ഫ്രാൻസിനെ നടുക്കി വൻ കലാപം; അഞ്ചര ലക്ഷം പേർ പങ്കെടുത്ത പ്രതിഷേധം, നിരവധി കടകളും സർക്കാർ സ്ഥാപനങ്ങളും തീയിട്ടു! 1,200 പേർ അറസ്റ്റിൽ!

Published : Oct 18, 2026, 06:23 PM IST
Protests in France

Synopsis

ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ ഫ്രാൻസിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ആപ്പിൾ, ലൂയി വിറ്റൺ തുടങ്ങിയ ആഡംബര കടകളും ചരിത്രപ്രധാനമായ കെട്ടിടങ്ങളും കലാപകാരികൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1200 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

15 മുതൽ 18 വയസുവരെയുള്ളവ‍ർ പഠിക്കുന്ന 'ലീസെ' സ്കൂളിൽ നിന്നും ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ മറ്റൊരു പ്രതിഷേധം കൂടി ഫ്രാൻസിന്‍റെ തെരുവുകളിൽ പടരുന്നു. വ‍ർദ്ധിച്ച് വരുന്ന ജീവിതച്ചെലവിനെതിരെ നടന്ന പ്രതിഷേധങ്ങൾ ഫ്രാൻസിന്‍റെ തെരുവുകളിൽ അക്രമാസക്തമായി. ആപ്പിൾ, ലൂയി വിറ്റൺ, ഹെർമസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ കടകൾ കലാപകാരികൾ കൊള്ളയടിച്ചു. ഒക്ടോബർ 17 ശനിയാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വ്യാപകമായ അക്രമവും തീവെപ്പും കൊള്ളയും മൂലമുള്ള കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അക്രമ സംഭവങ്ങളിൽ 1,200 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും 150 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അറിയിച്ചു.

കലാപത്തിന് നേതൃത്വം നൽകിയത് മുഖംമൂടിധാരികൾ

ബോർഡോ നഗരത്തിലെ തിരക്കേറിയ റൂ സെയ്ന്‍റ് - കാതറിൻ ഷോപ്പിങ് തെരുവിൽ ലൂയി വിറ്റൺ, ആപ്പിൾ സ്റ്റോറുകളാണ് ആക്രമിക്കപ്പെട്ടത്. ലില്ലെയിലെ ആപ്പിൾ സ്റ്റോറും മാർസെയിലെ ഹെർമസ് ബോട്ടീക്കും കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മുഖംമൂടി ധരിച്ചെത്തിയ സംഘങ്ങൾ കടകളുടെ ചില്ലുകൾ തകർത്ത് അകത്തുകയറി സാധനങ്ങൾ കവർന്നതായി റിപ്പോർട്ടുകൾ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങളിൽ ആൾക്കൂട്ടം കടകൾ തല്ലിത്തകർക്കുന്നതും സാധനങ്ങൾ കൊള്ളയടിക്കുകയും കടകൾക്ക് തീ വയ്ക്കുന്നതും കാണാം.

പ്രതിഷേധത്തിനെത്തിയത് 5.5 ലക്ഷം പേർ

അക്രമം ആഡംബര ബ്രാൻഡുകളുടെ കടകളിൽ മാത്രം ഒതുങ്ങിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, വസ്ത്രശാലകൾ, ഇലക്ട്രോണിക്സ് കടകൾ എന്നിവയും ആക്രമിക്കപ്പെട്ടു. ലിയോണിൽ ടൂറിസ്റ്റ് ഓഫീസ് കത്തിച്ചു. മാർസെയിലും ലില്ലെയിലും നഗരസഭാ കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലിമോജസിലെ 140 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രധാനമായ നഗരസഭാ മന്ദിരത്തിന് തീയിട്ടതിന് പിന്നാലെ കനത്ത നാശനഷ്ടമുണ്ടായി. പാരീസിൽ വാഹനങ്ങൾക്ക് തീയിടുകയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

രാജ്യവ്യാപകമായി ഏകദേശം 5.5 ലക്ഷം പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. വിലക്കയറ്റത്തിനും പൊതുസേവനങ്ങളുടെ നിലവാരത്തകർച്ചയ്ക്കും എതിരെയായിരുന്നു പ്രധാന പ്രതിഷേധം. അക്രമത്തെ അപലപിച്ച പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

PREV
Read more Articles on
click me!

Recommended Stories

ഭാര്യയെ ഐസിഇ ഏജന്‍റുമാർ പിടിച്ച് കൊണ്ട് പോയെന്ന് ഇന്ത്യൻ വംശജനായ ഭർത്താവ്, ഒടുവിൽ ജാസ്മിന്‍റെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ
ദസറ ആഘോഷം, ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് നീണ്ടത് ആറ് മണിക്കൂർ, പുലർച്ചെ 2.30 ന് പുറത്തെത്തി!