ജന്മദിനാഘോഷം വേറിട്ടതാക്കാൻ 90 മണിക്കൂർ കഠിന ഉപവാസം! ഇപ്പോൾ മനസിന് 'നല്ല തെളിമ' വന്നതായി സിഇഒ

Published : Oct 06, 2026, 04:46 PM IST
90 hour fasting birthday Celebration

Synopsis

മുംബൈ സ്വദേശിയായ ഒരു കമ്പനി സിഇഒ തൻ്റെ ജന്മദിനം ആഘോഷിക്കാൻ 90 മണിക്കൂർ നീണ്ട കഠിന ഉപവാസം അനുഷ്ഠിച്ചു. ശാരീരികവും മാനസികവുമായ അതിരുകൾ മറികടക്കാൻ ലക്ഷ്യമിട്ടുള്ള ഈ വെല്ലുവിളിയുടെ അനുഭവങ്ങൾ അദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ജന്മദിനാഘോഷങ്ങൾ വേറിട്ടതും കഠിനവുമാക്കാൻ എല്ലാവർഷവും സ്വയം കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാറുള്ള മുംബൈ സ്വദേശിയായ കമ്പനി സിഇഒ, ഈ വർഷം പൂർത്തിയാക്കിയത് 90 മണിക്കൂർ നീണ്ട കഠിന ഉപവാസം. പ്രമുഖ കമ്പനിയുടെ സിഇഒയായ അഭിഷേക് അഗർവാളാണ് തുടർച്ചയായി നാല് ദിവസത്തോളം (90 മണിക്കൂർ) ഭക്ഷണം പൂർണ്ണമായും ഉപേക്ഷിച്ച് ശ്രദ്ധ നേടിയത്. തന്‍റെ ഈ അപൂർവ്വ അനുഭവം അദ്ദേഹം ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പങ്കുവെച്ചു.

നാല് ദിവസത്തെ കഠിന ഉപവാസം

"എന്‍റെ ജന്മദിനം ആഘോഷിക്കാൻ ഞാൻ 90 മണിക്കൂർ ഉപവാസം അനുഷ്ഠിച്ചു!! അതെ, ഏകദേശം 4 ദിവസത്തോളം ഭക്ഷണം ഒന്നും തന്നെ കഴിച്ചില്ല," അഭിഷേക് ലിങ്ക്ഡ്ഇനിൽ കുറിച്ചു. ആദ്യദിനം വലിയ ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ലെന്നും വളരെ എളുപ്പത്തിൽ കടന്നുപോയെന്നുമാണ് അദ്ദേഹം കുറിച്ചത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലെ അനുഭവങ്ങൾ രസകരമായി അദ്ദേഹം വിവരിക്കുന്നുണ്ട്: “രണ്ടാം ദിവസം: 'ഞാൻ എന്തിനാണ് ഇത് ചെയ്തത്?' എന്ന് സ്വയം ചോദിച്ചുപോയി, ഓൺലൈൻ ഫുഡ് ആപ്പായ സെൊമാറ്റോയെ ഓർത്തു. മൂന്നാം ദിവസം: പൂർണ്ണ മൗനമായിരുന്നു. നാലാം ദിവസം: ജന്മദിനത്തോടൊപ്പം മാസങ്ങൾക്ക് ശേഷം എന്‍റെ മനസ്സ് ഏറ്റവും തെളിമയുള്ളതായി മാറി.”

സ്വയം ഏറ്റെടുത്ത വെല്ലുവിളി

ഓരോ ജന്മദിനത്തിലും തന്‍റെ ശാരീരികവും മാനസികവുമായ ശേഷിയുടെ അതിരുകൾ മറികടക്കാൻ സഹായിക്കുന്ന പുതിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് അഭിഷേക് പറയുന്നു. ഉപവാസത്തിന് ശേഷം താൻ കൂടുതൽ ശക്തനും ഊർജ്ജസ്വലനുമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോ​ഗ ചെയ്യുന്നതിന്‍റെയും ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുന്നതിന്‍റെയും ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പോസ്റ്റിന് താഴെ അനുകൂലമായും അല്ലാതെയും പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. മനുഷ്യന്‍റെ സഹനശക്തിയുടെയും അച്ചടക്കത്തിന്‍റെയും ഉദാഹരണമാണ് ഇതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാതെയുള്ള ഇത്തരം രീതികൾ ശ്രദ്ധിച്ച് വേണം ചെയ്യാനെന്നും ചിലർ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഈ നിമിഷത്തെ മറന്ന് നാളേയ്ക്കായി ഓടുകയാണോ? നഷ്ടമാകുന്നത് സന്തോഷം, പോസ്റ്റ്
ഐടി ജോലി ഉപേക്ഷിച്ച് ഡയറി സ്റ്റാർട്ടപ്പ്, വിവരശേഖരണത്തിന് റാപ്പിഡോ ഡ്രൈവറായി; വൻ കയ്യടി