ ഗ്യാങ്‌സ്റ്റർ, ധക് ധക് ഗാങ്ങിന്റെ സ്ഥാപകതലവൻ, ശിവ് ശക്തി നായിഡു കഴിഞ്ഞ ദിവസം പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. തലക്ക് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്ന നായിഡു പരോളിൽ ഇറങ്ങി മുങ്ങി നടക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഫെബ്രുവരി 18 -ന് മീററ്റ് പൊലീസാണ് ടിയാനെ എൻകൗണ്ടറിൽ കൊന്നുകളഞ്ഞത്. പൊലീസും അധോലോകസംഘവും തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ വെടിയേറ്റ് മീററ്റ് ഡിഎസ്പി ദൗറാല അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വെടിവെപ്പ് നടന്ന ഫ്ലാറ്റിൽ നിന്ന് യന്ത്രത്തോക്കുകൾ അടക്കമുള്ള മാരകായുധങ്ങളും  വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു. 
 
എല്ലാറ്റിന്റെയും തുടക്കം മോഷണം പോയ ഒരു കാറായിരുന്നു. പരോളിൽ ഇറങ്ങി പോലീസിനെ വെട്ടിച്ചു നടന്ന നായിഡുവിന് വേണ്ടി പല സംസ്ഥാനങ്ങളിലെയും പൊലീസ് വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. അയാൾക്കെതിരെയുള്ള ലുക്ക്ഔട്ട് നോട്ടീസ് ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതിനിടെ, മീററ്റിലെ കാങ്കർ ഖേഡയിൽ, ഒരു ഫ്ലാറ്റിനടുത്ത് പാർക്ക് ചെയ്ത നിലയിൽ, മോഷണം പോയ ഒരു കാർ നിൽക്കുന്നതായി പൊലീസിന് വിവരം കിട്ടി. ആ കാർ കസ്റ്റഡിയിലെടുക്കാൻ വേണ്ടിയാണ് മീററ്റ് പൊലീസ് അവിടേക്ക് പോയത്. എന്നാൽ കാറിൽ ഉണ്ടായിരുന്നവർ പൊലീസിനുനേരെ വെടിയുതിർത്തു. അപ്പോഴാണ് സംഗതി വിചാരിച്ചേടത്ത് നിൽക്കില്ല എന്ന് പൊലീസ് തിരിച്ചറിയുന്നത്. ചുറ്റുവട്ടത്തുള്ള സ്റ്റേഷനുകളിൽ നിന്ന് ബാക്ക് അപ്പ് ഫോഴ്‌സ് സ്ഥലത്തെത്തി ഫ്ലാറ്റ് വളഞ്ഞു. ഏറെ നേരം നീണ്ടു നിന്ന വെടിവെപ്പിനൊടുവിൽ പൊലീസ് അകത്തുകയറി പരിശോധിച്ചപ്പോഴാണ് തങ്ങളെ എതിരിട്ടവരിൽ ഒരാൾ കുപ്രസിദ്ധ ഗ്യാങ്‌സ്റ്റർ ശിവ് ശക്തി നായിഡു ആണെന്ന കാര്യം മനസ്സിലാക്കുന്നത്. വെടികൊണ്ട് ഗുരുതരമായ പരിക്കേറ്റു കിടക്കുകയായിരുന്ന നായിഡുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അയാൾ അതിജീവിച്ചില്ല. 

കഴിഞ്ഞ പതിനെട്ടാം തീയതി ദില്ലിയിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള മീററ്റിൽ വെച്ച് ലോക്കൽ പൊലീസ് തീർത്ത കഥ, തുടങ്ങുന്നത് പക്ഷേ ദില്ലിയിൽ വെച്ചാണ്. ആന്ധ്രയിൽ നിന്ന് ദില്ലിയിലേക്ക് കുടിയേറിയ ശിവ് ശക്തി നായിഡുവിന്റെ അച്ഛൻ ബാബുലാലിന് അവിടെ ജൗളിക്കച്ചവടമായിരുന്നു. പഠിത്തം കഴിഞ്ഞ് നായിഡുവും തുണിക്കടയിൽ അച്ഛനെ സഹായിക്കാൻ കൂടി. എന്നാൽ, പെട്ടെന്ന് പണമുണ്ടാക്കുക എന്ന തന്റെ ലക്ഷ്യത്തിന് തുണിക്കടയിൽ നിന്നുള്ള വരുമാനം തികയില്ല എന്ന് നായിഡുവിന് തോന്നി. അതിന് അയാൾ കണ്ടെത്തിയ വഴി, വേണ്ടെന്നു തോന്നിയാൽ തിരിച്ചു നടക്കാനാവാത്ത ഒരു വഴിയായിരുന്നു. ദില്ലിയിലെ ധക് ധക് ഗ്യാങ്ങിന് തുടക്കം കുറിച്ചത് ശിവ് ശക്തി നായിഡു എന്ന ബോൺ ക്രിമിനലിന്റെ കുടിലബുദ്ധിയിലായിരുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ അടക്കം പല സാസംഥാനങ്ങളിലും ഒരു ടെറർ ആയി മാറി. 

എന്തായിരുന്നു ധക് ധക് ഗ്യാങ്?

ഈ പേരുവീണത് അതിന്റെ കൊള്ളയടിക്കാനുള്ള സവിശേഷമാർഗത്തിന്റെ പുറത്താണ്. റോഡുകൾ കേന്ദ്രീകരിച്ചായിരുന്നു കൊള്ള. റോഡിൽ ആരെങ്കിലും വാഹനങ്ങൾ നിർത്തുന്നത് കണ്ടാൽ, സംഘത്തിലൊരാൾ ഡ്രൈവർ സീറ്റിന്റെ ജനലിനരികിൽ വരും. എന്നിട്ട് ഗ്ലാസിൽ 'ധക് ധക് ' എന്ന് രണ്ടു തട്ടുതട്ടും. താഴെ ഡ്രൈവർക്ക് കാണാൻ പാകത്തിന് നൂറിന്റെ നാലഞ്ച് നോട്ടുകളും വിതറിയിട്ടുണ്ടാകും. " സാർ.. നിങ്ങളുടെ കാറിൽ നിന്ന് പണം താഴെപ്പോയി" എന്ന് അയാൾ പറയും. ആ നോട്ടുകളോടുള്ള ആർത്തി കാരണം ഡോർ തുറന്ന് അതെടുക്കാൻ കുനിയുമ്പോഴേക്കും പിൻവശത്തെ ഡോർ തുറന്ന്, നിങ്ങളുടെ മൊബൈൽ, പഴ്‌സ്, ലാപ്ടോപ്പ് തുടങ്ങിയ വിലപ്പെട്ട വസ്തുക്കൾ അടിച്ചുമാറ്റി സംഘത്തിലെ മറ്റംഗങ്ങൾ സ്ഥലം വിട്ടുകഴിഞ്ഞിട്ടുണ്ടാകും. 

പിന്നീട് ദില്ലിയിലും പരിസരത്തും പലസംഘങ്ങളും ഇതേ രീതി (modus operandi) പിന്തുടർന്ന് കൊള്ളകൾ നടത്തി എങ്കിലും, ആദ്യമായി ഇത്തരത്തിലുള്ള ഓപ്പറേഷനുകൾ തുടർച്ചയായി നടത്തി ഇത് ധക് ധക് ഗാങ് എന്നൊരു പ്രസ്ഥാനമാക്കി വളർത്തിക്കൊണ്ടു വന്നത് ശിവ് ശക്തി നായിഡുവാണ്. പണം കുറേ സമ്പാദിക്കാൻ പെട്ടെന്നുതന്നെ നായിഡുവിന് സാധിച്ചെങ്കിലും, അതുമാത്രം പോരായിരുന്നു അയാൾക്ക്. എങ്ങനെയും ഒരു അറിയപ്പെടുന്ന അധോലോക നായകനാവണം, ആദ്യ ഉദ്യമം വിജയിച്ചതോടെ അതിനുവേണ്ടിയായി അടുത്ത ശ്രമം. ആദ്യം കൈവച്ചത് ഹഫ്താ വസൂലി അഥവാ ഗുണ്ടാപിരിവിലാണ്. വൻതോക്കുകളിൽ നിന്ന് പണംതട്ടൽ, കൊലപാതകം തുടങ്ങിയവയും പിന്നാലെ വന്നു. ഒടുവിൽ പൊലീസ് നായിഡുവിന് മേൽ മക്കോക്ക ( Maharashtra Control of Organised Crime ആക്ട്) എന്ന ഭീകരവാദവിരുദ്ധ നിയമം ചുമത്തി. 

വൻതുകയ്ക്കുള്ള മോഷണങ്ങൾ 

'ഇനി ചെറിയ കളികൾ ഇല്ല, കളികൾ വേറെ ലെവൽ' എന്ന് നായിഡു തീരുമാനിച്ചത് അതിനുശേഷമാണ്. ആയിടെ ദില്ലിയിലെ ലജ്പത് നഗറിൽ നടന്ന ആസൂത്രിതമായ കൊള്ളയിലൂടെ നായിഡുവും സംഘവും കവർന്നത് ഒമ്പതു കോടി രൂപയാണ്. അതിൽ ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ പേരും പറഞ്ഞുകേട്ടിരുന്നു, കവർന്നത് ഹവാലാ പണമാണെന്നും.  അതിനുശേഷം നായിഡു ഗാങ് ജയ്പൂരിൽ നിന്ന് കവർന്നത് അഞ്ചുകോടി രൂപയായിരുന്നു. അടുത്തതായി ലുധിയാനയിൽ നിന്ന് ആറുകോടി രൂപ കൂടി കൊള്ളയടിച്ചതോടെ നായിഡു ഗാങ് ഹൈ പ്രൊഫൈൽ കൊള്ളക്കാരെന്ന പേര് നേടി. പിന്നീട് ഇത് അവർ നിരന്തരം തുടർന്നു. സമൂഹത്തിലെ ഉന്നതരായ ധനികർ അവർ ഒന്നിന് പിന്നാലെ ഒന്നായി  കൊള്ളയടിച്ചുകൊണ്ടിരുന്നു. പൊലീസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമുകൾ രൂപീകരിച്ചു തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു എങ്കിലും, നായിഡു മാത്രം കയ്യിൽ തടഞ്ഞില്ല. അടുത്തതായി ഫ്ലാറ്റുകളും മറ്റും കൈയ്യേറുക എന്ന പരിപാടി തുടങ്ങി. വിൽക്കൽ വാങ്ങൽ പരിപാടികളിൽ തട്ടിപ്പു നടത്തുന്നവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടുള്ള പരിപാടിയായിരുന്നു അവരുടേത്. 

മുമ്പ് ശിവ് ശക്തി ഗാങ്ങിന്റെ ഭാഗമായിരുന്ന, പിന്നീട് ഗാങ് വിട്ട തിലക് രാജ് എന്ന ഗുണ്ടയാണ് പൊലീസിനോട് ഈ കഥകളൊക്കെ വെളിപ്പെടുത്തിയത്.  തനിക്ക് ശത്രുതയുണ്ടായിരുന്ന ദില്ലി സ്‌പെഷ്യൽ സെൽ എസ്പി ലളിത് മോഹനെ വധിക്കാൻ നായിഡു പ്ലാനിട്ടു. തിലക് രാജ് ഇതിലെ അപകടം തിരിച്ചറിഞ്ഞ് നായിഡുവിന്റെ വിലക്കാൻ ശ്രമിച്ചു. ലളിത് മോഹൻ ഒരു കല്യാണത്തിൽ സംബന്ധിക്കും എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്നേദിവസം അയാളെ അക്രമിക്കാനായിരുന്നു നായിഡുവിന്റെ പ്ലാൻ. എന്നാൽ ഈ പദ്ധതിയോടുള്ള വിയോജിപ്പിന്മേൽ തുടങ്ങിയ തിലക് രാജ് - നായിഡു തർക്കം ഒടുവിൽ പരസ്പരം അക്രമിക്കുന്നതിലേക്കും വെടിയുതിർക്കുന്നതിലേക്കും എത്തി. തിലകരാജ് ജീവനോടെ രക്ഷപ്പെട്ടു എങ്കിലും, കൂടെയുണ്ടായിരുന്ന മരുമകൻ ഹണി നായിഡുവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അന്ന് ജീവനോടെ രക്ഷപ്പെട്ട തിലക് രാജ് പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

തിലകരാജ് പോലീസിൽ ചോർത്തിക്കൊടുത്ത വിവരം കൃത്യമായിരുന്നു എന്ന് പൊലീസിന് ബോധ്യം വന്നു. ദില്ലിയിലുള്ള ലൈല എന്ന യുവതിയുമായുള്ള പ്രണയവും, അതേച്ചൊല്ലി ഭാര്യ രേഖയുമായുണ്ടായ അസ്വാരസ്യവുമൊക്കെയാണ് ഇപ്പോൾ വിവരങ്ങൾ പൊലീസിലേക്ക് ചോർന്നു കിട്ടുന്നതിലേക്കും, ഈ അധോലോക നേതാവിന്റെ ഏറ്റുമുട്ടൽ കൊലയിലേക്കും ഒക്കെ നയിച്ചിരിക്കുന്നത്. ഗാംഗ്സ് ഓഫ് വസ്സേപൂർ സിനിമയിലെ മനോജ് വാജ്‌പേയി അഭിനയിച്ച സർദാർ ഖാൻ എന്ന കഥാപാത്രത്തെപ്പോലുള്ള സ്റ്റൈലൻ വില്ലന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരെ അനുകരിക്കാൻ ശ്രമിക്കുന്ന ശീലവും ശിവ് ശക്തി നായിഡുവിന് ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

അങ്ങനെ പോലീസിനെ വധിക്കാൻ മുതിരുന്ന രീതിയിൽ നായിഡു മാറുന്നു എന്ന തോന്നലാണ് മീററ്റ് പോലീസിനെ കൂടുതൽ ജാഗരൂകരാകാൻ പ്രേരിപ്പിച്ചത്. അതിന്റെ ഫലമായിട്ടാണ് ഇപ്പോൾ ശിവ് ശക്തി നായിഡു എന്ന ധക് ധക് ഗാങ്‌സ്റ്റർ പൊലീസ് എൻകൗണ്ടറിൽ ഇല്ലാതായിരിക്കുന്നത്. 

click me!