വേട്ടക്കാരിൽ നിന്നും കാവല്‍ക്കാരിലേക്ക്, ഒരു ​ഗ്രാമം പക്ഷികളെ സംരക്ഷിക്കാൻ ഇറങ്ങിയ കഥ!

By Web TeamFirst Published Apr 9, 2021, 3:33 PM IST
Highlights

വനം വകുപ്പ് ഇതിനെതിരെ പ്രവര്‍ത്തിച്ചു എങ്കിലും സ്ഥിതി അത്രയൊന്നും മെച്ചപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പക്ഷികള്‍ ഇല്ലാതായിത്തുടങ്ങി. 

ഭുവനേശ്വറില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയാണ് മംഗളജോഡി ഗ്രാമത്തിലേക്ക്. ശുദ്ധജല തണ്ണീർത്തടമായ ചിലിക്ക തടാകത്തോട് ചേർന്നാണ് ഇത്. മംഗളജോഡിയുടെ മുഴുവൻ ഭാഗത്തോടൊപ്പം തന്നെ 132 ഗ്രാമങ്ങളിൽ നിന്നുള്ള 1,50,000 -ലധികം ആളുകള്‍ക്ക് വെള്ളമെത്തിക്കുന്നതില്‍ സഹായകമാകുന്നത് ഈ തടാകമാണ്. ദേശാടനപക്ഷികളടക്കം ഇരുന്നൂറ്റിമുപ്പതോളം ഇനം പക്ഷികളെ ഇവിടെ കാണാം. അതിനാല്‍ തന്നെ അവയെ കാണാനും പഠിക്കാനും മനസിലാക്കാനുമായിട്ടൊക്കെ എത്തുന്നവരും ധാരാളമുണ്ട്. സൈബീരിയ, കാസ്പിയൻ കടൽ, അരൽ കടൽ, ബൈക്കൽ തടാകം, മധ്യ തെക്കുകിഴക്കൻ ഏഷ്യ, മംഗോളിയ, റഷ്യ, ഹിമാലയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പക്ഷികൾ ആയിരക്കണക്കിന് കിലോമീറ്റർ പറന്നെത്തുകയും ശിശിരകാലത്ത് ഈ പ്രദേശം അവയുടെ താമസസ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു. 

എന്നാല്‍, പ്രദേശത്തുള്ളവര്‍ക്ക് ഈ ആവാസവ്യവസ്ഥയുടെ പ്രാധാന്യം വേണ്ടത്ര മനസിലായിരുന്നില്ല. അവര്‍ കൃഷിയും മീന്‍പിടിത്തവും ഒക്കെ ആയിട്ടായിരുന്നു ജീവിച്ചത്. കൂടാതെ, ഇവിടേക്ക് എത്തുന്ന പക്ഷികളെ വേട്ടയാടുകയും വിപണിയിലെത്തിക്കുകയും കൂടി ചെയ്‍തുപോന്നു അവര്‍. എന്നാല്‍, കാലം കഴിഞ്ഞപ്പോള്‍ ഇങ്ങനെ പക്ഷികളെ വേട്ടയാടിയിരുന്ന സമൂഹം തന്നെ അവയെ സംരക്ഷിക്കാനായി ഇറങ്ങി. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു എങ്കിലും അത് സത്യമാണ്. 

ഇതിന് തുടക്കം കുറിക്കുന്നത് നന്ദകിഷോര്‍ ഭുജപാല്‍ എന്നയാളാണ്. നിരന്തരം ഗ്രാമവാസികളോട് ഇടപെടുകയും സംസാരിക്കുകയും ചെയ്‍തതിന്‍റെ ഫലമായിട്ടാണ് ഇങ്ങനെ സംഭവിച്ചത്. നേരത്തെ പക്ഷികളെ വേട്ടയാടുന്ന ഒരാളായിരുന്നു നന്ദ കിഷോറും. എന്നാല്‍, വളരെ വേഗം തന്നെ അതിന്‍റെ അപകടത്തെ കുറിച്ച് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെയാണ് മറ്റുള്ളവരെ കൂടി മാറ്റിമറിക്കുന്നതിനായി അദ്ദേഹം പരിശ്രമിച്ചു തുടങ്ങിയത്. നിലവില്‍, നേരത്തെ പക്ഷികളെ വേട്ടയാടിയിരുന്ന 25 പേര്‍ ഇങ്ങനെ പക്ഷികളെ സംരക്ഷിക്കുന്നതിനായും ടൂറിസ്റ്റ് ഗൈഡുകളായും പ്രവര്‍ത്തിക്കുന്നു. 

75 -കാരനായ നന്ദ കിഷോര്‍ പറയുന്നത് വളരെ ചെറുപ്പത്തില്‍ തന്നെ താനും പക്ഷികളെ വേട്ടയാടി തുടങ്ങിയിരുന്നു എന്നാണ്. നാട്ടില്‍ അതൊരു സ്ഥിരം കാഴ്ചയായിരുന്നു. അതിലെന്തെങ്കിലും തരത്തിലുള്ള തെറ്റ് ഉണ്ടായിരുന്നു എന്നും ആര്‍ക്കും തോന്നുകയും ഉണ്ടായില്ല. ഒറ്റ വേട്ടയില്‍ തന്നെ 2000 മുതല്‍ 3000 രൂപ വരെ കിട്ടിയിരുന്നു. അതുപോലെ തന്നെ പക്ഷികള്‍ക്കായി വിഷം വയ്ക്കുന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു. രാവിലേക്ക് പലപ്പോഴും പക്ഷികള്‍ ചത്തുകിടന്നു. 

വനം വകുപ്പ് ഇതിനെതിരെ പ്രവര്‍ത്തിച്ചു എങ്കിലും സ്ഥിതി അത്രയൊന്നും മെച്ചപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പക്ഷികള്‍ ഇല്ലാതായിത്തുടങ്ങി. സസ്യങ്ങളും മറ്റ് ജീവജാലങ്ങളും ഇല്ലാതായി. അങ്ങനെയാണ് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും പക്ഷികളുടെ പ്രാധാന്യത്തെ കുറിച്ചും എല്ലാം നന്ദ കിഷോറിനും ബോധ്യപ്പെടുന്നത്. അങ്ങനെ, 1996 -ല്‍ അദ്ദേഹം പക്ഷികളെ വേട്ടയാടുന്നത് ഉപേക്ഷിച്ചു. അതിനെ കുറിച്ച് നാട്ടുകാരോടും സംസാരിച്ചു തുടങ്ങി. അങ്ങനെയാണ് നന്ദ കിഷോര്‍, 'ശ്രീ ശ്രീ മഹാവീര്‍ സുരക്ഷാ സമിതി' എന്ന എന്‍ജിഒ സ്ഥാപിക്കുന്നത്. ഗ്രാമവാസികള്‍ക്കിടയില്‍ പക്ഷികളെ സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഒപ്പം തന്നെ ഈ മേഖലയിലെ ഗവേഷകരുമായും അദ്ദേഹം സംവദിച്ചു.

അതോടൊപ്പം പക്ഷികളെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ് എന്നും അര്‍ഹമായ ശിക്ഷ തേടിയെത്തുമെന്നുമുള്ള ഭയവും നാട്ടുകാരില്‍ ഉണ്ടാക്കി. വനം വകുപ്പിനൊപ്പം ചേര്‍ന്ന് ഫോറസ്റ്റ് ഗാര്‍ഡായി പ്രവര്‍ത്തിക്കാനും തുടങ്ങി നന്ദ കിഷോര്‍. പതിയെ നാട്ടുകാരും ആ വഴി തന്നെ വന്നു. 2002 -ല്‍ കുറച്ച് ഗ്രാമീണരെ കൊണ്ട് നന്ദ കിഷോര്‍, ദേവതയായ കാളിജായിയുടെ പേരില്‍ ഇനിമേലില്‍ വേട്ടയാടില്ലെന്ന് സത്യം ചെയ്യിച്ചു. ആ സത്യം ലംഘിക്കുന്നത് തനിക്കും നാടിനും അപകടം വരുത്തും എന്ന് വിശ്വസിച്ചു പോന്നിരുന്നു. അങ്ങനെ പക്ഷികള്‍ തിരികെയെത്തിത്തുടങ്ങി. നേരത്തെ വേട്ടക്കാരെ ഭയന്ന് അകന്നാണ് അവ നിന്നിരുന്നതെങ്കില്‍ നാട്ടുകാരുടെ അടുത്തേക്ക് തന്നെ അവ പറന്നെത്തി തുടങ്ങി. 2005 -ല്‍ വിനോദസഞ്ചാരികള്‍ ദേശാടനക്കിളികളെ കാണാന്‍ അവിടെ എത്തി തുടങ്ങി. എക്കോ ടൂറിസത്തില്‍ നിന്നും അങ്ങനെ അന്നുമുതല്‍ വരുമാനമുണ്ട്. 

ചിലപ്പോള്‍ 50,000 വരെ ഇതില്‍ നിന്നും കിട്ടും. അത് എല്ലാവരും വീതിച്ച് എടുക്കും. ഗ്രാമവാസികള്‍ ടൂറിസ്റ്റ് ഗൈഡുകളായും ഗവേഷകര്‍ക്ക് സഹായികളായുമെല്ലാം പ്രവര്‍ത്തിക്കുന്നു. നേരത്തെ വേട്ടക്കാരായിരുന്ന 25 പേരടക്കം 40 ഗ്രാമവാസികള്‍ ഇതില്‍ പങ്കെടുക്കുന്നു. നേരത്തെ പക്ഷികളെ കൊന്നിട്ടാണ് പണം കിട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അവയെ സംരക്ഷിച്ചു കൊണ്ട് ജീവിക്കാനുള്ളത് കണ്ടെത്താന്‍ അവയ്ക്ക് കഴിയുന്നു. ഇന്ന് പണം കിട്ടിയില്ലെങ്കിലും ഇക്കോ ടൂറിസം ഇല്ലെങ്കിലും പക്ഷികളെ സംരക്ഷിക്കാന്‍ തങ്ങള്‍ ഒരുക്കമാണ് എന്ന് നന്ദ കിഷോറും നാട്ടുകാരും പറയുന്നു. 

(ചിത്രങ്ങൾ മം​ഗളജോഡി പക്ഷി സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഉള്ളത്. കടപ്പാട്: ​ഗെറ്റി ഇമേജസ്)

click me!