
പലതരം സംഭാവനകളും നമ്മള്‍ കാണാറുണ്ട്. അതില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരുണ്ട്. വിവിധ ദേവാലയങ്ങളിലേക്ക് സംഭാവന നല്‍കുന്നവരുമുണ്ട്. എന്നാല്‍, തന്‍റെ മുഴുവന്‍ സമ്പാദ്യവും ഒരു അമ്പലത്തിലേക്ക് നല്‍കുന്ന ആരെങ്കിലുമുണ്ടോ? തായ്‍ലന്‍ഡിലൊരാള്‍ അങ്ങനെ ചെയ്‍തിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് തന്‍റെ മുഴുവന്‍ സമ്പാദ്യവും അയാള്‍ സമീപത്തെ ക്ഷേത്രത്തിലേക്ക് നല്‍കി. സംഭാവന നല്‍കിയ ആളാകട്ടെ സ്വന്തമായി വീടുപോലുമില്ലാത്ത ഒരു യാചകനാണ്.
ലോപ്ബുരിയിലെ ഒരു ക്ഷേത്രത്തിലേക്കാണ് അയാള്‍ തന്‍റെ മുഴുവന്‍ സമ്പാദ്യവും നല്‍കിയിരിക്കുന്നതെന്ന് ഏഷ്യാ വണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്‍തത്. ടാ ടോയ് എന്നുള്ള അദ്ദേഹത്തിന്‍റെ പേര് മാത്രമല്ലാതെ ആളുടെ കുടുംബത്തെ കുറിച്ചോ മറ്റോ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. ക്രിസ്‍മസ് ദിവസമാണ് വിവിധ മാധ്യമങ്ങളില്‍ ടോ ടോയിയെ കുറിച്ച് വാര്‍ത്തകള്‍ വന്നത്. കൂടാതെ ഒരു ഫേസ്ബുക് പോസ്റ്റിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. RIP ടാ ടോയ് എന്ന് തുടങ്ങുന്ന പോസ്റ്റില്‍ അദ്ദേഹം ബാന്‍ മി -യിലുള്ള പ്രായമായ ആ മനുഷ്യന്‍ തന്‍റെ സമ്പാദ്യമെല്ലാം ക്ഷേത്രത്തിലേക്ക് നല്‍കിയിട്ടാണ് പോയതെന്നതിനാല്‍ അദ്ദേഹത്തിന് ഒരുപാട് ബന്ധുക്കളെ കിട്ടിയിരിക്കുന്നുവെന്നും താങ്കളുടെ മനസ് വളരെ വലിയതാണെന്നും എഴുതിയിരുന്നു.
പഴയ സാധനങ്ങളും മറ്റും പെറുക്കുകയും ചിലപ്പോഴെല്ലാം യാചിക്കുകയും ചെയ്യുന്ന ആളായിരുന്നു ടാ ടോയ് എന്നും പോസ്റ്റില്‍നിന്നും വ്യക്തമാണ്. 70,000 THB (ഏകദേശം 1,67,000 രൂപ) -യാണ് ടാ ടോയ് അമ്പലത്തിലേക്ക് നല്‍കിയിരിക്കുന്നത്. എല്ലാം നാണയങ്ങളാണ്. നിരവധിപ്പേരാണ് ടാ ടോയിയെ കുറിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിരവധി കമന്‍റുകളും പോസ്റ്റിന് വന്നു. മറ്റാരേക്കാളും നല്ല മനുഷ്യന്‍ തന്നെ എന്ന് മിക്കവരും കമന്‍റ് ചെയ്‍തു. ചിലരാകട്ടെ അടുത്ത ജന്മത്തില്‍ അദ്ദേഹം വലിയ പണക്കാരനായിത്തീരട്ടെ എന്നും കമന്‍റ് ചെയ്‍തിട്ടുണ്ട്.
വസ്ത്രം പോലും ധരിക്കാതെ യാചിക്കുന്ന ടാ ടോയിയുടെ ചിത്രങ്ങളും പോസ്റ്റില്‍ കാണാം. അതുപോലെത്തന്നെ ടാ ടോയ് നല്‍കിയ തുക ക്ഷേത്രത്തിലെ പുരോഹിതര്‍ എണ്ണുന്നതും ഫോട്ടോയില്‍ കാണാം. സ്വന്തമായി നല്ല ഭക്ഷണം കഴിക്കുകയോ, നല്ല ഒരു വസ്ത്രം ധരിക്കുകയോ ചെയ്യാതെ എന്തിനാവാം ഇദ്ദേഹം ഇങ്ങനെ ചെയ്‍തത് എന്ന് സംശയം സ്വാഭാവികമാണ്. എങ്കിലും ചില മനുഷ്യരെ കുറിച്ച് നമുക്ക് ഒന്നും പറയുക സാധ്യമല്ല.