ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ അലറിവിളിക്കുന്ന മനുഷ്യനായി 58 -കാരൻ; പുതിയ ഗിന്നസ് റെക്കോർഡ്

Published : Jun 25, 2026, 11:33 AM IST
Joseph McGrail-Bateup

Synopsis

ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ അലറുന്ന മനുഷ്യനായി പുതിയ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയക്കാരനായ 58-കാരൻ ജോസഫ് മക്ഗ്രെയ്ൽ-ബേട്ടപ്പ്. 122.4 ഡെസിബെല്ലിൽ 'നൗ' എന്ന് അലറിവിളിച്ചാണ് അദ്ദേഹം റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ അലറുന്ന മനുഷ്യനായി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയക്കാരനായ ജോസഫ് മക്ഗ്രെയ്ൽ-ബേട്ടപ്പ്. കാൻബെറ സ്വദേശിയായ ഈ 58 -കാരൻ ഒരു എയർ കണ്ടീഷണർ ക്ലീനറാണ്. 122.4 ഡെസിബെല്ലിൽ 'നൗ' (now) എന്ന് അലറി വിളിച്ചാണ് ഇയാൾ ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 1994 -ൽ വടക്കൻ അയർലൻഡിലെ സ്കൂൾ അധ്യാപികയായ അന്നലീസ ഫ്ലാനഗൻ 'ക്വയറ്റ്' (quiet) എന്ന് 121.7 ഡെസിബെല്ലിൽ അലറി വിളിച്ച് സ്ഥാപിച്ച മുൻ റെക്കോർഡാണ് ഇതോടെ തകർന്നത്. ജോസഫ് അലറിവിളിച്ച ശബ്ദം ഒരു ചെയിൻ സോ, ടേക്ക് ഓഫ് ചെയ്യുന്ന ജെറ്റ് വിമാനം, തൊട്ടടുത്ത് കൂടി സൈറൺ മുഴക്കി പാഞ്ഞുപോകുന്ന ഒരു ആംബുലൻസ് എന്നിവയുടെ ശബ്ദത്തിന് തുല്യമാണ്.

ഇങ്ങനെ അലറിവിളിക്കുന്നത് പ്രത്യേകം പരിശീലിക്കാനായി കഴിയില്ല എന്നാണ് ജോസഫ് പറയുന്നത്. എങ്കിലും, ഏഴ് ശ്രമങ്ങൾക്ക് ശേഷമാണ് അദ്ദേഹം 'നൗ' എന്ന വാക്ക് പൂർത്തിയാക്കിയത്. തുടർന്ന് ദിവസങ്ങളോളം അദ്ദേഹത്തിന് തന്റെ ഒച്ചയടഞ്ഞതായി തോന്നിയത്രെ. അന്നലീസയുടെ റെക്കോർഡ് അതേപടി നിലനിർത്തിക്കൊണ്ട് തന്നെ താൻ ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള പുരുഷനായി അറിയപ്പെടാനാണ് താല്പര്യപ്പെടുന്നതെന്നാണ് ജോസഫ് പറയുന്നത്.

2017 -ൽ കാൻബെറയിലെ 'ടൗൺ ക്രൈയറാ'യി (വിളംബരക്കാരൻ) നിയമിതനായ ശേഷമാണ് അദ്ദേഹം ഈ ​ഗിന്നസ് റെക്കോർഡ് നേടാനായി തയ്യാറെടുക്കുന്നത്. അതിന് മുമ്പ് ശബ്ദവുമായി ബന്ധപ്പെട്ട പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2024 -ൽ നടന്ന ഒരു മത്സരത്തിൽ 98 ഡെസിബെല്ലിൽ 'ഒയേസ്, ഒയേസ്, ഒയേസ്' (Oyez, Oyez, Oyez) എന്ന് വിളിച്ച് അദ്ദേഹം വിജയിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് ജോസഫ് ലോക റെക്കോർഡ് നേടുന്നത്. 2019 -ൽ 10 അമ്പുകൾ വേഗത്തിൽ എയ്യുന്നതിനുള്ള ആർച്ചറി റെക്കോർഡ് (60.03 സെക്കൻഡ്) അദ്ദേഹം നേടിയിരുന്നു. എന്നാൽ, ഒമ്പത് മാസങ്ങൾക്ക് ശേഷം ഒരു 7 വയസ്സുകാരൻ ആ റെക്കോർഡ് തകർത്തു. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും, ആരെങ്കിലും തന്റെ പുതിയ റെക്കോർഡ് മറികടന്നാൽ സന്തോഷമേയുള്ളൂവെന്നും ജോസഫ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ചിന്നു'വിനെ കണ്ടെത്തി നൽകി, തൊഴിലാളിക്ക് 50,000 രൂപ സമ്മാനം നൽകി ഉടമ
ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേട്, പ്രതിശ്രുതവരനെ കൊല്ലാൻ തീരുമാനിച്ചു; സിയയുടെ കാമുകൻ പൊലീസിനോട്