
എന്താണ് 'ഹോബി ഡോഗിംഗ്', എങ്ങനെയാണ് ഹോബി ഡോഗിംഗ് ചെയ്യുന്നത്, ചോദ്യങ്ങൾ ഏറെയാണ്. ജർമ്മനിയിൽ ആരംഭിച്ച ഈ വിചിത്ര വിനോദം സാമൂഹിക മാധ്യമങ്ങളിൽ ആരാധകരെ സൃഷ്ടിക്കുമ്പോഴും കടുത്ത വിമർശനങ്ങൾക്കും വിധേയമാവുകയാണ്. യഥാർത്ഥത്തിൽ ഹോബി ഡോഗിംഗ് ചെയ്യുന്ന വ്യക്തിയുടെ കൂടെ നായ്ക്കൾ ഉണ്ടാകില്ല. എന്നാൽ, തന്റെ കൂടെ നായ്ക്കൾ ഉണ്ടെന്ന് സങ്കൽപ്പിച്ച് അവയെ പരിശീലിപ്പിക്കുകയും നടക്കാൻ കൊണ്ടുപോകുകയും ചെയ്യുന്നു. അതായത് ഒറ്റ വാചകത്തിൽ സാങ്കല്പിക നായയെ പരിശീലിപ്പിക്കുന്ന പരിപാടിയെന്ന് ഹോബി ഡോഗിംഗിനെ വിളിക്കാം.
ജർമ്മനിയിലെ ബാഡ് ഫ്രെഡ്രിഷ്‌ഷാൽ എന്ന പട്ടണത്തിലാണ് ഈ വിനോദം ആരംഭിച്ചത്. ബാർബറ ഗെർലിംഗർ എന്ന ഡോഗ് ട്രെയിനറാണ് പരിശീലനത്തിനായി പ്രത്യേക ക്ലാസുകൾ നടത്തുന്നത്. പങ്കെടുക്കുന്നവർ തങ്ങളുടെ കൂടെയുള്ള അദൃശ്യ നായയ്ക്ക് ആജ്ഞകൾ നൽകുകയും, അവയ്ക്ക് മിഠായികൾ വിതരണം ചെയ്യുന്നതായി അഭിനയിക്കുകയും ചെയ്യുന്നു. യഥാർത്ഥ നായ്ക്കളെ പരിശീലിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന വടികളും മറ്റ് ഉപകരണങ്ങളും ഇവരുടെ കൈകളിൽ ഉണ്ടായിരിക്കും. ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ഈ വിഡിയോകൾ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചിലർ ഇതിനെ വെറും തമാശയായി കാണുമ്പോൾ മറ്റ് ചിലർ ഇത് തികച്ചും വിചിത്രമാണെന്ന് അഭിപ്രായപ്പെടുന്നു. 'എന്റെ കയ്യിലുള്ള അദൃശ്യ നായയെ കാണാതായി' എന്ന പരിഹാസ കമന്റുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
എന്നാൽ, ഹോബി ഡോഗിംഗ് സന്തോഷം കണ്ടെത്താനും യഥാർത്ഥ നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് മുന്നോടിയായി മനസ്സിനെ പാകപ്പെടുത്താനുമുള്ള ഒരു വഴിയാണെന്ന് അനുകൂലിക്കുന്നവർ പറയുന്നു. എന്തായാലും സാങ്കേതികവിദ്യ ഇത്രത്തോളം വളർന്ന ഈ കാലഘട്ടത്തിലും ഇത്തരം വിചിത്രമായ വിനോദങ്ങൾക്ക് പോലും ആരാധകർ ഉണ്ടെന്നതിന് ഒരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഹോബി ഡോഗിംഗ്.