ജനിതകരോഗമുള്ള കുഞ്ഞുങ്ങളുണ്ടാവാതിരിക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം; ഹിറ്റ്‍ലര്‍ ഭരണകാലത്തെ ക്രൂരതകളെ തുറന്നുകാട്ടുന്ന ചിത്രങ്ങള്‍

By Web TeamFirst Published Jan 6, 2020, 5:12 PM IST
Highlights

നാസി കാലഘട്ടത്തിന് മുമ്പും, ശേഷവുമുള്ള നിരവധി മെഡിക്കൽ ഫയലുകൾ പരിശോധിച്ച റോസ്‌കെ, ആ കാലത്തേ രോഗികൾക്ക് കലാപരമായ കഴിവുകളുണ്ടായി രുന്നുവെന്ന് പറയുന്നു. വിൽഹെമിന്റെ ഡ്രോയിംഗുകൾ എല്ലാം അദ്ദേഹത്തിന്റെ അസ്‍തിത്വത്തെ സൂചിപ്പിക്കുന്നു. 

ഒരു പുസ്‍തകത്തിന്‍റെ പുറകുവശത്ത് കോറിയിട്ട പെൻസിൽ ഡ്രോയിംഗുകളാണ് വിൽഹെം വെർണളാർ എന്ന ചിത്രകാരന്റെ ജീവിതത്തിൽ ആകെയുണ്ടായിരുന്ന സമ്പാദ്യം. ജർമ്മനിയിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് തനിക്ക് നേരിടേണ്ടിവന്ന നിർബന്ധിത വന്ധ്യംകരണത്തോടുള്ള അദ്ദേഹത്തിന്റെ കലാപരമായ പ്രതിഷേധമായിരുന്നു ആ ചിത്രങ്ങൾ. അദ്ദേഹം മരിച്ചിട്ടിപ്പോള്‍ ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോള്‍ ഒരുപാട് വേദനയും അപമാനവും ഒപ്പിയെടുത്ത ആ ചിത്രങ്ങൾ കലാലോകത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.  

ഒരു പാവകൂത്തിലെ ഭാഗങ്ങളെ പോലെ തോന്നിപ്പിക്കുന്ന ആ വരകൾ ചരിത്രത്തിലെതന്നെ ഏറ്റവും ഭയാനകമായ ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്നവയാണ്. ആവശ്യമില്ലാത്തതിനെ ഇല്ലാതാക്കാനുള്ള നാസികളുടെ തീരുമാനത്തിന്‍റെ ഭാഗമായി നടന്ന നിർബന്ധിത വന്ധ്യംകരണ പരിപാടിയിൽ ഏകദേശം 400,000 ആളുകളെയാണ് ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. അതിലൊരാളായിരുന്നു വിൽഹെം. മെയ് മുതൽ തെക്കൻ ജർമ്മനിയിലെ ഹൈഡൽ‌ബെർഗിലെ പ്രിൻ‌ഹോൺ ഗാലറിയിൽ ഇത് പ്രദർശനത്തിന് വയ്ക്കും.

“ഈ ഡ്രോയിംഗുകൾ ചരിത്രപരമായും കലാപരമായും വളരെയധികം വിലപ്പെട്ടതാണ്” പ്രിൻസ്ഹോർണിന്റെ കലാചരിത്രകാരനും ഡയറക്ടറുമായ തോമസ് റോസ്‌കെ പറഞ്ഞു. 1840 മുതൽ ആരംഭിച്ച മാനസികരോഗ സ്ഥാപനങ്ങളിലെ രോഗികളുടെ 6,000 -ത്തോളം വരുന്ന കൃതികളുടെ ശേഖരത്തിൽ വെർണറുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആ ചിത്രങ്ങളെല്ലാം പ്രിൻസ്ഹോർണിന്റെ ഉടമസ്ഥതയിലാണ്. അതിൽ പലതും നാസി ഭരണകാലത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ആ കാലഘട്ടത്തിലെ ചില എഴുത്തുകളും, പുസ്‍തകങ്ങളും ലഭ്യമാണെങ്കിലും ചിത്രങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. അതുകൊണ്ട് തന്നെ വിൽഹെമിന്റെ ചിത്രങ്ങൾ വിലമതിക്കാനാകാത്തതാണ്.

ആരോഗ്യവും, വൈകല്യങ്ങളും മൂലം കലാലോകത്ത് നിന്ന് വലിയതോതിൽ ഒഴിവാക്കപ്പെട്ട കലാകാരന്മാർക്ക് അവരുടെ കലയെ പ്രദർശിപ്പിക്കാനായി അവസരം നല്‍കുന്ന യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് 'ഔട്ട്സൈഡ് ഇൻ'. അതിന്റെ ഡയറക്ടറായ  മാർക്ക് സ്റ്റീൻ മൂന്ന് വർഷം മുൻപ് ഒരു ഗവേഷണത്തിനിടയിലാണ് വിൽഹെമിന്റെ കൃതികൾ ആദ്യമായി കാണാനിടയായത്. "വിൽഹെമിന്റെ വരകൾക്ക് ഭയങ്കര സ്വാഭാവികതയുണ്ട്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പുനരാവിഷ്ക്കരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്” മാർക്ക് പറഞ്ഞു.

നാസി കാലഘട്ടത്തിന് മുമ്പും, ശേഷവുമുള്ള നിരവധി മെഡിക്കൽ ഫയലുകൾ പരിശോധിച്ച റോസ്‌കെ, ആ കാലത്തേ രോഗികൾക്ക് കലാപരമായ കഴിവുകളുണ്ടായി രുന്നുവെന്ന് പറയുന്നു. വിൽഹെമിന്റെ ഡ്രോയിംഗുകൾ എല്ലാം അദ്ദേഹത്തിന്റെ അസ്‍തിത്വത്തെ സൂചിപ്പിക്കുന്നു. 1898 സെപ്റ്റംബർ 18 -ന് ജനിച്ച അദ്ദേഹം ഒരു തൊഴിൽരഹിതനും, അവിവാഹിതനും, കത്തോലിക്കനും കൂടാതെ ഒരു മാനസികത്തകരാറുള്ളയാളുമായിരുന്നു. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു രേഖകളും അവശേഷിക്കുന്നില്ല. അദ്ദേഹത്തിന്റെ ജനന സർട്ടിഫിക്കറ്റും, ഫോട്ടോയും,  മെഡിക്കൽ ഫയലും എല്ലാം നഷ്ടമായി. 1940 ഒക്ടോബർ 6 -ന്  പിർന സോനെൻസ്റ്റൈൻ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയപ്പോൾ ഉണ്ടായിരുന്ന ഒരു രജിസ്ട്രേഷൻ നമ്പർ HHSTAW Abt.631a, Nr 1645 മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. സ്ത്രീകൾ ഉൾപ്പെട്ട 143 പേരടങ്ങുന്ന ഒരു സംഘത്തിനോപ്പം 42 -ാം മത്തെ വയസ്സിലാണ് അദ്ദേഹം അഭയകേന്ദ്രത്തിലെത്തിയത്. എന്നാൽ, പിന്നീട്  “ആക്ഷൻ ടി 4” ഉന്മൂലന പരിപാടിയുടെ ഭാഗമായി നാസി ഭരണകൂടം അവരെ ഗ്യാസ് ചേമ്പറുകളിൽ തള്ളി കൊലപ്പെടുത്തുകയായിരുന്നു.

 

വിൽഹെമിനെക്കുറിച്ച് കൂടുതലറിയാനുള്ള റോസ്‌കെയുടെ ശ്രമങ്ങൾ അദ്ദേഹത്തെ വിൽഹെമിന്റെ നാട്ടിലേക്ക് കൊണ്ടുപോയി. അമ്മയോടൊപ്പം പാവപ്പെട്ട നിലയില്‍ ഒരു വീട്ടിൽ താമസിച്ചിരുന്ന വിൽഹെമിനു ഇളയ കുട്ടികളുമായി കളിയ്ക്കാൻ അനുവാദമില്ലായിരുന്നു. മാനസികത്തകരാറുള്ള അദ്ദേഹത്തെ എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നത് അവിടത്തെ താമസക്കാർ ഇപ്പോഴും ഓർക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വൈകല്യം വരകളിൽ ഒരിക്കലും പ്രതിഫലിച്ചിരുന്നില്ല എന്ന് റോസ്‌കെ പറഞ്ഞു.

ഡോക്ടർമാരും നഴ്‍സുമാരും തമ്മിലുള്ള കൂടിക്കാഴ്‍ച ഉൾപ്പെടെ ക്ലിനിക്കിലെ നിരവധി രംഗങ്ങളാണ് അദ്ദേഹത്തിന്റെ വരകളിലൂടെ കാണാൻ കഴിയുന്നത്. ഡോക്ടര്‍മാര്‍ രോഗികളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതും, ശസ്ത്രക്രിയ ചെയ്യുമ്പോൾ നഴ്സുമാർ പുകവലിക്കുന്നതും, കൈകളിൽ സ്വസ്‍തിക ബാൻഡുകൾ ധരിച്ചിരിക്കുന്നതും വരകളിൽ വ്യക്തമാണ്. കലാകാരനു രോഗികളോടുള്ള സഹതാപം വരകളിൽ വ്യക്തമായി കാണാമെങ്കിലും, ചിത്രങ്ങൾ പലപ്പോഴും അവ്യക്തമാണ്'' റോസ്‌കെ പറയുന്നു.

വന്ധ്യംകരണം അക്ഷരാർത്ഥത്തിൽ ഒരു വലിയ ദുരന്തമായിരുന്നുവെന്ന് വിൽഹെമിന്റെ ചിത്രങ്ങൾ പറയുന്നു. ജനിതക രോഗമുള്ള കുട്ടികളെ തടയുന്നതിനായി എന്ന് പറഞ്ഞാണ് വന്ധ്യംകരണം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും, ശസ്ത്രക്രിയ ക്രൂരമായ ഒരു ഉന്മൂലനാശനമായിട്ടാണ് വിൽഹെം കണ്ടിരുന്നത്. ചിത്രങ്ങളിലൂടെ അതിനെതിരെ പ്രതിഷേധിച്ച  അദ്ദേഹം നിലകൊണ്ടത് അദ്ദേഹത്തിന് വേണ്ടി മാത്രമായിരുന്നില്ല, അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് വേണ്ടി കൂടിയായിരുന്നു.


 

click me!