മേയർ 'ശല്യക്കാരനെ'ന്ന് പരാതി എട്ട് മാസം തടവും പിഴയും വിധിച്ച് കോടതി; ദമ്പതികളുടെ പരാതിയിലാണ് മുൻ ഫ്രഞ്ച് മേയർക്കെതിരെ നടപടി

Published : Nov 22, 2026, 12:15 PM IST
court

Synopsis

ഉപഭോക്താക്കൾക്ക് ബ്രെഡ് മുറിച്ചുനൽകാൻ വിസമ്മതിച്ച ബേക്കറിയുടമകളെ നിരന്തരം ശല്യം ചെയ്ത കേസിൽ ഫ്രാൻസിലെ മുൻ മേയർക്ക് എട്ടുമാസം തടവുശിക്ഷ ലഭിച്ചു. കട അടച്ചുപൂട്ടാൻ വരെ കാരണമായ ഈ അസാധാരണ സംഭവത്തിൽ പിഴയും നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടു.

ഉപഭോക്താക്കൾക്ക് ബ്രെഡ് മുറിച്ചുനൽകാൻ വിസമ്മതിച്ച ബേക്കറിക്കാരെ നിരന്തരം ശല്യം ചെയ്ത കേസിൽ ഫ്രാൻസിലെ മുൻ മേയർക്ക് എട്ടുമാസം തടവുശിക്ഷ. ശിക്ഷ സസ്‌പെൻഡഡ് ആയതിനാൽ ജയിലിൽ കഴിയേണ്ടതില്ല. 67 -കാരനായ പിയറി തോമസിനെയാണ് റെന്നിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. 5,000 യൂറോ (ഏതാണ്ട് 5 ലക്ഷം ഇന്ത്യൻ രൂപ) പിഴയ്ക്ക് പുറമേ ബേക്കറി നടത്തിയിരുന്ന ദമ്പതികൾക്ക് 11,200 യൂറോ (ഏതാണ്ട് 11 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനും പിയറി തോമസ്, മൂന്ന് വർഷത്തേക്ക് ദമ്പതികളുമായി ബന്ധപ്പെടരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

'രാജാവ്' ഒരു 'ശല്യക്കാരൻ'!

ഫ്രാൻസിലെ സെന്‍റ്-ഔവൻ-ദെസ്-അല്ലൂക്ല് ഗ്രാമത്തിൽ 2022 അവസാനത്തോടെ ബേക്കറി ഏറ്റെടുത്ത ഹെൻറി വിർമൂണൈക്സും ലോറൻ പിക്കോവ്സ്കി-ദെലാരുവുമാണ് പരാതിക്കാരായ ദമ്പതികൾ. ബ്രെഡ് മുറിച്ചുനൽകാത്തതും പരമ്പരാഗത പേസ്ട്രികൾ വിൽക്കാത്തതും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അവതരണവും കടയുടെ പ്രവർത്തനരീതിയുമെല്ലാം ചൂണ്ടിക്കാട്ടി തോമസ് ഇടപെട്ടെന്നാണ് ആരോപണം. മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്നതിനായി ആഴ്ചയിൽ മൂന്നു ദിവസം കട അടച്ചിടുന്നതിനെയും അദ്ദേഹം എതിർത്തു. മേയറുടെ നിരന്തരമായ ഇടപെടലുകൾ തങ്ങളെ മാനസികമായി തളർത്തിയെന്നും ദമ്പതികൾ കോടതിയിൽ ആരോപിച്ചു. ഇതനിടെ മറ്റു വ്യാപാരികളും മേയർക്കെതിരെ പരാതിപ്പെട്ടിരുന്നു. ചിലർ അദ്ദേഹത്തെ 'രാജാവ്' എന്നായിരുന്നു വിശേഷിപ്പിച്ചത്.

പൂട്ട് തുറക്കാനും മേയർ

മേയറുടെ നിരന്തര ശല്യത്തെ തുടർന്ന് 2023 ജൂലൈയിൽ, തുറന്ന് രണ്ടുമാസത്തിനുള്ളിൽ ദമ്പതികൾ ബേക്കറി അടച്ചുപൂട്ടി. അതേ വർഷം ഒക്ടോബറിൽ തോമസും മൂന്ന് പ്രാദേശിക ഉദ്യോഗസ്ഥരും ഡ്രില്ലുമായെത്തി കടയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചതായും ദമ്പതികൾ കോടതിയിൽ പരാതിപ്പെട്ടു. കട കൗൺസിലിന്‍റെ ഉടമസ്ഥതയിലാണെന്നായിരുന്നു അവരുടെ വാദം. ദമ്പതികളിൽ ഒരാൾക്ക് 40 ദിവസവും മറ്റൊരാൾക്ക് 25 ദിവസവും ജോലിക്ക് പോകാനാകാത്തവിധം ആരോഗ്യപ്രശ്നങ്ങളുണ്ടായതായി മെഡിക്കൽ രേഖകൾ വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്.

എല്ലാം നിഷേധിച്ച് മുൻ ‘നഗരപിതാവ്’!

എന്നാൽ, പീഡനാരോപണങ്ങൾ തോമസ് നിഷേധിച്ചു. താൻ ഗ്രാമത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇടപെട്ടതെന്നും എന്നാൽ, വ്യാപാരികൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. മാർച്ചിൽ മേയർ പദവി ഒഴിഞ്ഞ അദ്ദേഹം വീണ്ടും മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

ഒരു ദിവസം കാണാതായത് രണ്ട് കുട്ടികളെ, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി മാതാപിതാക്കളെ തിരിച്ചേൽപ്പിച്ച് ഗുരുഗ്രാം പോലീസ്!
ഒരിക്കൽ കൂടി അവരോടൊപ്പം...; രക്താർബുദത്തോട് പൊരുതിയ ബെയ്‌ബെയുടെ അവസാന ആഗ്രഹം നിറവേറ്റി അധ്യാപകരും കൂട്ടുകാരും