
അമ്മയും മകളും അങ്ങോട്ടും ഇങ്ങോട്ടും ഡ്രസ് മാറിമാറിയിടും എന്നൊക്കെ പറയാറുണ്ട്. എന്നാൽ, ഇവിടെ ഞെട്ടിച്ചിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. 64 -കാരിയായ മുത്തശ്ശിയും 21 -കാരിയായ കൊച്ചുമകളുമാണ് വസ്ത്രം മാറിമാറിയിടാറുണ്ട് എന്ന് പറഞ്ഞത്.
വയസ് 64 ആണെങ്കിലും ലെസ്‍ലി മാക്സ്‍വെൽ ഫിറ്റ് ആണ്. കൊച്ചുമകളുമൊത്ത് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ്. ഓസ്ട്രേലിയയിലെ മെൽബൺ ആണ് ലെസ്‍ലിയുടെ സ്ഥലം. 117,000 ഫോളോവേഴ്സാണ് ലെസ്‍ലിക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. തന്റെ 21 -കാരി കൊച്ചുമകൾ ടിയ ക്രിസ്റ്റഫി തന്റെയും താൻ അവളുടെയും വസ്ത്രങ്ങൾ ധരിക്കാറുണ്ട്, 43 വയസിന്റെ വ്യത്യാസമൊന്നും തങ്ങളെ ബാധിച്ചിട്ടേയില്ല എന്നാണ് ലെസ്‍ലി പറഞ്ഞത്.
220,000 ഫോളോവേഴ്സാണ് ടിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. മുത്തശ്ശിയെ കുറിച്ചോർത്ത് ടിയയ്ക്ക് വലിയ അഭിമാനം ആണ്. തന്നെയും മുത്തശ്ശിയെയും കണ്ടാൽ അമ്മയും മകളുമാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട് എന്ന് ടിയ പറയുന്നു.
തങ്ങൾ ഒരുമിച്ചാണ് വർക്കൗട്ട് ചെയ്യാറുള്ളത്. അത് മിക്കവാറും ചെയ്യുന്നത് വീട്ടിലെ ജിമ്മിൽ തന്നെയാണ്. തങ്ങളത് ആസ്വദിക്കുന്നു എന്ന് ടിയ പറയുന്നു. ഏതായാലും മുത്തശ്ശി ഇങ്ങനെ ഫിറ്റ് ആൻഡ് ഹിറ്റ് ആയിരിക്കുന്നത് വെറുതെ അല്ല. ആഴ്ചയിൽ അഞ്ച് ദിവസവും വർക്കൗട്ട് ചെയ്യും. കർശനമായി ഡയറ്റും ചെയ്യും.
ഡയറ്റ് നോക്കാൻ മുത്തശ്ശി തന്നെയും പ്രേരിപ്പിക്കും എന്ന് ടിയ പറയുന്നു. സാധാരണ മുത്തശ്ശിമാർ വരുമ്പോൾ കേക്ക് ഒക്കെയാണ് കൊണ്ടുവരാറ്. തന്റെ മുത്തശ്ശി ഓർഗാനിക് ബെറിയും ഓർഗാനിക് എഗ്ഗുമൊക്കെയാണ് കൊണ്ടുവരുന്നത് എന്നും ടിയ പറയുന്നു.
ബിക്കിനി പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചും മറ്റും ലെസ്‍ലി ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട്. താനത് ഇഷ്ടപ്പെടുന്നു എന്നും ഇനിയും അത് തുടരും എന്നും ലെസ്‍ലി പറയുന്നു.