
കഴിഞ്ഞ സെപ്റ്റംബർ നാലിനായിരുന്നു ഗൂഗിൾ അതിന്‍റെ 25-ാം വാർഷികം ആഘോഷിച്ചത്. ആഘോഷത്തിനിടെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്‍റെ പഠനകാലത്തെ ഒരു ചെറിയ സംഭവം വിവരിച്ചുകൊണ്ട് ഹൃദയസ്പർശിയായി എഴുതിയ ബ്ലോഗ് ഏറെ പേരുടെ ശ്രദ്ധ നേടി. ഗൂഗിളിന്‍റെ രജതജൂബിലി സ്മരണയ്ക്കായി, ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സുന്ദര്‍ തന്‍റെ ബ്ലോഗ് തുടങ്ങുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ സാങ്കേതിക പുരോഗതിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നും ആളുകൾ ഒടുവിൽ അതിനോട് പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സുന്ദര്‍ അമേരിക്കയില്‍ പഠിക്കുന്ന കാലത്ത് അന്ന് ഇന്ത്യയിലുണ്ടായിരുന്ന തന്‍റെ അച്ഛന് ആദ്യമായി ഇമെയിൽ വിലാസം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇമെയിലിലൂടെ ഒരു കത്തെഴുതി. എന്നാല്‍, മറുപടിക്കായി തനിക്ക് രണ്ട് ദിവസം കാത്തിരിക്കേണ്ടിവന്നുവെന്ന് സുന്ദര്‍ എഴുതുന്നു.
“വർഷങ്ങൾക്കുമുമ്പ്, ഞാൻ യുഎസിൽ പഠിക്കുമ്പോൾ, ഇന്ത്യയിൽ തിരിച്ചെത്തിയ എന്‍റെ പിതാവിന് അദ്ദേഹത്തിന്‍റെ ആദ്യത്തെ ഇമെയിൽ വിലാസം ലഭിച്ചു. അദ്ദേഹവുമായി ആശയവിനിമയം നടത്താൻ വേഗമേറിയതും വിലകുറഞ്ഞതുമായ മാർഗ്ഗം ലഭിച്ചതില്‍ ഞാൻ വളരെ ആവേശത്തിലായിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു, ” സുന്ദര്‍ ബ്ലോഗില്‍ എഴുതി. പക്ഷേ, അദ്ദേഹത്തിന്‍റെ മറുപടിക്കായി രണ്ട് ദിവസം കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ആ കത്ത് വന്നു. “പ്രിയപ്പെട്ട മിസ്റ്റർ പിച്ചൈ, ഇമെയിൽ ലഭിച്ചു. എല്ലാം നന്നായി പോകുന്നു." അച്ഛന്‍ മകന് മറുപടി എഴുതി. പക്ഷേ, മറുപടി വൈകിയതിനൊപ്പം ആ എഴുത്തിലെ അച്ഛനും മകനും ഇടയിലെ ഔപചാരികത തികച്ചും അസാധാരണമായിരുന്നെന്നും അതിനാല്‍ താന്‍ ആശയക്കുഴപ്പത്തിലായെന്നും അദ്ദേഹം എഴുതുന്നു.
മിത്തും യാഥാര്‍ത്ഥ്യവും; 'ഡൂഡില്‍ മുനി' പൊളിച്ചടുക്കിയ ഡയറ്റ് മിത്തുകള്‍ !
ഒടുവില്‍ കാര്യമെന്താണെന്ന് അറിയാന്‍ തനിക്ക് അച്ഛന് ഫോണ്‍ ചെയ്യേണ്ടി വന്നു. അപ്പോഴാണ് അദ്ദേഹത്തിന്‍റെ ഓഫീസിലെ ഒരു സഹപ്രവർത്തകൻ അവരുടെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്‍റ് എടുത്താണ് താനെഴുതിയ കത്ത് അദ്ദേഹത്തിന് നല്‍കിയതെന്ന് അറിയുന്നത്. “എന്‍റെ അച്ഛൻ കത്തിന് ഒരു മറുപടി നിര്‍ദ്ദേശിച്ചു. ആ വ്യക്തി അത് എഴുതിയെടുത്തു. പിന്നീട് എനിക്ക് അയക്കാനായി അത് ടൈപ്പ് ചെയ്തു." സുന്ദര്‍ ബ്ലോഗില്‍ എഴുതി. 25 വര്‍ഷം മുമ്പുള്ള ആ അനുഭവവും ഇന്നത്തെ സാഹചര്യങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ കാലമൊരുപാട് മാറിയതായി സുന്ദര്‍ പിച്ചൈ എഴുതുന്നു. ഇന്ന് എന്‍റെ ഫോണ്‍ പുറത്തെടുക്കാന്‍ എടുക്കുന്ന സമയത്തേക്കാള്‍ വേഗത്തില്‍ സന്ദേശങ്ങളും ചിത്രങ്ങളും അയക്കാന്‍ കഴിയുന്നെന്നും ഗൂഗിള്‍ മേധാവി എഴുതുന്നു. 1990 കളുടെ അവസാനത്തിൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പഠന കാലത്താണ് ലാറി പേജും സെർജി ബ്രിനും ഗൂഗിള്‍ ആരംഭിക്കുന്നത്. 2015 ഓഗസ്റ്റ് 10-നാണ് ഗൂഗിളിന്‍റെ സിഇഒ ആയി സുന്ദർ പിച്ചൈ തെരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക