
മനുഷ്യനും കുതിരയും തമ്മിലുള്ള അതികഠിനമായ ഓട്ടമത്സരം (Man v Horse race). ആര് ജയിക്കും? സ്വാഭാവികമായും കുതിര തന്നെ ജയിക്കും അല്ലേ? എന്നാൽ, വളരെ വർഷങ്ങൾക്കു ശേഷം ഒരു മനുഷ്യൻ ഈ വാശിയേറിയ മത്സരത്തിൽ വിജയിച്ചിരിക്കയാണ്. ട്രയൽ റണ്ണറായ റിക്കി ലൈറ്റ്‌ഫൂട്ടാണ് (Ricky Lightfoot) പോവിസിലെ ലാൻവർട്ടിഡ് വെൽസില്‍ നടന്മ ത്സരത്തിൽ വിജയിച്ചിരിക്കുന്നത്. 1980 -ൽ മത്സരം ആരംഭിച്ച ശേഷം ആകെ മൂന്ന് തവണ മാത്രമാണ് മനുഷ്യർ അതിൽ വിജയിക്കുന്നത്. അതിൽ മൂന്നാമത്തെയാളാണ് റിക്കി.
അവസാനനിമിഷം വരെയും താൻ വിജയിച്ചോ എന്ന് റിക്കിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. 1000 മനുഷ്യരും 50 കുതിരകളും പങ്കെടുത്ത ഓട്ടമത്സരത്തിൽ താൻ വിജയിച്ചു എന്ന് അവസാനം ചുറ്റിലുമുള്ള മനുഷ്യർ പറഞ്ഞപ്പോഴാണ് റിക്കി അറിയുന്നത്. 2:22:23 ആണ് റിക്കി മത്സരത്തിനെടുത്ത സമയം.
36 കിലോമീറ്ററാണ് മത്സരത്തിൽ റിക്കി താണ്ടിയത്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ടാമതെത്തിയ കുതിരയെ ഈ 37 -കാരൻ തോൽപ്പിച്ചത്. മൂന്ന് ലക്ഷത്തിലധികം രൂപയാണ് മത്സരവിജയിക്കുള്ള സമ്മാനം. മത്സരത്തിൽ പങ്കെടുത്തതും കുതിരയെ തോൽപ്പിച്ചതും വലിയ കാര്യം തന്നെയാണ് എന്ന് റിക്കി പറയുന്നു. പങ്കാളിയെ വിളിച്ച് താൻ ഒരു കുതിരയെ ഓടിത്തോൽപ്പിച്ചു എന്ന് പറഞ്ഞപ്പോൾ അവൾ തിരിച്ച് ചോദിച്ചത് നിങ്ങൾ തമാശ പറയുകയാണോ എന്നാണ്. അല്ല സത്യമാണ് എന്ന് പറഞ്ഞപ്പോൾ അവൾ ദൈവത്തെ വിളിച്ചു പോയി എന്നും റിക്കി പറയുന്നു.
അഗ്നിരക്ഷാസേനാംഗം കൂടിയാണ് റിക്കി. അടുത്തതായി ഗ്രാൻഡ് നാഷണലിൽ പങ്കെടുക്കണമെന്നും വിജയിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ജീവിതത്തിൽ ഇന്നേവരെ താനൊരു കുതിരപ്പുറത്ത് കയറിയിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
മത്സരത്തിൽ 2004 -ലും പിന്നെ 2007 -ലുമാണ് ഒരു മനുഷ്യൻ ജയിച്ചത്. അതിന് ശേഷം ഇപ്പോഴാണ് ഒരാൾ കുതിരകളെ തോൽപ്പിച്ച് ഒന്നാമതെത്തുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കൊവിഡിനെ തുടർന്ന് മത്സരം ഉണ്ടായിരുന്നില്ല. റോഡിലൂടെയാണ് മത്സരാർത്ഥികൾ ഓടിത്തുടങ്ങുന്നത് എങ്കിലും വനപാതകളും മറ്റും കടന്നുവേണം ലക്ഷ്യത്തിലെത്താൻ.
(ചിത്രം: Ellenborough AC/Facebook)