ആദ്യയാത്രയിൽ ഇഷ്ടപ്പെട്ടില്ല, പിന്നെ ചുറ്റിയത് 12 വട്ടം! ഇന്ത്യയുടെ ഉൾനാടൻ സൗന്ദര്യം തേടി ജപ്പാനീസ് ഫോട്ടോഗ്രാഫറുടെ 2 ലക്ഷം കിലോമീറ്റർ യാത്ര

Published : Mar 07, 2026, 04:16 PM IST
Masashi Mitsui

Synopsis

യാത്രകൾ വെറുമൊരു സ്ഥലസന്ദർശനമല്ല, അതൊരു വികാരമാണ്. ചിലയിടങ്ങൾ നമ്മളെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് വിളിച്ചുകൊണ്ടിരിക്കും. ജപ്പാനീസ് ഫോട്ടോഗ്രാഫറായ മസാഷി മിത്സുയിയുടെ കാര്യത്തിൽ ആ വികാരം 'ഇന്ത്യ'യാണ്. നിലവിൽ തൻ്റെ പന്ത്രണ്ടാമത്തെ മോട്ടോർ സൈക്കിൾ പര്യടനത്തിലാണ് മിത്സുയി.

ഒരു വിദേശിക്ക് ഇന്ത്യയെ എത്രത്തോളം സ്നേഹിക്കാനാകും? ഗൈഡ് ബുക്കുകളോ മാപ്പുകളോ നോക്കാതെ, വെറും യാദൃശ്ചികതകളെ വിശ്വസിച്ച് ഒരു രാജ്യം മുഴുവൻ പന്ത്രണ്ട് തവണ ബൈക്കിൽ ചുറ്റിക്കറങ്ങുക എന്നത് കേൾക്കുമ്പോൾ അതിശയം തോന്നാം. എന്നാൽ ജപ്പാനീസ് ഫോട്ടോഗ്രാഫറായ മസാഷി മിത്സുയിക്ക് (Masashi Mitsui) ഇന്ത്യ വെറുമൊരു രാജ്യമല്ല, ഓരോ തവണയും തന്നെ തിരികെ വിളിക്കുന്ന വികാരമാണ്. രണ്ട് ലക്ഷത്തോളം കിലോമീറ്റർ ദൂരം തൻ്റെ മോട്ടോർ സൈക്കിളിൽ പിന്നിട്ട്, ഇന്ത്യയുടെ ആത്മാവ് തേടിയുള്ള മിത്സുയിയുടെ പന്ത്രണ്ടാമത്തെ യാത്രയാണിത്.. ഇന്ത്യ ടുഡേ ഡിജിറ്റലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ ഈ അപൂർവ്വ യാത്രകളെക്കുറിച്ച് മനസ്സ് തുറന്നത്.

വെറുപ്പിൽ നിന്ന് തുടങ്ങിയ പ്രണയം

അത്യാധുനിക സാങ്കേതിക വിദ്യയുടെ നാടായ ജപ്പാനിൽ നിന്നുള്ള മിത്സുയി 2001-ലാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. എന്നാൽ ആ ആദ്യ സന്ദർശനത്തിൽ അദ്ദേഹത്തിന് ഇന്ത്യയോട് വലിയ താൽപ്പര്യമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, 2006-ൽ ഒരു മോട്ടോർ സൈക്കിളുമായി വീണ്ടും ഇന്ത്യയിലെത്തിയതോടെ എല്ലാം മാറിമറിഞ്ഞു. നഗരങ്ങളിലല്ല, മറിച്ച് ഇന്ത്യയുടെ ഗ്രാമങ്ങളിലാണ് യഥാർത്ഥ ഇന്ത്യയെന്ന് മിത്സുയി പറയുന്നു.

'ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലെ ആളുകൾ കാണിക്കുന്ന സ്നേഹവും സത്യസന്ധതയും എന്നെ അത്ഭുതപ്പെടുത്തി. അതോടെയാണ് ഈ രാജ്യത്തിൻ്റെ യഥാർത്ഥ ചൈതന്യം ഞാൻ തിരിച്ചറിഞ്ഞത്,' മിത്സുയി പറഞ്ഞു.

നിഗൂഢമായ ഇന്ത്യയുടെ വൈവിധ്യം

ഇന്ത്യയിലെ ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും മാറുന്ന ഭാഷയും വേഷവും ഭക്ഷണവും മിത്സുയിയെ ആകർഷിച്ചു. വാരണാസിയും ലഡാക്കും ടൂറിസ്റ്റുകളെ ആകർഷിക്കുമെങ്കിലും, മിത്സുയിക്ക് താൽപ്പര്യം അധികമാരും ശ്രദ്ധിക്കാത്ത ഇടങ്ങളോടാണ്. ഒഡീഷയിലെ ഉൾനാടൻ മലയോര ഗ്രാമങ്ങളും, ഗുജറാത്തിലെ പുരാതന തെരുവുകളും, രാജസ്ഥാനിലെ കൃഷിയിടങ്ങളുമാണ് മിത്സുയിയെ കൂടുതൽ ആകർഷിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുള്ള ജപ്പാനിൽ നിന്നുള്ള ഒരാൾ എന്തിനാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത് എന്ന ചോദ്യത്തിന് മിത്സുയിക്ക് കൃത്യമായ മറുപടിയുണ്ട്. കാരണം ഗ്രാമങ്ങളാണ് കൂടുതൽ രസകരമായ ഒരിടം. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ നഗരങ്ങൾ എല്ലായിടത്തും വിരസമാണ്. തൻ്റെ ചിത്രങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യത്തെയല്ല ചിത്രീകരിക്കുന്നത്, മറിച്ച് ഇവിടുത്തെ മനുഷ്യരുടെ ഊർജ്ജസ്വലതയെയും പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സ്വാഭാവിക ഭംഗിയെയുമാണ്. ആധുനികതയുടെ കടന്നുകയറ്റത്തിൽ മാഞ്ഞുപോകുന്ന ഈ പാരമ്പര്യങ്ങളെ തൻ്റെ ക്യാമറയിലൂടെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഫോട്ടോഗ്രാഫർ എന്ന നിലയിൽ മിത്സുയിയെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഇന്ത്യയിലെ നിറങ്ങളാണ്. പ്രത്യേകിച്ച് ഇന്ത്യൻ സ്ത്രീകൾ ധരിക്കുന്ന സാരികൾ. ലോകത്ത് ഒരിടത്തും കാണാത്ത വിധം കടും ചുവപ്പും നീലയും പോലുള്ള നിറങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമായി ഉപയോഗിക്കുന്നതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുന്നു. ടി-ഷർട്ടും ജീൻസും ഫാഷനായി മാറുമ്പോഴും ഗ്രാമങ്ങളിലെ സ്ത്രീകൾ തങ്ങളുടെ വർണ്ണാഭമായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നത് അത്ഭുതകരമാണെന്ന് മിത്സുയി പറയുന്നു. ഓരോ യാത്ര കഴിയുമ്പോഴും തൻ്റെ ഒരു ഭാഗം ഇന്ത്യയിൽ ഉപേക്ഷിക്കുകയും ഇന്ത്യയുടെ ഒരു ഭാഗം തന്നോടൊപ്പം കൊണ്ടുപോവുകയും ചെയ്യുന്ന ഫോട്ടോഗ്രാഫറാണ് മസാഷി മിത്സുയി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്, നാം ശ്രദ്ധിക്കാതെ പോകുന്ന ചെറിയ നിമിഷങ്ങളെയും മനുഷ്യരെയും തൻ്റെ ലെൻസിലൂടെ അനശ്വരമാക്കുകയാണ് അദ്ദേഹം.

PREV
Read more Articles on
click me!

Recommended Stories

എഐ ബന്ധങ്ങൾ ലഹരിയാകുന്നു; 46 ശതമാനം ഇന്ത്യക്കാരും എഐ പ്രണയത്തിന് അടിമകളെന്ന് സർവ്വേ!
15 വർഷത്തെ കാത്തിരിപ്പ്; പ്രവാസി മലയാളി ഡ്രൈവർക്ക് 10 കോടിയുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സമ്മാനം!