
റെയിൽവേ ട്രാക്കിൽ ഭീമൻ ആമയെ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ നിർത്തേണ്ടി വന്നു. കേംബ്രിഡ്ജ് അതിർത്തിയിൽ ഹാർലിംഗ് റോഡിന് സമീപത്താണത്രെ പരിക്കേറ്റ നിലയിൽ ഈ ആമയെ കണ്ടെത്തിയത്. ആമയെ കണ്ടെത്തിയത് മൂന്ന് സർവീസുകളെയാണ് ബാധിച്ചത്.
ഈസ്റ്റ് ഹാർലിംഗിലെ സ്വലോ അക്വാറ്റിക്സിൽ നിന്നും കാണാതായ ക്ലൈഡ് എന്ന ആമയാണിത്. ഞായറാഴ്ചയാണ് ഇതിനെ കാണാതായത്. ട്രെയിനിടിച്ചതിനാൽ അതിനെ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. കൂട്ടിയിടിയെത്തുടർന്ന് 2.5 അടി (76 സെന്റീമീറ്റർ) നീളമുള്ള ആമയുടെ തോടിൽ ഒരു ദ്വാരമുണ്ടായതായി പെറ്റ് ഷോപ്പുകാർ പറയുന്നു.
അതുവഴി കടന്നുപോയ ട്രെയിനിലുണ്ടായിരുന്ന ഡയാൻ അക്കേഴ്സ് എന്ന സ്ത്രീ ആമയുടെ ചിത്രം പകർത്തി. അവരുടെ ട്രെയിനും ആമയെ കണ്ടതിനെ തുടർന്ന് നിർത്തിയിട്ടവയിൽ പെടുന്നു. ട്രാക്കിന്റെ ഒരു വലിയ ഭാഗം നിറഞ്ഞാണ് ആമ ഉണ്ടായിരുന്നത് എന്നും അത് വളരെ വലുതായിരുന്നു എന്നും ഡയാൻ പറഞ്ഞു.
അവർ അത് ട്വീറ്റ് ചെയ്യുകയും അധികൃതരെ മെൻഷൻ ചെയ്യുകയും ചെയ്തു. എന്നാൽ, ട്വീറ്റ് ശ്രദ്ധയിൽ പെട്ടോ എന്നറിയാത്തതു കൊണ്ട് അവർ നോർവിച്ച് സ്റ്റേഷനിൽ പോയി സ്റ്റാഫിനോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ, താനെന്തോ ഭ്രാന്ത് പറയുകയാണ് എന്ന തരത്തിലാണ് സ്റ്റേഷനിലുള്ള ജീവനക്കാർ പ്രതികരിച്ചത്. എന്നാൽ, ആ സമയത്ത് ഒരു പൊലീസുദ്യോഗസ്ഥൻ വരികയും തന്റെ ട്വീറ്റ് കണ്ടിരുന്നു എന്ന് പറയുകയുമായിരുന്നു എന്ന് ഡയാൻ പറയുന്നു.
നിരവധിപ്പേർ ആ സമയം ട്രെയിനിലുണ്ടായിരുന്നു. പിന്നിട് അധികൃതർ യാത്രയിൽ തടസം നേരിട്ടതിന് ട്രെയിനിൽ യാത്ര ചെയ്തിരുന്ന ആളുകളോട് ക്ഷമ ചോദിക്കുകയും ചെയ്തു. ആമയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയും ലഭ്യമാക്കി.