
ചൈന(China)യിലെ ഒരു സ്ത്രീ തന്റെ കാണാതായ കാമുകനുവേണ്ടി ഫേസ്ബുക്കിൽ ഒരു പരസ്യം ചെയ്തു. എന്നാൽ കാമുകനെ അവൾക്ക് കണ്ടെത്താനായത് അയാളുടെ ഭാര്യയോടും മക്കളോടും കൂടിയാണ്. കാമുകിയുടെ അടുത്ത് നിന്ന് മുങ്ങിയ കാമുകൻ നോർവിച്ചിലെ സ്വന്തം വീട്ടിലേക്കായിരുന്നു മടങ്ങിയെത്തിയത്. സത്യമറിഞ്ഞ കാമുകി തകർന്നു പോയി. അവരുടെ കഥ ഓൺലൈനിൽ വലിയ ശ്രദ്ധ നേടി.
ഏപ്രിലിൽ യുകെയിലേയ്ക്ക് ഒരു യാത്ര പോയതാണ് റേച്ചൽ വാട്ടേഴ്‌സി(Rachel Waters)ന്റെ കാമുകൻ പോൾ മക്‌ഗീ. ഒന്ന് നാട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോയ കാമുകനെ ആറാഴ്ച കഴിഞ്ഞിട്ടും കാണാതായതോടെ റേച്ചൽ ഭയന്നു. പോളിന് എന്തെങ്കിലും അപകടം സംഭവിച്ചുകാണുമോ എന്നവൾ ആശങ്കപ്പെട്ടു. നോർവിച്ചിലായിരുന്നു അയാളുടെ വീട്. ഒടുവിൽ തന്റെ കാമുകനെ കാണ്മാനില്ലെന്ന് പറഞ്ഞ് ഒരു നോർവിച്ച് കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പിൽ അവൾ ഒരു പോസ്റ്റിട്ടു. ചൈനയിൽ വച്ചെടുത്ത അവരുടെ ഒരു ചിത്രവും അവൾ അതിൽ പങ്കുവച്ചു. അവനെ കുറിച്ച് ആർക്കെങ്കിലും, എന്തെങ്കിലും അറിയാൻ സാധിച്ചാൽ തന്നെ അറിയിക്കണമെന്ന് അവൾ അതിൽ പറഞ്ഞു. കാമുകൻ തിരിച്ച് വരുന്നതും കാത്ത് കഴിഞ്ഞ അവളെ തേടി എത്തിയത് എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വർത്തയായിരുന്നു. പരസ്യം കണ്ട പോളിന്റെ ഒരു പരിചയക്കാരൻ അയാൾക്ക് യുകെയിൽ വേറെ ഭാര്യയും, കുട്ടിയുമുണ്ട് എന്ന സത്യം അവളെ അറിയിച്ചു. റേച്ചലിന് 26 വയസ്സും, പോളിന് 40 വയസ്സുമാണ് പ്രായം.
കൊവിഡ് മഹാമാരി ആരംഭിച്ച സമയത്ത് പോൾ ചൈനയിലെ ഷെൻഷെനിൽ ജോലി ചെയ്യുകയായിരുന്നു. യു എസിലെ സൗത്ത് കരോലിനയിൽ നിന്നുള്ള റേച്ചൽ ബ്രിട്ടനിലെ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയുമായിരുന്നു. 2019 -ലാണ് റേച്ചൽ ചൈനയിലെത്തുന്നത്. അവിടെ വച്ച് കണ്ടുമുട്ടിയ അവർ പെട്ടെന്ന് തന്നെ അടുത്തു. എന്നാൽ ആ സമയം പോൾ തന്റെ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നുവെന്ന സത്യം റേച്ചലിനെ അറിയിച്ചില്ല. അവർ ഇരുവരും ഒന്നിച്ച് കഴിഞ്ഞു. ഒടുവിൽ ലോക്ക് ഡൗൺ മാറി, നിയന്ത്രണങ്ങൾ നീങ്ങിയപ്പോൾ അയാൾ തിരിച്ച് അയാളുടെ നാട്ടിലേയ്ക്ക് മടങ്ങി. യുകെയിൽ തിരികെ എത്തിയ അയാൾ ഭാര്യയുമായി വീണ്ടും ഒന്നിക്കുകയും, അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെയാണ് റേച്ചൽ ഫേസ്‌ബുക്കിൽ ചിത്രങ്ങളും, പോസ്റ്റുമിട്ടത്. ഒടുവിൽ സത്യാവസ്ഥ തിരിച്ചറിഞ്ഞപ്പോൾ അവൾ ആ പോസ്റ്റ് ഉടൻ പിൻവലിച്ചു. താൻ ആർക്കുവേണ്ടിയാണോ ഇത്രയധികം വിഷമിക്കുന്നത് ആ വ്യക്തി തന്നെ ചതിക്കുകയാണെന്ന് അവൾക്ക് വിശ്വസിക്കാനായില്ല.
ഒരു പ്രൊഫഷണൽ വോളിബോൾ കളിക്കാരിയായ, റേച്ചലിന് സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട്. അതിൽ തന്റെ പരാജയപ്പെട്ട ഡേറ്റിംഗിന്റെ അനുഭവങ്ങൾ അവൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇത് അവളെ പാടെ തകർത്തു കളഞ്ഞു. ഓൺലൈനിൽ അവളുടെ കഥ വായിച്ച പലരും അവളോട് സഹതാപം പ്രകടിപ്പിച്ചു.