ടിപ്പുവിന്റെ പിന്മുറക്കാരി, നാസികളുടെ ഉറക്കം കെടുത്തിയ ചാരവനിത; 81 വർഷങ്ങൾക്കിപ്പുറം നൂർ ഇനായത്ത് ഖാനെ ആദരിച്ച് ഫ്രാൻസ്

Published : Nov 24, 2025, 04:18 PM IST
Noor inayat khan stambh

Synopsis

മൈസൂർ കടുവ' എന്നാറിയപ്പെടുന്ന ടിപ്പു സുൽത്താൻ്റെ പിന്മുറക്കാരി കൂടിയായ നൂറിനെ, അവരുടെ 80-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസ് തപാൽ സ്റ്റാംപ് പുറത്തിറക്കിയിരിക്കുന്നു...

ചില ഓർമ്മകൾക്ക് മരണമില്ല, അവ കാലത്തെ അതിജീവിക്കും, രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കനൽ വഴികളിൽ, ബ്രിട്ടീഷ്-ഇന്ത്യൻ വംശജയായ ഒരു യുവതി ധീരതയുടെയും ത്യാഗത്തിൻ്റെയും അടയാളമായി ജ്വലിച്ചു നിന്നു, ആ യുവ പോരാളിയായിരുന്നു നൂർ ഇനായത്ത് ഖാൻ. ബ്രിട്ടീഷ്-ഇന്ത്യൻ ചാരവനിത എന്ന വിശേഷണത്തെക്കാൾ, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര വനിത എന്ന പദവിയാണ് അവർക്ക് ചേരുക.'മൈസൂർ കടുവ' എന്നാറിയപ്പെടുന്ന ടിപ്പു സുൽത്താൻ്റെ പിന്മുറക്കാരി കൂടിയായ നൂറിനെ, അവരുടെ 81-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസ് തപാൽ സ്റ്റാംപ് പുറത്തിറക്കിയിരിക്കുന്നു...

നൂർ ഇനായത്ത് ഖാൻ്റെ അസാധാരണ ജീവിതത്തിലെക്കുള്ള ഒരു തിരിഞ്ഞു നേട്ടം;

സൂഫി പാരമ്പര്യവും രാജകീയ രക്തവും

നൂർ ഇനായത്ത് ഖാൻ ജനിച്ചത് 1914 ജനുവരി 1-ന് മോസ്‌കോയിലെ ക്രെംലിൻ കൊട്ടാരത്തിൽനിന്നും അധികം ദൂരെയല്ലാത്ത ദാറുസ്സലാം എന്ന വീട്ടിലാണ്.നൂറിൻ്റെ പിതാവ് ഹസ്രത്ത് ഇനായത്ത് ഖാൻ ഒരു വിശ്വപ്രസിദ്ധ സൂഫി സംഗീതജ്ഞനും സൂഫിസത്തിൻ്റെ പടിഞ്ഞാറൻ പ്രചാരകനുമായിരുന്നു. ഇദ്ദേഹം ടിപ്പു സുൽത്താൻ്റെ പിന്മുറക്കാരിൽ ഒരാളായിരുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബം റഷ്യ വിട്ട് ലണ്ടനിലേക്കും പിന്നീട് പാരീസിലേക്കും ചേക്കേറി. പാരീസിലെ ഒരു ശാന്തമായ അന്തരീക്ഷത്തിലാണ് നൂർ വളർന്നത്. സംഗീതത്തിലും കവിതയിലും കഥയെഴുത്തിലുമായിരുന്നു അവർക്ക് താല്പര്യം.

എഴുത്തുകാരിയിൽ നിന്ന് പോരാളിയിലേക്ക്

നൂർ ഒരു ബാലസാഹിത്യകാരി എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. ബുദ്ധമത തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള അവരുടെ കഥകൾക്ക് ഫ്രാൻസിലും ഇംഗ്ലണ്ടിലും വായനക്കാരുണ്ടായിരുന്നു.1940-ൽ ഫ്രാൻസ് നാസി ജർമ്മനിയുടെ കൈപ്പിടിയിൽ അമർന്നതോടെ നൂറിൻ്റെ ജീവിതം മാറിമറിഞ്ഞു. സമാധാനം ഇഷ്ടപ്പെട്ടിരുന്ന അവർക്ക് ഫാസിസത്തിനെതിരായ പോരാട്ടം ഒരു ധാർമ്മിക കടമയായി തോന്നി. നൂർ ബ്രിട്ടനിലേക്ക് രക്ഷപ്പെടുകയും അവിടെ വിമൻസ് ഓക്സിലറി എയർഫോഴ്സിൽ (WAAF) ചേരുകയും ചെയ്തു. പിന്നീട് അവരുടെ ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ചാരസംഘടനയായ എസ്.ഒ.ഇ(SOE)അവരെ അതീവ രഹസ്യ ഓപ്പറേഷനുകൾക്കായി തിരഞ്ഞെടുത്തു. എസ്.ഒ.ഇ (SOE) യുടെ റേഡിയോ ഓപ്പറേറ്ററായി പരിശീലനം നേടിയ നൂർ, 1943-ൽ ഫ്രാൻസിലേക്ക് രഹസ്യമായി യാത്ര തിരിച്ചു.

'മെഡലീൻ' എന്ന കോഡ് നാമത്തിൽ അറിയപ്പെട്ട നൂർ, നാസികൾ നിറഞ്ഞുനിന്ന പാരീസിൽ, ബ്രിട്ടനും ഫ്രഞ്ച് റെസിസ്റ്റൻസ് ഗ്രൂപ്പുകൾക്കും ഇടയിലെ ഏക കണ്ണിയായിരുന്നു. റേഡിയോ ട്രാൻസ്മിഷനുകൾ അതിവേഗം പിടിക്കപ്പെടുമായിരുന്ന ആ ഇരുണ്ട കാലത്ത്, ദിവസങ്ങളോളം ജർമ്മൻ സൈന്യത്തിൻ്റെ കണ്ണുവെട്ടിച്ച് നൂർ തൻ്റെ രഹസ്യ സന്ദേശങ്ങൾ കൈമാറി. അവരുടെ സന്ദേശങ്ങളാണ് ഫ്രാൻസിലെ പ്രതിരോധ മുന്നേറ്റങ്ങൾക്ക് ആയുസ്സും കരുത്തും നൽകിയത്.

അവസാന വാക്ക്: "ലിബേർത്തെ" (സ്വാതന്ത്ര്യം)

ഒടുവിൽ, ഒരു ഒറ്റുകാരൻ്റെ സഹായത്തോടെ നൂർ ജർമ്മൻ സൈന്യത്തിൻ്റെ പിടിയിലായി. നാസികളുടെ തടവറയിൽ, അതിക്രൂരമായ പീഡനങ്ങളേറ്റപ്പോഴും അവർ തൻ്റെ രഹസ്യങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവരുടെ വ്യക്തിവിവരങ്ങൾ പുറത്തറിയാതിരിക്കാൻ അവർ ഓരോ നിമിഷവും പോരാടി. നൂർ രണ്ട് തവണ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1944-ൽ, നാസി ഭരണത്തിൻ്റെ ക്രൂരതയുടെ പര്യായമായ ഡാഷോ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് അവരെ മാറ്റുകയും അവിടെ വെച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തു. ചരിത്രം രേഖപ്പെടുത്തിയ അവരുടെ അവസാന വാക്ക് "Liberte"(സ്വാതന്ത്ര്യം) എന്നതായിരുന്നു.

സ്റ്റാമ്പ്; ഒരു രാജ്യം നൽകുന്ന ആദരം

ബ്രിട്ടൻ ജോർജ്ജ് ക്രോസ് നൽകിയും ഫ്രാൻസ് ക്രോയിക്സ് ഡി ഗ്വെർ നൽകിയും നൂറിൻ്റെ ധീരതയെ മുൻപ് ആദരിച്ചിട്ടുണ്ട്. എന്നാൽ, ഒരു പോസ്റ്റൽ സ്റ്റാമ്പിലൂടെ നൂറിൻ്റെ മുഖം ലോകമെമ്പാടുമുള്ള പോസ്റ്റൽ സഞ്ചാരത്തിൽ അടയാളപ്പെടുത്താനുള്ള ഫ്രഞ്ച് സർക്കാരിൻ്റെ തീരുമാനം, സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയ ഒരു 'മകൾ'ക്ക് രാജ്യം നൽകുന്ന ഉദാത്തമായ ആദരവാണ്.

ഇന്ത്യൻ രക്തവും യൂറോപ്യൻ ജീവിതവും കോർത്തിണക്കിയ നൂർ ഇനായത്ത് ഖാൻ്റെ ഓർമ്മകൾ, വരും തലമുറക്ക് ഫാസിസത്തിനെതിരായ പോരാട്ടത്തിൻ്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമായി എന്നും നിലനിൽക്കും.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്