
മധ്യപ്രദേശിലെ പന്നയിൽ രണ്ട് ബാല്യകാല സുഹൃത്തുക്കൾക്ക് കിട്ടിയത് 55,000 ഡോളറിൽ കൂടുതൽ വിലമതിക്കുന്ന വജ്രം. സതീഷ് ഖാതി, സാജിദ് മുഹമ്മദ് എന്നീ രണ്ട് സുഹൃത്തുക്കൾ ഒരുമിച്ച് ഒരു സ്ഥലം പാട്ടത്തിനെടുത്തിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഇവിടെ നിന്നും വജ്രം കണ്ടെത്തുന്നത്. വജ്രം കണ്ടെത്തിയതോടെ ഇരുവരും വളരെയധികം സന്തോഷത്തിലായി എന്ന് ബിബിസി എഴുതുന്നു. ഈ പണം തങ്ങളുടെ സഹോദരങ്ങളുടെ വിവാഹത്തിനായി ഉപയോഗിക്കാൻ വേണ്ടിയാണ് അവർ ആഗ്രഹിക്കുന്നത്. "ഇനി ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരിമാരെ വിവാഹം കഴിപ്പിക്കാൻ സാധിക്കുമല്ലോ" എന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.
"ഭൂമി വാങ്ങുന്നതിനെക്കുറിച്ചോ, ബിസിനസ്സ് വിപുലീകരിക്കുന്നതിനെക്കുറിച്ചോ, വലിയ നഗരത്തിലേക്ക് താമസം മാറുന്നതിനെക്കുറിച്ചോ ഒന്നും തന്നെ ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല. ഇപ്പോൾ, ഞങ്ങളുടെ സഹോദരിമാരുടെ വിവാഹം നടത്തുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ" എന്നാണ് ഇരുവരും പറഞ്ഞത്.
24 -കാരനായ സതീഷ് ഖാതിക് ഒരു ഭക്ഷണശാല നടത്തുകയാണ്. 23 -കാരനായ സാജിദ് മുഹമ്മദ് പഴങ്ങൾ വിൽക്കുന്നയാളാണ്. കുടുംബത്തിലെ ഇളയ മക്കളാണ് രണ്ടുപേരും. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിലുള്ള ആളുകളല്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഭാഗ്യം കൊണ്ട് മാത്രമല്ല സുഹൃത്തുക്കൾ വജ്രം കണ്ടെത്തിയത്. പകരം, അവരും അവരുടെ കുടുംബങ്ങളും വർഷങ്ങളായി വിലയേറിയ വജ്രങ്ങൾക്കായി തിരയുന്നുണ്ട്. മധ്യപ്രദേശിലെ ഈ നഗരം ഇന്ത്യയിലെ മിക്ക വജ്ര ശേഖരണങ്ങളുടെയും കേന്ദ്രമായതിനാൽ, പന്നയിൽ താമസിക്കുന്ന ആളുകൾക്ക് ഇത് ഒരു സാധാരണ ശീലമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അച്ഛന്റെയും മുത്തശ്ശന്റെയും പാത പിന്തുടർന്ന് ഇവരും സ്ഥലം പാട്ടത്തിനെടുത്ത് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു.
പിന്നീട് നിരന്തരം കഷ്ടപ്പെട്ട് ഇവിടെ തിരഞ്ഞു. ഒടുവിൽ വജ്രം കണ്ടെത്തുകയായിരുന്നു. "ഈ വജ്രത്തിന്റെ വിപണി വില ഏകദേശം 50 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെയാണ്, ഇത് ഉടൻ ലേലം ചെയ്യും" എന്ന് വജ്രത്തിന്റെ മൂല്യനിർണ്ണയം നടത്തുന്ന അനുപം സിംഗ് ബിബിസി ഹിന്ദിയോട് പറഞ്ഞു.