തണുത്തുറഞ്ഞ വെള്ളത്തില്‍വീണ് വാത്ത മരിച്ചു, ദുഃഖത്തില്‍ ചങ്കുപൊട്ടി മരിച്ച് ഇണപ്പക്ഷി!

Published : Dec 21, 2022, 04:24 PM IST
തണുത്തുറഞ്ഞ വെള്ളത്തില്‍വീണ് വാത്ത മരിച്ചു,  ദുഃഖത്തില്‍ ചങ്കുപൊട്ടി മരിച്ച് ഇണപ്പക്ഷി!

Synopsis

മഞ്ഞുമൂടിയ തടാകത്തിനുള്ളിലേക്ക് വീണുപോയ ഹാന്‍സെലിന്‍ ആ തടാകത്തിനുള്ളില്‍ തന്നെ കിടന്ന് തണുത്തുറഞ്ഞ് ജീവന്‍ വെടിയുകയായിരുന്നു.

സ്വന്തം ഇണകളോടുള്ള ആത്മബന്ധം മനുഷ്യര്‍ക്ക് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകും. എന്നാല്‍ അക്കൂട്ടത്തില്‍ ഒരുപക്ഷേ ഏറ്റവും ഹൃദയഭേദകമായ കഥ ഈ പക്ഷികളുടേത് ആയിരിക്കും. തന്റെ ഇണക്കിളി തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ വീണ് മരിച്ച ദുഃഖത്തില്‍ ഹൃദയം തകര്‍ന്നു മരിച്ചിരിക്കുകയാണ് മറ്റൊരു പക്ഷി.  കേള്‍ക്കുമ്പോള്‍ ഒരു കഥ പോലെ തോന്നുമെങ്കിലും അത് സത്യമാണ്. ഗൂസ് അഥവാ വാത്ത ഇനത്തില്‍ പെട്ടതാണ് ഈ പക്ഷികള്‍. ഇംഗ്ലണ്ടിലെ ക്ലീത്തോര്‍പ്‌സ് വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം നടന്നത്. ക്ലീത്തോര്‍പ്സ് വൈല്‍ഡ്ലൈഫ് റെസ്‌ക്യൂവിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ദുഃഖകരമായ ഈ വാര്‍ത്ത പുറംലോകത്ത് എത്തിച്ചത്.

ക്ലീത്തോര്‍പ്‌സ് ബോട്ടിംഗ് തടാകത്തില്‍ വെച്ചാണ് ഹാന്‍സെലിന്‍ എന്ന് വിളിപ്പേരുള്ള വാത്ത അപകടത്തില്‍പ്പെട്ടത്. മഞ്ഞുമൂടിയ തടാകത്തിനുള്ളിലേക്ക് വീണുപോയ ഹാന്‍സെലിന്‍ ആ തടാകത്തിനുള്ളില്‍ തന്നെ കിടന്ന് തണുത്തുറഞ്ഞ് ജീവന്‍ വെടിയുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഹാന്‍സെലിന്റെ ഇണ ഗ്രെറ്റല്‍ എന്ന മറ്റൊരു വാത്ത ആകെ ദുഖത്തിലായി. ക്രമേണ വിഷാദാവസ്ഥയിലേക്ക് മാറിയ ഗ്രെറ്റലിന്റെ ഊര്‍ജ്ജസ്വലതയും ഉണര്‍വും നഷ്ടപ്പെട്ടു. ഒടുവില്‍ തന്റെ ഇണ മരിച്ച് ഒരാഴ്ച തികയും മുമ്പേ ഹൃദയാഘാതം മൂലം ഗ്രെറ്റലും മരിച്ചു. 

ക്ലീത്തോര്‍പ്സ് വൈല്‍ഡ്ലൈഫ് റെസ്‌ക്യൂ ടീം തങ്ങളുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഈ പക്ഷികള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധവും ഇരു പക്ഷികളുടെയും വിയോഗത്തെകുറിച്ചുള്ള വാര്‍ത്തകളും പുറത്തുവിട്ടത്. 'ഭാരിച്ച ഹൃദയഭാരത്തോടെയാണ് ഞങ്ങള്‍ ഈ വാര്‍ത്ത അറിയിക്കുന്നത്' എന്ന കുറിപ്പോടെയാണ് ഈ അനശ്വര പ്രണയ കഥ അവര്‍ പുറത്തുവിട്ടത്. ഒപ്പം ഇരു പക്ഷികളും ഒരുമിച്ചുള്ള അവസാനത്തെ ഫോട്ടോയും ഇവര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.


 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?