മാതാപിതാക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബോധ്യപ്പെടുത്താനായി ചൈനയിലെ ഒരു സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ചുമപ്പിച്ചത് 2.5 കിലോ ഭാരമുള്ള പാവകളെ. ക്ലാസിലിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒരു കുഞ്ഞിനെയെന്നപോലെ ഈ പാവകളെ പരിപാലിക്കണം.

മാതാപിതാക്കൾ കുട്ടികളെ വളർത്താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബോധ്യപ്പെടുത്തുന്നതിനായി ചൈനയിലെ ഒരു സ്കൂൾ നടപ്പിലാക്കിയ വിചിത്രമായ ശിക്ഷാരീതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കിഴക്കൻ ചൈനയിലെ സുഷൗവിലുള്ള 'യുവാൻഷോങ് സ്പെഷ്യൽ എഡ്യൂക്കേഷൻ സ്കൂളാ'ണ് തങ്ങളുടെ വിദ്യാർത്ഥികളെക്കൊണ്ട് ദിവസം മുഴുവൻ ഭാരമേറിയ പാവകളെ എടുപ്പിച്ചത്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള കൗമാരക്കാരെ തിരുത്തിയെടുക്കാനായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പഠനത്തിൽ താല്പര്യമില്ലാത്തവർ, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവർ, ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തവർ തുടങ്ങിയ വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

ക്ലാസിലിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കുട്ടികൾ പാവകളെ മുതുകിൽ കെട്ടിവെക്കണം. ഏകദേശം 2.5 കിലോ ഗ്രാം ഭാരമുള്ള പാവകളെയാണ് ഇവർക്ക് നൽകുന്നത്. വെറുതെ ചുമക്കുക മാത്രമല്ല, ഒരു യഥാർത്ഥ കുഞ്ഞിനെ എന്നപോലെ പാവയുടെ ഉറക്കവും മറ്റ് കാര്യങ്ങളും ഒരു ആഴ്ച മുഴുവൻ വിദ്യാർത്ഥികൾ നോക്കണം. കുഞ്ഞുങ്ങളെ വയറ്റിൽ ചുമക്കുന്ന അമ്മമാരുടെ പ്രയാസം മനസ്സിലാക്കാൻ, പാവയെ കെട്ടിവെച്ച് മുട്ടുകുത്തി നടക്കാനും കുട്ടികളെ നിർബന്ധിക്കുന്നുണ്ട്.

'ഇത്തരത്തിൽ ഒരു കിലോമീറ്റർ നടന്നപ്പോഴേക്കും എന്റെ കാലുകൾ മരവിച്ചു. മാതാപിതാക്കൾ എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലാകുന്നു' എന്ന് വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പ്രതികരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കുട്ടികളിൽ മാതാപിതാക്കളോട് നന്ദിയും ബഹുമാനവും വളർത്താനാണ് ഈ പ്രായോഗിക പരിശീലനമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡു പറഞ്ഞു. ചില മാതാപിതാക്കൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. എന്നാൽ, ഇതിനെതിരെ പരിഹാസവും ഉയരുന്നുണ്ട്. പാവകൾ യഥാർത്ഥ കുഞ്ഞുങ്ങളെപ്പോലെ കരയുകയോ വാശിപിടിക്കുകയോ ചെയ്യാത്തതിനാൽ ഈ രീതി തികച്ചും അപ്രായോഗികമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു. ഇത്തരം കഠിനമായ രീതികൾ കുട്ടികളിൽ ഭാവിയിൽ മാതാപിതാക്കളാകുന്നതിനോട് വിരക്തിയുണ്ടാക്കാൻ കാരണമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ ഇത്തരം സ്കൂളുകൾ വൻതുകയാണ് ഫീസായി ഈടാക്കുന്നത്. പ്രതിമാസം 8,000 മുതൽ 20,000 യുവാൻ വരെ (ഏകദേശം 90,000 മുതൽ 2.3 ലക്ഷം ഇന്ത്യൻ രൂപ വരെ) ഇത്തരം സ്ഥാപനങ്ങൾ ഈടാക്കാറുണ്ട്. സ്കൂളുകളിലെ ഇത്തരം രീതികൾ പലപ്പോഴും മനുഷ്യാവകാശ ലംഘനമാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.