
അതിമനോഹരമായ ചില വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ ഹൃദയം കവരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തിലേക്ക് അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു പെൺകുഞ്ഞ് വന്നതിന്റെ ആഹ്ലാദമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് dr.chahatrawal എന്ന യൂസറാണ്. ദില്ലിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. നിറയെ ബലൂണുകളും മറ്റുമായി അലങ്കരിച്ചിരിക്കുന്ന ഒരു കാറാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. 56 വർഷങ്ങൾക്ക് ശേഷം ആ കുടുംബത്തിലുണ്ടായ ഒരു പെൺകുഞ്ഞിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
കുറച്ച് കഴിയുമ്പോൾ പിങ്ക് നിറത്തിലുള്ള ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഒരു വീടാണ് കാണുന്നത്. നിറയെ പൂക്കളും മറ്റും വച്ചും വീട് അലങ്കരിച്ചിട്ടുണ്ട്. കുഞ്ഞുമായി എത്തുന്ന വഴികളെല്ലാം പൂക്കളിട്ടിരിക്കുന്നതും അലങ്കരിച്ചിരിക്കുന്നതും കാണാം. പിന്നീട്, അമ്മയും അച്ഛനും കുഞ്ഞുമായി അകത്തേക്ക് കയറുന്നതാണ് കാണുന്നത്.
‘ഞങ്ങളുടെ കുടുംബത്തിൽ 56 വർഷങ്ങൾക്ക് ശേഷം ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു’ എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നതും കാണാം. മനസ് നിറയുന്ന ഒരു രംഗമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല. വളരെ പെട്ടെന്നാണ് ആളുകൾ വീഡിയോ കണ്ടതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും.
‘ഈ കുഞ്ഞിനെ ഒരു രാജകുമാരിയെ പോലെയായിരിക്കും കാണുക’ എന്നാണ് ചിലരെല്ലാം കമന്റ് നൽകിയിരിക്കുന്നത്. ‘ഈ കുഞ്ഞുാമയി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും തീരുമാനമെടുക്കാൻ അവളുടെ മാതാപിതാക്കളെ തന്നെ അനുവദിക്കണമെന്ന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. മറ്റുള്ളവരുടെ ഇടപെടൽ ഒഴിവാക്കണം’ എന്നാണ് ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്.