
തന്‍റെ പ്രിയപ്പെട്ട ടെഡിയെ ആകസ്മികമായി നഷ്ടപ്പെട്ട നാല് വയസ്സുകാരിയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി പ്രമുഖ പാവ നിർമ്മാണ കമ്പനി. മരിച്ചുപോയ തന്‍റെ അമ്മയുടെ ഹൃദയമിടിപ്പ് കേൾപ്പിക്കുന്ന പാവയായിരുന്നു അവള്‍ക്ക് നഷ്ടമായത്. കുഞ്ഞിനാളിലെ നഷ്ടപ്പെട്ട അമ്മയുടെ ഓര്‍മ്മകളുള്ള, വൈകാരികമായി കുട്ടിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന ഒന്നായിരുന്ന ഒരു പാവ. അത് നഷ്ടമായത് അവള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും ഏറെയായിരുന്നു. ഇത് മനസിലാക്കിയാണ് പാവ നിർമ്മാണ കമ്പനിയായ ബിൽഡ് എ ബിയർ അവൾക്ക് മറ്റൊരു സമ്മാനം നൽകിയത്.
യുഎസിലെ ടെന്നസിയിൽ നിന്നുള്ള പെൺകുട്ടിയ്ക്ക് തന്‍റെ പ്രിയപ്പെട്ട പാവ നഷ്ടമായത് കഴിഞ്ഞ മാസമാണ്. ഇതിനെ തുടർന്ന് അവളുടെ അച്ഛൻ തന്നെ, പാവ കുട്ടിയെ കിട്ടുന്നവർ തിരികെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. നാല് വയസ്സുകാരിയായ തന്‍റെ മകൾക്ക് ആ ടെഡി ബിയർ മാത്രമാണ് സ്വന്തമായി ഉള്ളതെന്നും ഏതാനും നാളുകൾ മുമ്പ് മരിച്ചു പോയ അവളുടെ അമ്മയുടെ ഹൃദയമിടിപ്പ് അതിൽ നിന്നും കേൾക്കാൻ സാധിക്കുന്നതിനാൽ തങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ് ആ പാവകുട്ടിയെന്നും അറിയിച്ച് കൊണ്ട് അവളുടെ അച്ഛൻ ടൈലർ കെന്നഡി പരസ്യം നൽകി. പാവ കിട്ടുന്നവർ അത് തിരികെ നൽകണമെന്നും അങ്ങനെയെങ്കില്‍ ആവശ്യമായ പണം നൽകാമെന്നും അദ്ദേഹം പരസ്യത്തിലൂടെ അറിയിച്ചു. അമ്മ മരിച്ചപ്പോൾ അമ്മയുടെ ഹൃദയമിടിപ്പിന്‍റെ ശബ്ദം ചേർത്തുകൊണ്ട് ആ പാവ സമ്മാനിച്ചത് അവളുടെ മുത്തശ്ശിയാണന്നും അദ്ദേഹം സൂചിപ്പിച്ചു.
കാറിനടിയില്‍ ഒളിച്ചിരുന്നത് 15 അടി നീളമുള്ള രാജവെമ്പാല; വീഡിയോ വീണ്ടും വൈറലാകുന്നു
പാവയുടെ കാലിൽ അമർത്തുമ്പോഴാണ് അമ്മയുടെ ഹൃദയമിടിപ്പിന്‍റെ ശബ്ദം കേൾക്കാൻ കഴിയുക. എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ പാവയെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ പെൺകുട്ടിയുടെ ഈ ഹൃദയഭേദകമായ കഥ കേട്ട പ്രമുഖ പാവ നിർമ്മാതാക്കളായ ബിൽഡ് എ ബിയർ കമ്പനി അവൾക്ക് മറ്റൊരു പാവയെ സമ്മാനിക്കാന്‍ തീരുമാനിച്ചു. വെറുമൊരു പാവയായിരുന്നില്ല അത്. അവളുടെ വീട്ടുകാരിൽ നിന്നും അമ്മയുടെ ഹൃദയമിടിപ്പിന്‍റെ ഓഡിയോ ശേഖരിച്ച് അത് പുതിയ പാവയിൽ ഇൻസ്റ്റാൾ ചെയ്താണ് അവർ പെൺകുട്ടിയ്ക്ക് സമ്മാനിച്ചത്. പെൺകുട്ടിയുടെ നഷ്ടപെട്ടുപോയ പാവ തിരികെ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അതുവരെ അവൾക്കും കുടുംബത്തിനും ഒരു താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് പാവ സമ്മാനിച്ചതെന്നും കമ്പനി വക്താക്കൾ അറിയിച്ചു.
പെറുവില്‍ അസാധാരണ കവര്‍ച്ച; 10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, പക്ഷേ എല്ലാം വലത് കാലിലേത് മാത്രം !