
പെൻസിൽവാനിയയിൽ നിന്നുള്ള ഈ സ്വവർഗദമ്പതികൾ(Gay dads) ആറ് സഹോദരങ്ങളെ ഒരുമിച്ച് ദത്തെടുത്തു. ഇതോടെ പരസ്പരം പിരിയാതെ ഒരുമിച്ച് കഴിയാമല്ലോ എന്ന സന്തോഷത്തിലാണ് ഈ സഹോദരങ്ങൾ. സ്വന്തം മാതാപിതാക്കളിൽ നിന്നും ക്രൂരമായ അവഗണനകൾക്കും പീഡനങ്ങൾക്കും ഒടുവിൽ ഫോസ്റ്റർ കെയർ സംവിധാനത്തിൽ കഴിയുകയായിരുന്ന കുട്ടികളെയാണ് ഇവർ ദത്തെടുത്തിരിക്കുന്നത്.
മിഷിഗനിലെ സ്റ്റീവ് ആൻഡേഴ്സൺ-മക്ലീനും റോബ് ആൻഡേഴ്സൺ-മക്ലീനുമാണ്(Steve Anderson-McLean and Rob Anderson-McLean) കുട്ടികളെ ദത്തെടുത്തി(adopt)രിക്കുന്നത്. സാധാരണയായി ഫോസ്റ്റർ കെയർ സംവിധാനത്തിൽ കഴിയുന്ന സഹോദരങ്ങൾ അവിടെ നിന്നും വിട്ട ശേഷം പരസ്പരം പിരിയാൻ നിർബന്ധിക്കപ്പെടാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് സ്റ്റീവും റോബും ഇവരെയെല്ലാവരേയും ദത്തെടുത്തത്. കാർലോസ്-14, ഗ്വാഡലൂപ്പ്-13, മരിയ-12, സെലീന-10, നാസ-9, മാക്സ്-7 എന്നിവരെയാണ് ദമ്പതികൾ ദത്തെടുത്തത്. 2019 മെയ് 23 -നായിരുന്നു സഹോദരങ്ങളെ ദത്തെടുത്തത്. 'അവസാനം എനിക്കൊരു കുടുംബമുണ്ടായിരിക്കുന്നു' എന്നാണ് കുട്ടികളിലൊരാൾ പറഞ്ഞത്.
18 വർഷമായി സ്റ്റീവും റോബും ഒരുമിച്ചുണ്ട്. 2006 -ൽ ഇരുവരും ഒരു കമ്മിറ്റ്മെന്റ് ചടങ്ങും നടത്തി. പിന്നീട് 2013 -ൽ മേരിലാൻഡിൽ വച്ച് ഇരുവരും വിവാഹിതരായി. ഈ ആറ് സഹോദരങ്ങളെയും ദത്തെടുക്കുന്നതിന് മുമ്പ് ദമ്പതികൾ പാർക്കർ- 25, നോഹ- 21 എന്നിങ്ങനെ രണ്ട് ആൺമക്കളെ ഒരുമിച്ച് വളർത്തിയിരുന്നു.
'ഈ കുഞ്ഞുങ്ങളെല്ലാം സ്വന്തം കുഞ്ഞുങ്ങളെപ്പോലെ തന്നെയാണ്' എന്ന് സ്റ്റീവ് പറയുന്നു. 'ആ കുഞ്ഞുങ്ങളുടെ കണ്ണുകൾ കണ്ടപ്പോൾ വികാരഭരിതനായിപ്പോയി. ആറ് കുട്ടികളെ വളർത്താൻ കഴിയുക -അങ്ങനെയൊരു ഭാഗ്യമുണ്ടാകും എന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല' എന്നും അദ്ദേഹം പറയുന്നു. വെഡ്ഡിംഗ് പ്ലാനറായിരുന്ന സ്റ്റീവ് ആ ജോലി ഉപേക്ഷിച്ച് കുട്ടികളെ നോക്കാനായി മുഴുവൻ സമയവും വീട്ടിൽ തുടരുകയാണ്. അതേസമയം, നോർഫോക്ക് സതേൺ റെയിൽവേയിലെ എഞ്ചിനീയറാണ് റോബ്.
'ഞങ്ങൾക്കിടയിലെ ഈ വൈകാരിക ബന്ധം രൂപപ്പെട്ടിട്ട് വർഷങ്ങളായി എന്ന് തോന്നുന്നു. ഒരു കുടുംബമായി ജീവിക്കുന്നതിനും പങ്കിടുന്ന സ്നേഹത്തിനും പ്രത്യേകം നിയമങ്ങളൊന്നുമില്ല' എന്ന് റോബ് കൂട്ടിച്ചേർത്തു. ഏതായാലും ഒരു വീട്ടിൽ തന്നെ എക്കാലവും സഹോദരങ്ങളായി കഴിയാനായതിന്റെ സന്തോഷത്തിലാണ് ആറ് സഹോദരങ്ങളും.