Latest Videos

സാമൂഹിക മാറ്റത്തിന് ആഹ്വാനം ചെയ്ത് ബരായേ...; ഞങ്ങള്‍ വിജയിച്ചെന്ന് ഗാന രചയിതാവ്

By Web TeamFirst Published Feb 11, 2023, 12:21 PM IST
Highlights

ഷെര്‍വിന്‍ ഹാജിപൂരി അടക്കം 19,600-ലധികം പേര്‍ അറസ്റ്റിലായി. എങ്കിലും ഇറാനിലെ മതഭരണകൂടം പ്രതിഷേധത്തെ അടിച്ചമര്‍ത്തി. ഇതിനകം അഞ്ചോളം പേരെ സര്‍ക്കാര്‍ തൂക്കിലേറ്റുകയും ചെയ്തു. 


അവാര്‍ഡുകള്‍ പലപ്പോഴും അറിയപ്പെടാതിരുന്ന പലരെയും പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിച്ചിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ ലോകം മുഴുവനും ഒരാളെ തേടുകയായിരുന്നു. ഇറാനില്‍ നിന്നുള്ള അപ്രശസ്തനായ ഗായകന്‍ ഷെർവിൻ ഹാജിപൂരിയെ. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ ഷെര്‍വിനെ തേടുമ്പോള്‍, അദ്ദേഹം ഇറാനിലെ ജയിലഴിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങിയതേ ഉണ്ടായിരുന്നൊള്ളൂ. കുറ്റം രാജ്യദ്രോഹം. ഭരണകൂടത്തിനെതിരെ സമരം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ ഇറാനിലെ മതഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. എന്നാല്‍, അദ്ദേഹത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് എത്തിച്ചതാകട്ടെ ഗ്രാമി അവാര്‍ഡ് തിളക്കവും. സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള സംഗീതം എന്ന വിഭാഗത്തിലാണ് 25 -കാരനായ ഷെര്‍വിന്‍ ഹാജിപൂരിയുടെ 'ബരായേ' എന്ന ഗാനത്തിന് ഗ്രാമി അവാര്‍ഡ് ലഭിച്ചത്. 

2022 സെപ്തംബര്‍ 16 ന് കുര്‍ദ് വംശജയായി 22 കാരി മഹ്സ അമിനി എന്ന യുവതിയെ, ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ വച്ച് മതപൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അതിക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടിവന്ന മഹ്സ അമിനി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ഇതിന് പിന്നാലെ ഇറാന്‍റെ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ആസാദി അഥവാ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളും വരെ തെരുവിലിറങ്ങി. ആദ്യം പൊലീസും പിന്നാലെ പട്ടാളവും പ്രതിഷേധക്കാരെ നേരിട്ടു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട പ്രതിഷേധത്തിനും ഏറ്റുമുട്ടലിനുമൊടുവില്‍ ഏതാണ്ട് 500 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് അനൗദ്ധ്യോഗിക കണക്ക്. ഷെര്‍വിന്‍ ഹാജിപൂരി അടക്കം 19,600-ലധികം പേര്‍ അറസ്റ്റിലായി. എങ്കിലും ഇറാനിലെ മതഭരണകൂടം പ്രതിഷേധത്തെ അടിച്ചമര്‍ത്തി. ഇതിനകം അഞ്ചോളം പേരെ സര്‍ക്കാര്‍ തൂക്കിലേറ്റുകയും ചെയ്തു. പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട ഇറനിലെ അത്ര പ്രശസ്തനല്ലാത്ത ഗായകനായിരുന്ന ഷെര്‍വിന്‍ ഹാജിപുരി, അറസ്റ്റിന് മുമ്പ് എഴുതിയ പ്രതിഷേധ ഗാനമാണ് ബരായേ. 

 

 

കൂടുതല്‍ വായിക്കാം:  പ്രസവാവധിയില്‍ ഭാര്യ ഒന്നും ചെയ്യുന്നില്ലെന്ന് ഭര്‍ത്താവ്;  വൈറലായി ഭാര്യയുടെ മറുപടി! 

"ഒരു ഗാനത്തിന് ലോകത്തെ ഒന്നിപ്പിക്കാനും പ്രചോദിപ്പിക്കാനും ആത്യന്തികമായി മാറ്റാനും കഴിയും" എന്ന് ഗ്രാമി അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ പ്രസിഡന്‍റ് ജോ ബിഡന്‍റെ ഭാര്യ ജിൽ ബിഡൻ പറയുമ്പോള്‍ ലോകമെങ്ങും ഇറാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ ആഹ്ളാദത്തിലായിരുന്നു. പിന്നാലെ ഗാനവും ഗാന രചയിതാവും ആഘോഷിക്കപ്പെട്ടു. അറസ്റ്റിന് മുമ്പ് ഇന്‍സ്റ്റാഗ്രാമിലായിരുന്നു അദ്ദേഹം തന്‍റെ പുതിയ ഗാനം പ്രസിദ്ധപ്പെടുത്തിയത്. ഭരണകൂടത്തിനെതിരായ പ്രചരണം, ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേലെ ഭരണകൂടം ആരോപിച്ചിരിക്കുന്നത്. ഇറാനില്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിവ. ഇറാന്‍ വിടുന്നതിനും അദ്ദേഹത്തിന് വിലക്കുണ്ട്. “ഈ ഗാനം മഹ്‌സ അമിനി പ്രതിഷേധങ്ങളുടെ ഗാനമായി മാറി, സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ശക്തവും കാവ്യാത്മകവുമായ ആഹ്വാനമാണ്. ഷെർവിൻ അറസ്റ്റിലായി, പക്ഷേ ഈ ഗാനം അതിന്‍റെ ശക്തമായ പ്രമേയവുമായി ലോകമെമ്പാടും പ്രതിധ്വനിക്കുന്നു, സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം." ബിഡന്‍ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. ഷെര്‍വിന്‍ ഹാജിപൂരി തന്‍റെ ഇന്‍സ്റ്റാഗ്രാമിലെഴുതി 'ഞങ്ങള്‍ വിജയിച്ചു.' ഇന്ന് ലോകമെങ്ങും സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ ഗാനമായി ബരായേ ആഘോഷിക്കപ്പെടുകയാണ്. അതിനിടെ കഴിഞ്ഞ ഞായറാഴ്ച ഇറാന്‍റെ  പരമോന്നത നേതാവ് പ്രതിഷേധങ്ങൾക്കിടയിൽ തടവിലാക്കിയ പതിനായിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകാനോ ജയിൽ ശിക്ഷകൾ കുറയ്ക്കാനോ ഉത്തരവിട്ടതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നു. 

കൂടുതല്‍ വായനയ്ക്ക്: കൊവിഡ് കാലത്ത് ബ്രിട്ടീഷ് ഗായിക പ്രേതത്തെ വിവാഹം ചെയ്തു; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെയല്ലെന്ന്  
 

 

click me!