
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ ജീവിതം പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവെച്ച ഒരു മനുഷ്യൻ തെലങ്കാനയിൽ ഉണ്ട്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ജനാർദൻ എന്ന റവുത്‌ല ജനാർദൻ ആണ് ഭൂമിയെ സ്വന്തം മാതാവായി കണ്ട് തന്റെ ജീവനും ആരോഗ്യവും പ്രകൃതി സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള ഈ അടങ്ങാത്ത സ്നേഹം കാരണം 'പച്ച മനുഷ്യൻ' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഇങ്ങനെ അറിയപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ട് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനായി ഇദ്ദേഹം താൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പച്ച നിറത്തിലുള്ളതാക്കി മാറ്റി. വസ്ത്രങ്ങൾ, സ്കൂട്ടർ, ശിരോവസ്ത്രം, പേന, പുസ്തകങ്ങൾ എന്നിങ്ങനെ ഇദ്ദേഹം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പച്ചനിറത്തിലുള്ളതായിരിക്കും.
സ്കൂൾ പഠനകാലത്ത് തന്നെ ജനാർദ്ദനന് പ്രകൃതിയോടുള്ള ഈ അടുപ്പം തോന്നി തുടങ്ങിയിരുന്നു. പ്രകൃതിയെ ഇനിയും അനാവശ്യമായി ദ്രോഹിച്ചാൽ തൊഴിലില്ലായ്മയോ പട്ടിണിയോ ആയിരിക്കില്ല പ്രകൃതി ദുരന്തങ്ങൾ ആയിരിക്കും വരും നാളുകളിൽ നമ്മൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്ന് അദ്ദേഹത്തിന് തോന്നി. അതോടെ പ്രകൃതി സംരക്ഷണം തന്റെ ദൗത്യമായി അദ്ദേഹം ഏറ്റെടുത്തു. ഒരു പ്രിന്റിംഗ് പ്രസ് നടത്തുകയാണെങ്കിലും പ്രകൃതി സംരക്ഷണത്തിനായാണ് ഇദ്ദേഹം കൂടുതൽ സമയം മാറ്റിവച്ചിരിക്കുന്നത്.
വനമേഖലകളിലെ പച്ചപ്പ് വർദ്ധിപ്പിക്കാൻ വനമേഖലകൾ കേന്ദ്രീകരിച്ച് സീഡ് ബോളുകൾ എറിയുന്നത് അദ്ദേഹത്തിൻറെ ഒരു ശീലമാണ്. ഇതു കൂടാതെ തന്റെ ഹരിത ദൗത്യത്തിന് കൂടുതൽ പിന്തുണ ലഭിക്കുന്നതിനായി ജനാർദൻ 'സിരിവെണ്ണെല ഗ്രീൻ സൊസൈറ്റി' എന്ന പേരിൽ ഒരു എൻജിഒ കൂടി ആരംഭിച്ചു.
ഇതുകൊണ്ടൊന്നും തീരുന്നതല്ല ജനാർദ്ദനന്റെ പ്രകൃതി സംരക്ഷണ ഉദ്യമങ്ങൾ. കഴിഞ്ഞ 15 വർഷം കൊണ്ട് വിവിധ ഇടങ്ങളിലായി രണ്ടു ലക്ഷത്തിലധികം തൈകൾ താൻ നട്ടു കഴിഞ്ഞതായി ഇദ്ദേഹം അവകാശപ്പെടുന്നു. നട്ടുപിടിപ്പിച്ച തൈകളുടെ തുടർ പരിപാലനത്തിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾക്കുള്ള പണം സമ്പാദിച്ച ശേഷം പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം സമർപ്പിക്കുക എന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് ഇദ്ദേഹം പറയുന്നു.