146 വർഷങ്ങൾക്കുമുമ്പ് സെമിത്തേരിയിൽ നിന്നും കാണാതായ കല്ലറക്കല്ല് ഒരു വീടിന്‍റെ അടുക്കളയില്‍!

Published : Sep 26, 2021, 10:51 AM ISTUpdated : Sep 26, 2021, 10:57 AM IST
146 വർഷങ്ങൾക്കുമുമ്പ് സെമിത്തേരിയിൽ നിന്നും കാണാതായ കല്ലറക്കല്ല് ഒരു വീടിന്‍റെ അടുക്കളയില്‍!

Synopsis

യഥാര്‍ത്ഥത്തില്‍ അത് ആരുടെ ശവക്കല്ലറയാണ് എന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ് എന്ന്  ഫ്രണ്ട്സ് ഓഫ് ലാൻസിംഗ് ഹിസ്റ്റോറിക് സെമിത്തേരീസ് പ്രസിഡണ്ട് ലോറെറ്റ എസ് സ്റ്റാന്‍സ്വേ പറയുന്നു. 

നമ്മുടെ വീടുകളിൽ പൂർവികർ സ്ഥാപിച്ച പല വസ്തുക്കളും നാം കാണാറുണ്ട്. എന്നാൽ, ഏതാണ്ട് 150 വർഷങ്ങൾക്ക് മുമ്പ് സമീപത്തെ സെമിത്തേരിയിൽ നിന്നും കാണാതായ ഒരു കല്ലറക്കല്ല് (Gravestone) നമ്മുടെ അടുക്കളയിൽ ഉപയോ​ഗിക്കുന്നത് സങ്കൽപ്പിക്കാനാകുമോ? എന്നാൽ, അത്തരം ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. 

ഏകദേശം 150 വർഷമായി കാണാതായ ഈ കല്ലറക്കല്ല് മിഷിഗണിലെ (Michigan) ഒരു വീട്ടിൽ മാർബിൾ സ്ലാബായി ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ആഗസ്റ്റ് മാസത്തിൽ ഒരു എസ്റ്റേറ്റ് ലേല സ്ഥലത്താണ് ഈ കല്ലറക്കല്ല് കണ്ടെത്തിയത്. എന്നാല്‍, ഈ കല്ല് കണ്ടതോടെ ഇത് സെമിത്തേരിയില്‍ നിന്നുള്ളതാണ് എന്ന് സംശയം തോന്നിയ ഒരാള്‍ 'ഫ്രണ്ട്സ് ഓഫ് ലാൻസിംഗ് ഹിസ്റ്റോറിക് സെമിത്തേരീസു' (Friends of Lansing's Historic Cemeteries -FOLHC) മായി ബന്ധപ്പെടുകയായിരുന്നു. ഉടനെ തന്നെ അവർ അന്വേഷണവും ആരംഭിച്ചു. 

ആ വീട്ടിലുള്ള സാധനങ്ങൾ പരിശോധിക്കാൻ കുടുംബം ഒരു ലേലക്കാരനെ നിയമിച്ചതാണ്. അയാള്‍ സാധനങ്ങളെല്ലാം പരിശോധിച്ചു വരുമ്പോഴാണ് അടുക്കളയിൽ ഈ മാർബിൾ സ്ലാബ് കണ്ടത്. അത് പരിശോധിച്ചപ്പോള്‍ ഒരു ശവക്കല്ലറയിൽ സ്ഥാപിച്ച കല്ലറക്കല്ലാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഫജ് (പാലും വെണ്ണയും മറ്റും ചേര്‍ത്ത മിഠായി) ഉണ്ടാക്കാന്‍ വേണ്ടി ആ കല്ല് ഉപയോഗിച്ചതായി കുടുംബം അയാളോട് പറഞ്ഞു. പക്ഷേ, എങ്ങനെ, എപ്പോഴാണ് സെമിത്തേരിയിലെ ആ കല്ലറക്കല്ല് ആ വീട്ടിലെത്തിയത് എന്ന് പറയാന്‍ പക്ഷേ കുടുംബത്തിന് കഴിഞ്ഞില്ല.

ഫജ് ഉണ്ടാക്കാന്‍ ഒരു ഉറപ്പുള്ള വസ്തു വേണം. മാര്‍ബിളില്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ കുടുംബം അതിനായി കല്ലറക്കല്ല് ഉപയോഗിച്ച് പോരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് ആരുടെ ശവക്കല്ലറയാണ് എന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ് എന്ന്  ഫ്രണ്ട്സ് ഓഫ് ലാൻസിംഗ് ഹിസ്റ്റോറിക് സെമിത്തേരീസ് പ്രസിഡണ്ട് ലോറെറ്റ എസ് സ്റ്റാന്‍സ്വേ പറയുന്നു. 

ഈ ശവക്കല്ലറ ആരുടെയാണോ അവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ തങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കണ്ടെത്തിയാൽ മാത്രമേ ഇതെങ്ങനെ, എപ്പോൾ ആ വീട്ടില്‍ വന്നു, അവരുടെ അനുമതിയോടെയാണോ വന്നത് എന്നതെല്ലാം മനസിലാക്കാന്‍ കഴിയൂ എന്നും സ്റ്റാന്‍സ്വേ പറയുന്നു. ഏതായാലും, കാണാതായി 146 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കല്ലറ കണ്ടെത്തിയിരിക്കുന്നത് എന്നത് ഒരു വിചിത്ര സംഭവമായി തുടരുകയാണ്. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ