40 വയസ്സായിട്ടും ഒമ്പത് വയസ്സുകാരന്റെ രൂപം. എന്നാല്‍, അഭിനയമികവ് കൊണ്ട് അഭിനന്ദനങ്ങളേറ്റു വാങ്ങി ചൈനീസ് നടൻ ഹൗ സിയാങ്ങ്. അഭിനയരംഗത്ത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റേതായ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചിരിക്കയാണ്.
പ്രായം നാൽപ്പതിനോട് അടുക്കുമ്പോഴും രൂപം കൊണ്ടും ശബ്ദം കൊണ്ടും ഒമ്പത് വയസ്സുകാരനായി തുടരുന്ന ചൈനീസ് നടൻ ഹൗ സിയാങ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ശൈശവാവസ്ഥയിൽ വളർച്ച നിലച്ചുപോയ തന്റെ ശാരീരികാവസ്ഥയെ പരിമിതിയായല്ല, മറിച്ച് തന്റെ കരിയറിലെ കരുത്താക്കി മാറ്റിയിരിക്കുകയാണ് ഈ താരം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഹൗ സിയാങ്ങിന്റെ വിസ്മയിപ്പിക്കുന്ന ജീവിതകഥ വീണ്ടും പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

ബെയ്ജിംഗ് സ്വദേശിയായ ഹൗ സിയാങ് മാസം തികയാതെ ജനിച്ച കുഞ്ഞായിരുന്നു. ഗർഭകാലത്ത് മാതാവിനുണ്ടായ കടുത്ത പോഷകാഹാരക്കുറവ് ഹൗവിന്റെ വളർച്ചയെ ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒമ്പത് വയസ്സായതോടെ അദ്ദേഹത്തിന്റെ ശാരീരിക വളർച്ചയും ശബ്ദ വികാസവും പൂർണ്ണമായും നിലച്ചു. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് കാണുന്നവർ ഹൗവിനെ ഒരു സ്കൂൾ വിദ്യാർത്ഥിയാണെന്ന് കരുതി വിശേഷങ്ങൾ ചോദിക്കുന്നത് പതിവാണ്.
തന്റെ ശാരീരികാവസ്ഥയെ ഒരു ശാപമായി കാണാതെ, അതിനെ തന്റെ അഭിനയ ജീവിതത്തിനുള്ള അവസരമായി ഹൗ മാറ്റി. 2005 -ൽ 'ഹോം വിത്ത് കിഡ്‌സ്' (Home with Kids) എന്ന ജനപ്രിയ പരമ്പരയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 19 വയസ്സായിരുന്നു പ്രായം. എന്നാൽ, രൂപം കൊണ്ട് ഒറ്റനോട്ടത്തിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയാണെന്നേ ആർക്കും തോന്നുമായിരുന്നുള്ളൂ. സ്റ്റെപ്പ് ഫാദർ (Stepfather), ചുവാങ് ഗ്വാങ്‌ഡോംഗ് (Chuang Guandong), ടണൽ വാർഫെയർ (Tunnel Warfare) തുടങ്ങിയ പ്രശസ്ത ചൈനീസ് ഡ്രാമകളിൽ ഹൗ സിയാങ് മികച്ച പ്രകടനം കാഴ്ചവെച്ചു. കുട്ടികളുടെ വേഷം ചെയ്യുമ്പോഴും ഒരു മുതിർന്ന നടന്റെ പക്വതയും വൈകാരികമായ ആഴവും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ് ഹൗവിനെ സംവിധായകരുടെ പ്രിയങ്കരനാക്കുന്നത്.
"എന്റെ രൂപം കാരണം എനിക്ക് ലഭിക്കുന്ന വേഷങ്ങളിൽ പരിമിതികളുണ്ടാകാം. പക്ഷേ ലഭിക്കുന്ന ഓരോ വേഷവും അതിന്റെ പൂർണ്ണതയിൽ എത്തിക്കുക എന്നതാണ് ഒരു നടനെന്ന നിലയിൽ എന്റെ ലക്ഷ്യം. അതിലാണ് എന്റെ വിജയം" ഹൗ സിയാങ് പറയുന്നു. ശാരീരിക വെല്ലുവിളികളോട് പൊരുതി മുന്നേറുന്ന ഹൗ സിയാങ്ങിന്റെ നിശ്ചയദാർഢ്യത്തെയും ആത്മാർത്ഥതയെയും അഭിനന്ദിക്കുകയാണ് ചൈനയിലെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സിനിമാ പ്രേമികൾ. 'പ്രായമാകാത്ത മനുഷ്യൻ' (Ageless man) എന്നാണ് ഓൺലൈൻ ലോകം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
