1953 - ലെ പട്ടാള അട്ടിമറിക്കുള്ള സഹായം മുതൽ, ജനറൽ സൊലെമാനിയുടെ വധം വരെ, അമേരിക്കയും ഇറാനും ഇടയിലെ പ്രശ്നങ്ങൾ ഇന്നുവരെ

Published : Jan 06, 2020, 05:27 PM ISTUpdated : Jan 06, 2020, 05:41 PM IST
1953 - ലെ പട്ടാള അട്ടിമറിക്കുള്ള സഹായം മുതൽ, ജനറൽ സൊലെമാനിയുടെ വധം വരെ, അമേരിക്കയും ഇറാനും ഇടയിലെ പ്രശ്നങ്ങൾ  ഇന്നുവരെ

Synopsis

ആദ്യത്തെ പ്രകോപനം അമേരിക്കയുടെ ഭാഗത്തുനിന്നായിരുന്നു. അതിനു കാരണമോ 1953 -ൽ ഇറാനിൽ നടന്ന പട്ടാള അട്ടിമറിശ്രമവും.

ഇറാനിലെ ശക്തനായ സൈനിക ജനറലായ കാസിം സൊലെമാനിയെ വധിക്കാനുള്ള ഉത്തരവിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്  ട്രംപ് അംഗീകാരം നൽകിയത് രായ്‌ക്കുരാമാനമായിരുന്നു. ആയത്തൊള്ളാ അലി ഖൊമേനി കഴിഞ്ഞാൽ ഇറാനിൽ അടുത്ത ആധികാരിക സ്വരം എന്നാണ്  കാസിം സുലൈമാനിയെ ലോകം കണ്ടുപോന്നിരുന്നത്. മധ്യപൂർവ്വേഷ്യയിൽ അങ്ങോളമിങ്ങോളം ഭീതിപടർത്തിയിരുന്ന ഇറാനിലെ ഗവൺമെന്റ് സ്‌പോൺസേർഡ് ആയ ഖുദ്സ് ഫോഴ്‌സ് എന്ന സൈനികസംവിധാനത്തിന്റെ സർവാധികാരിയായിരുന്നു ജനറൽ സൊലെമാനി എന്നതാണ് അദ്ദേഹത്തെ വധിച്ച അമേരിക്കൻ പട്ടാളത്തിന്റെ നടപടി ഇത്രകണ്ട് മാധ്യമശ്രദ്ധയിൽ കൊണ്ട് നിർത്തിയിരിക്കുന്നതിനും, അമേരിക്കയെ വിമർശിച്ചുകൊണ്ട് പലരും രംഗത്തെത്തിയതിനും പിന്നിൽ. ഇറാൻ പിന്തുണയ്ക്കുന്ന ഖത്തീബ് ഹിസ്‌ബൊള്ള എന്ന തീവ്ര സംഘടന ഇറാഖിലെ അമേരിക്കൻ എംബസി ലക്ഷ്യമാക്കി ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ ഈ നടപടി. ഇത് പ്രദേശത്ത് കാര്യമായ അശാന്തി പടർത്തിയിട്ടുണ്ട്. സംഭവം നടന്നപാടേ അമേരിക്കയുമായുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിച്ച ഇറാൻ, ആണവ കരാറിൽ നിന്നും പിന്മാറി. 

അല്ലെങ്കിലും, സഹകരണത്തിന്റെ ചുരുക്കം ചില  ഹ്രസ്വവേളകൾ ഒഴിച്ചാൽ ഇറാനും അമേരിക്കയും തമ്മിൽ എന്നും സംഘർഷങ്ങൾ മാത്രമായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നും വിവാദപൂരിതമായിപ്പോയത്? ആദ്യത്തെ പ്രകോപനം അമേരിക്കയുടെ ഭാഗത്തുനിന്നായിരുന്നു. അതിനുകാരണമോ 1953 -ൽ ഇറാനിൽ നടന്ന പട്ടാള അട്ടിമറിശ്രമവും.

1953: പട്ടാള അട്ടിമറി 

1953 -ൽ   ഇറാനിൽ ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പട്ട  മുഹമ്മദ് മൊസാദേഗ് സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി അണിയറയിൽ ഒരു പട്ടാള അട്ടിമറിയ്ക്കുള്ള ഗൂഢാലോചനകൾ നടത്തിയത് അമേരിക്കൻ, ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസികൾ ചേർന്നുകൊണ്ടാണ്. അന്ന് അധികാരം, ഷാ റെസ പെഹ്‌ലവിയ്ക്ക് കൈവന്നു. ബ്രിട്ടീഷ് താത്പര്യങ്ങൾക്ക് വിരുദ്ധമായി രാജ്യത്തെ എണ്ണ പര്യവേക്ഷണം ദേശസാൽക്കരിച്ചു എന്ന കുറ്റമായിരുന്നു മുഹമ്മദ് മൊസാദേഗ് ചെയ്തത്. വർഷങ്ങളായി ഇറാനിലെ എണ്ണ വളരെ ലാഭത്തിന് ഊറ്റിക്കൊണ്ടിരിക്കുകയായിരുന്നു ബ്രിട്ടൻ. ഈ ഒരു നീക്കം അന്ന് വിജയം കണ്ടു എങ്കിലും, അമേരിക്കക്കാരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന വികാരം അന്നുതൊട്ടുതന്നെ ഇറാനിയൻ ജനതയിൽ ഉറച്ചു. 

1957  : ആണവ സഹകരണം 

1957 -ൽ ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ചുള്ള ഒരു സഹകരണകരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ഡ്വൈറ്റ് ഐസൻഹോവറാണ് അമേരിക്കയുടെ പക്കൽ മാത്രം ഒതുങ്ങി നിന്നിരുന്ന ആണവസാങ്കേതികവിദ്യ ഇറാൻ അടക്കമുള്ള പല രാജ്യങ്ങൾക്കും കൈമാറിയത്. ഈ പ്രാഥമിക സാങ്കേതികവിദ്യയാണ് ഇന്ന് ആണവകരാർ തന്നെ ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ വിവാദാസ്പദമായ അണ്വായുധപരീക്ഷണങ്ങളുടെ അടിസ്ഥാനം. 

1959 - ആണവ ഗവേഷണരംഗത്തെ ഇറാന്റെ മുന്നേറ്റങ്ങൾ 

ഇക്കൊല്ലം ഷാ റെസ പെഹ്‌ലവിയാണ് ഇറാനിലെ ടെഹ്‌റാൻ യൂണിവേഴ്സിറ്റിയിൽ 'ടെഹ്‌റാൻ ന്യൂക്ലിയർ റിസർച്ച് സെന്റർ' എന്നപേരിൽ ഒരു ആണവപരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. അതിനുശേഷം ആണവസാങ്കേതികത വിദ്യ കൈമാറാൻ വേണ്ടി നിരന്തരം ഇറാൻ അമേരിക്കയോട് ബന്ധപെട്ടു. 

1967 - ആണവസാങ്കേതികതയും അസംസ്കൃത വസ്തുക്കളും കൈമാറി 

അമേരിക്കതന്നെയാണ് 1967 -ൽ ഇറാനുവേണ്ട അഞ്ചു മെഗാവാട്ട് ആണവനിലയവും, വെപ്പൺസ് ഗ്രേഡ് സമ്പുഷ്ട യുറേനിയവും കൈമാറിയത്. 

1968 - ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിടുന്നു.

1970 -ൽ നടപ്പിലാക്കപ്പെട്ട ഈ കരാറിൽ ഇറാനും ഒപ്പിടുന്നു. ഈ നിർവ്യാപന സന്നദ്ധതയ്ക്ക് പകരമായി ആഭ്യന്തര ഊർജനിർമ്മാണത്തിനായി ആണവോർജ്ജം പ്രയോജനപ്പെടുത്താൻ ഇറാനെ മറ്റുള്ള രാജ്യങ്ങൾ അനുവദിക്കുന്നു. 

 1963 -1973 - വളർച്ചയുടെ വർഷങ്ങൾ 

തങ്ങളുടെ കാർമികത്വത്തിൽ നടത്തപ്പെട്ട സൈനിക അട്ടിമറിക്കുശേഷം അധികാരത്തിലെത്തിയ ഇറാനിലെ ഷാ ഗവൺമെന്റിനെ അമേരിക്ക രാഷ്ട്രീയമായും, സൈനികമായും, സാമ്പത്തികമായും എല്ലാം അകമഴിഞ്ഞ് സഹായിച്ചു. ഇതിന്റെ ഫലമായി അറുപതുകളിലും എഴുപതുകളിലും ഇറാൻ സാമ്പത്തികവളർച്ചയിലൂടെ കടന്നുപോയി. 1972 -ൽ ഇറാൻ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ഗൾഫ് മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കണം എന്ന് ഷായോട് ആവശ്യപ്പെടുന്നു. പകരം, ഷായ്ക്ക് വേണ്ട എന്തായുധവും നൽകാൻ താൻ സന്നദ്ധനാണ് എന്നും അറിയിക്കുന്നു. 1973 -ലെ അറബ് ഇസ്രായേൽ യുദ്ധത്തോടനുബന്ധിച്ച് എണ്ണ വില മാനംമുട്ടിയപ്പോൾ, ഇറാന് കാര്യമായ ലാഭമുണ്ടായി. ആ കാലഘട്ടത്തിൽ ഷാ നിക്സൻറെ വാക്കിന്റെ ബലത്തിൽ അമേരിക്കയുടെ പക്കൽ നിന്ന് ഹൈടെക്ക് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന. അത് അമേരിക്കൻ ഗവൺമെന്റിന് അത്രയ്ക്ക് രുചിച്ചില്ല എങ്കിലും, വാക്കുപറഞ്ഞുപോയിരുന്നതുകൊണ്ട് ഗത്യന്തരമില്ലാതെ അവർ ആ ആയുധങ്ങൾ ഷായ്ക്ക് നൽകി. 

നയതന്ത്രതലത്തിൽ കൊടുക്കൽ വാങ്ങലുകൾ പുരോഗമിക്കുമ്പോഴും ഇറാനിലെ പള്ളികൾ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്ത് അമേരിക്കൻ വിരോധം വളരുന്നു. ആ പ്രതിഷേധസ്വരങ്ങളുടെ നേതൃസ്ഥാനത്തേക്ക് വന്ന അയത്തൊള്ളാ ഖൊമേനിയ്ക്ക് താമസിയാതെ നാടുവിട്ടോടി ഇറാഖിൽ അഭയം തേടേണ്ടി വരുന്നു. അക്കാലത്ത്, ഖൊമേനിയുടെ ഈ പ്രതിഷേധങ്ങളെ അമേരിക്ക കാര്യമായെടുത്തില്ല, അതായിരുന്നു അവർ ചെയ്ത ഏറ്റവും വലിയ അബദ്ധം. 

1977 -ലെ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സന്ദർശനം 

പുതുവത്സര രാവിൽ അമേരിക്കൻ  പ്രസിഡന്റ് ജിമ്മി കാർട്ടർ ഇറാൻ സന്ദർശിക്കുന്നു. ഷായുടെ നയചാതുരിയെയും ഭരണപാടവത്തെയും വാനോളം പുകഴ്ത്തുന്നു. എന്നാൽ, കാർട്ടർ തിരികെപ്പോയി ദിവസങ്ങൾക്കകം ഇറാനിൽ പ്രതിഷേധങ്ങൾ പുകഞ്ഞുകത്തി ഒടുവിൽ സമരമായി തെരുവുകളിലേക്ക് എത്തുന്നു. അത് നയിച്ചത്, ഖൊമേനിയുടെ നേതൃത്വത്തിലുള്ള വൻ പ്രതിഷേധറാലികളിലേക്കും, ഒടുവിൽ ഭരണകൂടത്തിനെതിരായ വിപ്ലവത്തിലുമാണ്. 

1978 സെപ്റ്റംബർ 8  എന്ന ദുഃഖവെള്ളിയാഴ്ച 

ടെഹ്റാനിലെ ജാലെ സ്‌ക്വയറിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന ആയിരക്കണക്കിന് ഇറാനിയൻ പൗരന്മാർക്കുനേരെ ഷായുടെ പട്ടാളം വെടിവെപ്പുനടത്തി. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു. ആ പ്രതിഷേധങ്ങളെ മുളയിലേ നുള്ളുന്നതിൽ അമേരിക്കയും, ഷാ സർക്കാരും പരാജയപ്പെട്ടു. 

1979 ഇറാനിയൻ വിപ്ലവം 

1979  ജനുവരി 16 -ന് ഷാ ഇറാന് പുറത്ത് അവധിക്കാലം ചെലവിടാൻ പോകുന്നതായി പ്രഖ്യാപിച്ചു. പൗരന്മാർ അതിനെ കണ്ടത് ഷാ ഭരണത്തിന്റെ അവസാനമെന്നോണമാണ്. പോകുംമുമ്പ് ഷാപൂർ ഭക്തിയാറിനെ ഷാ പ്രധാനമന്ത്രിയായി അവരോധിച്ചു. എന്നാൽ, അത് വകവെക്കാതെ പ്രതിഷേധക്കാർ തങ്ങളുടെ സമരം തുടർന്നു. ഫ്രാൻസിൽ ഇരുന്നുകൊണ്ട് ഖൊമേനി ഒരു ഇസ്ലാമിക റിപ്പബ്ളിക്കിനായുള്ള തന്റെ പരിശ്രമങ്ങളെപ്പറ്റി ലോകത്തോട് സംസാരിക്കുന്നു. ലക്ഷക്കണക്കിന് പേരുടെ അകമ്പടിയോടെ, ഖൊമേനി ഇറാനിലേക്ക് തിരിച്ചെത്തുന്നു. ദിവസങ്ങൾക്കകം ഇറാന്റെ സൈന്യവും, സർക്കാരും, മാധ്യമങ്ങളും ഒക്കെ വിപ്ലവകാരികളുടെ ചൊല്പടിയിലാകുന്നു. ഏപ്രിൽ ഒന്നാം തീയതി മുതൽ ഇറാൻ ഒരു പരമാധികാര ഇസ്ലാമിക രാഷ്ട്രമാകുന്നു. അതോടനുബന്ധിച്ച് ഒരു ജനഹിതപരിശോധനയും നടക്കുന്നു. ഫലം, സ്വാഭാവികമായും, ഇസ്ലാമികരാഷ്ട്ര സ്ഥാപനത്തിന് അനുകൂലമായിട്ടാകുന്നു. 

1979 -81  ഇറാനിയൻ ബന്ദി പ്രതിസന്ധി 

ഖൊമേനിയുടെ വിശ്വസ്തനായ മേധി ബസർഗാൻ പ്രധാനമന്ത്രിയാകുന്നു. അദ്ദേഹം അമേരിക്കയുമായി സ്വാഭാവികബന്ധം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും, 1979 -ലെ ശൈത്യകാലത്ത് ജിമ്മി കാർട്ടർ ചികിത്സക്കായി ഷായെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇത് അമേരിക്കയും ഷായും തമ്മിലുള്ള ഗൂഢാലോചന എന്നാണ് ഇറാനിലെ ജനത കണ്ടത്. 1979 നവംബർ 4 -ന് വിദ്യാർത്ഥികളുടെ ഒരു വൻജനക്കൂട്ടം ടെഹ്റാനിലെ അമേരിക്കൻ എംബസി കയ്യേറുന്നു. 66 അമേരിക്കൻ നയതന്ത്രജ്ഞർ, മറീനുകൾ തുടങ്ങിയവരെ അതിനുള്ളിൽ 444 ദിവസത്തേക്ക് തടങ്കലിലാക്കുന്നു. ഖൊമേനി വിദ്യാർത്ഥികളുടെ പക്ഷം ചേർന്ന് നിലയുറപ്പിച്ചു. ഷായെ വിചാരണയ്ക്കായി ഇറാന് വിട്ടുനൽകണം എന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. അങ്ങനെ ഉണ്ടായില്ലെങ്കിൽ അമേരിക്കൻ ബന്ദികളെ വിചാരണ ചെയ്യുമെന്നായി ഭീഷണി. 

ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ആദ്യമായി അമേരിക്ക ഇറാനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത്. 1200 കോടി ഡോളറിന്റെ ഇറാനിയൻ സ്വത്തുക്കളും കാർട്ടർ മരവിപ്പിച്ചു. ഐക്യരാഷ്ട്ര സഭയോട് ഇടപെടാൻ വേണ്ടി അമേരിക്ക അപേക്ഷിച്ചെങ്കിലും, അതൊന്നും ഇറാൻ ചെവിക്കൊണ്ടില്ല. അതോടെ കാർട്ടർ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ റദ്ദാക്കി. തുടർന്ന് നടത്തിയ ഒരു രക്ഷാദൗത്യം പരാജയപ്പെട്ടു. എട്ട് അമേരിക്കൻ ജീവനക്കാർ വധിക്കപ്പെട്ടു. കാർട്ടറുടെ പ്രതിച്ഛായക്ക് ഈ സംഭവം കാര്യമായ മങ്ങലേൽപ്പിച്ചു. തുടർന്ന് റൊണാൾഡ്‌ റീഗൻ ഭരണത്തിലേറിയിട്ടാണ് ശേഷിക്കുന്ന 55 ബന്ദികളെ ഇറാൻ മോചിപ്പിക്കുന്നത്. അതോടെയാണ് അമേരിക്കയ്ക്ക് ഇറാൻ ചതുർത്ഥിയാകുന്നത്.

1980 -1988  - ഇറാൻ ഇറാഖ് യുദ്ധം

അതിനിടെയാണ് 1980 -ൽ ഇറാനിലെ രാഷ്ട്രീയ അസ്ഥിരതകൾ മുതലെടുക്കാൻ ഉദ്ദേശിച്ച് ഇറാഖ് ഇറാനെ ആക്രമിക്കുന്നത്. ഇറാൻ ഇറാഖിനെ കീഴടക്കി മധ്യപൂർവേഷ്യയിൽ അധീശത്വം സ്ഥാപിച്ചുകളഞ്ഞാലോ എന്ന് ഭയന്ന അമേരിക്ക ഇറാഖിനെ യുദ്ധത്തിന് വേണ്ട സാങ്കേതിക സഹായങ്ങളും, പടക്കോപ്പുകളും മറ്റും നൽകി സഹായിക്കുന്നു. ആ യുദ്ധത്തിൽ ഇറാഖ് ഇറാനെതിരെ രാസായുധം പ്രയോഗിക്കുന്നു. അതിനെ അമേരിക്ക വിമർശിക്കുന്നുണ്ട് എങ്കിലും, ഇറാനെതിരെ ഇറാഖിനെ പിന്തുണയ്ക്കുന്നത് തുടരുകതന്നെ ചെയ്യുന്നു. 

1984 തീവ്രവാദ ഫണ്ടിങ് ആരോപണം 

1984 -ൽ അമേരിക്ക ഇറാനെതിരെ തീവ്രവാദത്തിനുവേണ്ട ധനസഹായം നൽകുന്നു എന്ന ആരോപണം ഉന്നയിക്കുന്നു. ആ ആരോപണത്തിന്റെ പിൻബലത്തിൽ നിരവധി ഉപരോധങ്ങളും ഏർപ്പെടുത്തുന്നു. ലബനാനിലെ അമേരിക്കൻ എംബസി ആക്രമണം അടക്കമുള്ള പല തീവ്രവാദ അക്രമണങ്ങളിലും ഇറാന് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകൾ സിഐഎ ഹാജരാക്കുന്നു. 

1985 -1986  ഇറാൻ കോൺട്രാ വിവാദം 

ആയുധ വില്പനയ്ക്ക് ഉപരോധമുണ്ടായിരുന്നിട്ടും, റീഗന്റെ ഭരണകൂടം ഇറാന് ആയുധങ്ങൾ വിൽക്കുന്നത് തുടരുന്നു. ലബനാനിലെ ബന്ദികളെ മോചിപ്പിക്കാൻ എന്നായിരുന്നു അതിനുപറഞ്ഞ കാരണം. അങ്ങനെ ആയുധങ്ങൾ വിറ്റുകിട്ടിയ ലാഭം അമേരിക്ക നിക്കരാഗ്വയിലെ ഇടതുപക്ഷ സാന്റിനിസ്റ്റ സർക്കാരിനെതിരെ കലാപമുണ്ടാക്കുന്ന കോൺട്രാ ഗറില്ലകളെ സഹായിക്കാൻ ഉപയോഗിക്കുന്നു. സോഷ്യലിസം ലാറ്റിൻ അമേരിക്കൻ മണ്ണിൽ അധികാരം സ്ഥാപിക്കുന്നത് തടയാനായിരുന്നു അത്. ഇത് താമസിയാതെ വെളിയിൽ വരികയും, റീഗൻ സർക്കാർ ഇതിന്റെ പേരിൽ വിചാരണയ്ക്ക് വിധേയമാവുകയുമുണ്ടായി. ഇത് പിന്നീട് ഇറാൻ കോൺട്രാ വിവാദം എന്നറിയപ്പെട്ടു. 

1988  ജൂലൈ 3 : മെക്കയിലേക്ക് പോയ ഇറാൻ വിമാനം അമേരിക്ക വെടിവെച്ചിടുന്നു, മരണം 290 

പേർഷ്യൻ ഗൾഫിൽ വെച്ച് ഇറാനിയൻ പടക്കപ്പലുകളുമായുണ്ടായ ഒരു സംഘർഷത്തിനിടെ അമേരിക്കൻ യുദ്ധക്കപ്പലായ വിൻസൻസ് ഇറാൻ എയർ ഫ്ലൈറ്റ് 655 മിസൈൽ ഉപയോഗിച്ചു തകർത്തിടുന്നു. ഇറാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി മെക്കയിലേക്കു പോയ 290 യാത്രക്കാരും ആ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. ആ വലിയ യാത്രാവിമാനം തങ്ങൾ ഒരു എഫ് 16 പോർവിമാനം എന്ന് തെറ്റിദ്ധരിച്ചാണ് തങ്ങൾ വെടിവെച്ചിട്ടത് എന്നായിരുന്നു അമേരിക്കയുടെ തീർത്തും അവിശ്വസനീയമായ വിശദീകരണം. 

തൊണ്ണൂറുകളിൽ തുടർച്ചയായ ഉപരോധങ്ങൾ അമേരിക്ക ഇറാനുമേൽ ചുമത്തി. 1997 പുരോഗമനവാദിയായ മുഹമ്മദ് ഖതാമി പ്രസിഡന്റായപ്പോൾ അമേരിക്കൻ പ്രസിഡന്റ് ബന്ധങ്ങൾ മെച്ചപ്പെട്ടേക്കാം എന്നുള്ള പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ 2001 -ൽ വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടതോടെ വീണ്ടും ബന്ധങ്ങൾ വഷളായി. ഇക്കാലത്താണ് അന്താരാഷ്ട്ര പരിശോധകർ ഇറാനിൽ സമ്പുഷ്ട യുറേനിയം കണ്ടെത്തുന്നത്. തങ്ങൾ അത് ആയുധങ്ങൾക്കായല്ല, മറിച്ച് ഊർജോത്പാദനത്തിനായാണ് ഉപയോഗിക്കുന്നതെന്നായി ഇറാൻ. 2000 -ൽ അഹ്മദി നെജാദ് പ്രസിഡന്റായിട്ടും ഉപരോധങ്ങൾ തുടർന്നുപോയി. 2009 -ൽ ഒബാമ പ്രസിഡന്റായപ്പോൾ സൗഹൃദത്തിന് വീണ്ടും ശ്രമമുണ്ടായി. എന്നാൽ ആ ദിശയിലുള്ള ചർച്ചകളിൽ പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. 2015 -ൽ ആറ് ആണവ ശക്തികളുമായി ചേർന്നുകൊണ്ട് ആണവവിഷയത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നു. ആ ഉടമ്പടി ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഫോർ ആക്ഷൻ (JCPOA)എന്നറിയപ്പെടുന്നു.  2016 -ൽ ഇറാനെതിരെയുള്ള ഉപരോധങ്ങളിൽ അയവുണ്ടാകുന്നു. 2017-ൽ ഡോണൾഡ്‌ ട്രംപ് അധികാരത്തിൽ വരുന്നു. ഒരു വർഷത്തിനുള്ളിൽ ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങൾ നിലവിൽ വരുന്നു. 

2019 -ൽ അമേരിക്ക ഇറാനിയൻ റെവലൂഷനറി ഗാർഡ്‌സ് എന്ന സൈന്യത്തെ ഭീകരവാദസംഘടനയായി പ്രഖ്യാപിക്കുന്നു, ഒപ്പം ഖുദ്സിനെയും.  ഏറ്റവും ഒടുവിൽ ഇറാഖിലെ എംബസി അക്രമിക്കപ്പെട്ടതിനുള്ള പ്രത്യാക്രമണമായി ഖുദ്സ് ഫോഴ്‌സിന്റെ കമാണ്ടർ ആയ ജനറൽ കാസിം സൊലെമാനിയെ ലക്ഷ്യമിട്ടുള്ള ഒരു ഡ്രോൺ മിസൈൽ ആക്രമണത്തിലൂടെ അമേരിക്ക വധിക്കുന്നു. ഇനി അമേരിക്കയുടെ  ഈ കടന്നാക്രമണത്തിനുള്ള മറുപടിയായി, ഇറാന്റെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന നീക്കം എന്തായിരിക്കും എന്ന ആശങ്കയിലാണ് ഇന്ന് ലോകം. 

PREV
click me!

Recommended Stories

ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്
ഭർത്താവിന് 520 സ്തീകളുമായി ബന്ധം, സ്വന്തം കഥ 'കോമിക്കാ'ക്കി ഭാര്യ; യുവതിയുടെ പ്രതികാരം വൈറൽ