കഴിഞ്ഞ നാല് വർഷങ്ങളായി തനിച്ച് ഒരു കപ്പലിൽ കടലിൽ കഴിയാൻ വിധിക്കപ്പെട്ട ഒരാൾ!

By Web TeamFirst Published Apr 9, 2021, 12:55 PM IST
Highlights

മുഹമ്മദിന് വൈദ്യചികിത്സ ലഭിക്കുന്നതിനൊപ്പം, ഹോട്ടലിലെ താമസത്തിനും ഫ്ലൈറ്റിനും ആവശ്യമായ പണം നൽകാമെന്ന് ഐടിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

കുറച്ചുകാലമായി നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഈജിപ്തിലെ സൂയസ് കനാൽ. ഇവിടെ ഒരു വലിയ ചരക്ക് കപ്പൽ കുടുങ്ങുകയും, നൂറുകണക്കിന് മറ്റ് കപ്പലുകൾക്ക് തടസ്സമുണ്ടാകുകയും ചെയ്തിട്ട് അധികമായില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ സാധാരണ ഗതിയിലായെങ്കിലും, കഴിഞ്ഞ നാല് വർഷമായി ഒരാൾ ഒരിടത്തും പോകാൻ കഴിയാതെ അതേ കനാലിൽ തന്റെ കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. സിറിയൻ പൗരനായ മുഹമ്മദ് ഐഷ ആണത്.

നാല് വർഷം പഴക്കമുള്ള ചരക്ക് കപ്പലിലാണ് മുഹമ്മദ് കുടുങ്ങിക്കിടക്കുന്നത്. എംവി അമാൻ എന്ന കപ്പലിന്റെ ചീഫ് ഓഫീസർ മുഹമ്മദ് ഐഷ 2017 മുതൽ ഇങ്ങനെയാണ്. ചിലപ്പോൾ നീന്തി കരയിലെത്തുന്നുണ്ടെങ്കിലും, അത് കരയിൽ താമസിക്കാനല്ല, മറിച്ച് ഭക്ഷണവും വെള്ളവും ശേഖരിക്കാനാണ്. ചളിയും ചരക്കുകളും നിറഞ്ഞ കപ്പലിൽ കുടുങ്ങിയ അദ്ദേഹം സഹായത്തിനായി അപേക്ഷിക്കുകയാണ്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഈ കപ്പലിൽ തന്നെ തുടരാൻ താൻ നിർബന്ധിതനാണെന്ന് അദ്ദേഹം പറയുന്നു. അവിടെ കഴിയുന്ന ഓരോ ദിവസവും അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞതാണ്. രാത്രിയിൽ കപ്പൽ ഒരു ശ്മശാന ഭൂമി പോലെയാകും. ഒരു ശബ്ദവും ഇല്ലാതെ, പ്രകാശവും ഇല്ലാതെ തീർത്തും ഒരു വിജനമായ സ്ഥലം.  

ഇത് നാലാം വർഷമാണ് ഈ ഫ്ലോട്ടിംഗ് ജയിലിൽ അദ്ദേഹം കുടുങ്ങി കിടക്കുന്നത്. അതും തനിച്ച്. പൂർണമായും ഒറ്റപ്പെട്ടു കഴിയുന്ന  അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. തന്റെ ജീവൻ പണയപ്പെടുത്തിയാണ് ഓരോ പ്രാവശ്യവും ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾക്കായി അദ്ദേഹം കരയിലേക്ക് നീന്തുന്നത്. സുരക്ഷാ ഉപകരണങ്ങളിലും രേഖകളിലും ഉണ്ടായ പ്രശ്‌നത്തെ തുടർന്ന് മുഹമ്മദിന്റെ കപ്പൽ പിടിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹം ഒരു നാവികനാണ്. ഈജിപ്ഷ്യൻ കോടതി മുഹമ്മദിനെ കപ്പലിന്റെ നിയമപരമായ രക്ഷാധികാരിയായി പ്രഖ്യാപിച്ചു. എന്നാൽ, എന്താണ് അതിൽ പറയുന്നത് എന്ന് മനസിലാവാതെയാണ് താനത് ഒപ്പിട്ട് നൽകിയത് എന്ന് മുഹമ്മദ് പറയുന്നു. ഏതായാലും, അതിനുശേഷം അയാൾ ഇവിടെ കുടുങ്ങികിടക്കുകയാണ്. 

ഇനി കപ്പൽ അവിടെ നിന്ന് കൊണ്ടുപോയെങ്കിലേ അയാൾക്ക് കപ്പൽ വിട്ട് പോകാൻ സാധിക്കൂ. ഇയാളുടെ പാസ്‌പോർട്ടും കണ്ടുകെട്ടിയിട്ടുണ്ട്. പലതവണ സഹായം ആവശ്യപ്പെട്ടിട്ടും, ആരും തനിക്ക് ശുദ്ധജലമോ ആവശ്യസാധനങ്ങളോ ഡീസൽ ഓയിലോ നൽകിയില്ല എന്നദ്ദേഹം പറഞ്ഞു. അത് കാരണം ഓരോ പ്രാവശ്യവും ഭക്ഷണത്തിനും വെള്ളത്തിനും ഫോൺ ചാർജ് ചെയ്യുന്നതിനുമായി കരയിലേക്ക് നീന്തേണ്ടി വരുന്നു. ഇപ്പോൾ ഈ ദിവസങ്ങളിൽ, തണുപ്പും മോശം ആരോഗ്യവും കാരണം കരയിൽ എത്തുന്നത് തന്നെ വളരെ പ്രയാസപ്പെട്ടിട്ടാണ്. പലതവണ അദ്ദേഹം മുങ്ങിമരിക്കാൻ പോയിട്ടുണ്ട്.    

ഒരു തരത്തിൽ പറഞ്ഞാൽ ഇത് ജയിലിനേക്കാൾ മോശമാണ്. ഈജിപ്ഷ്യൻ തുറമുഖ അധികാരികൾക്ക് മാത്രമേ അദ്ദേഹത്തെ മോചിപ്പിക്കാൻ കഴിയൂ. സിറിയയിലേക്ക് മുഹമ്മദിനെ അയക്കാൻ അവർക്ക് നിരവധി പ്രായോഗിക മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ, ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പകരം, ഈജിപ്ഷ്യൻ തുറമുഖ അധികൃതർ അദ്ദേഹത്തിന്റെ വേദനാജനകവുമായ അവസ്ഥയെക്കുറിച്ച് വിവരിക്കുന്ന International Transport Workers' Federation (ഐടിഎഫ്) -ന്റെ അടിയന്തിര ഇമെയിലുകൾക്ക് ഉത്തരം നൽകുന്നില്ല. ബാക്കി ജോലിക്കാർ കഴിഞ്ഞ ഒക്ടോബറിൽ വീടുകളിലേയ്ക്ക് മടങ്ങി. അതിനുശേഷം, മുഹമ്മദ് ഒറ്റയ്ക്കാണ്. അദ്ദേഹത്തെ പരിശോധിച്ച ഒരു ഡോക്ടർ മോശം അവസ്ഥയിൽ തടവിലാക്കപ്പെട്ട ഒരാളുടെ എല്ലാ ലക്ഷണങ്ങളും അദ്ദേഹം അനുഭവിക്കുന്നതായി കണ്ടെത്തി. പോഷകാഹാരക്കുറവ്, വിളർച്ച, കാലുകളിൽ വേദന എന്നിവ കൂടാതെ മാനസിക അസ്വാസ്ഥ്യവും അദ്ദേഹം പ്രകടിപ്പിക്കുന്നു. “ഞാൻ പലതവണ സ്വദേശത്തേക്ക് പോകട്ടെയെന്ന് അഭ്യർത്ഥിച്ചു. എന്നാൽ തുറമുഖ അധികൃതർ എന്നെ പോകാൻ അനുവദിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.  

മുഹമ്മദിന് വൈദ്യചികിത്സ ലഭിക്കുന്നതിനൊപ്പം, ഹോട്ടലിലെ താമസത്തിനും ഫ്ലൈറ്റിനും ആവശ്യമായ പണം നൽകാമെന്ന് ഐടിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഈജിപ്ഷ്യൻ അധികാരികൾ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് കൈവശം വയ്ക്കുകയും അദ്ദേഹത്തിന്റെ അവസ്ഥ അവഗണിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, അദ്ദേഹത്തിന്റെ പാസ്‌പോർട്ട് മാർച്ച് 22 -ന് കാലഹരണപ്പെടുകയും ചെയ്‌തു. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. “ഇത് ഞങ്ങൾ നേരിട്ട ഏറ്റവും മോശം കേസുകളിൽ ഒന്നായിരിക്കണം. നാലുവർഷത്തിനുശേഷവും, ഈജിപ്ഷ്യൻ തുറമുഖ അധികൃതർ ഇപ്പോഴും ഒന്നും ചെയ്യുന്നില്ല എന്നത് പ്രകോപനപരമാണ്” ഐടിഎഫ് ഇൻസ്പെക്ടറേറ്റ് കോർഡിനേറ്റർ സ്റ്റീവ് ട്രോസ്‌ഡേൽ പറഞ്ഞു. അദ്ദേഹത്തിനെ ചികിത്സിക്കാൻ ആഗോള സംഘടനയോട് ആവശ്യപ്പെട്ട് ഫെഡറേഷൻ ഈ ആഴ്ച യുഎൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് കത്തെഴുതിയിരുന്നു.  

നിലവിൽ ഇത്തരം 250 സജീവ കേസുകളുണ്ടെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന പറയുന്നു. നാവികരെ മാത്രം ഉപേക്ഷിക്കുന്ന കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കപ്പൽ ഉടമകൾ ക്രൂ അംഗങ്ങളെ ബുദ്ധിമുട്ടിൽ സഹായിക്കുന്നതിനേക്കാൾ അവരെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കപ്പലിന്റെ നിയമപരമായ രക്ഷാധികാരിയാക്കിയ മുഹമ്മദ് ഐഷയെ രക്ഷിക്കാൻ താൻ പരമാവധി ശ്രമിച്ചുവെന്നും ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും കപ്പലിന്റെ ഉടമ പറഞ്ഞു. ഇപ്പോൾ കപ്പൽ ലേലം ചെയ്യാനും മുഹമ്മദിനെ സ്വതന്ത്രനാക്കാനും കോടതി ആലോചിക്കുന്നുണ്ട്.  

click me!