
കാണാതായ വളർത്തുനായയെ കണ്ടെത്തി നൽകിയ തൊഴിലാളിക്ക് 50,000 രൂപ സമ്മാനം നൽകി ഉടമ. തന്റെ 'ചിന്നു' എന്ന നായയെ സുരക്ഷിതമായി കണ്ടെത്തി തിരികെ ഏൽപ്പിച്ച ഒരു തൊഴിലാളിക്കാണ് ഉടമ 50,000 രൂപ സമ്മാനം നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഉടമയ്ക്ക് തന്റെ നായയെ തിരികെ കിട്ടിയത്. ചിന്നുവിനെ കാണാതായതിനെ തുടർന്ന് ഉടമ സോഷ്യൽ മീഡിയ വഴിയും ബാനറുകൾ വഴിയും പൊതുജനങ്ങളുടെ സഹായം തേടുകയും സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിന്നുവിനെ കാണാനില്ലായിരുന്നു. അപസ്മാര രോഗമുള്ള ചിന്നുവിന് ഒരു കാലിന് ചലനശേഷി കുറവാണ്. അതിനാൽ തന്നെ നായയുടെ സുരക്ഷയെക്കുറിച്ച് ഉടമ ഗണേഷ് ഭട്ട് കേര അതീവ ആശങ്കയിലായിരുന്നു. ചിന്നുവിനെ കണ്ടെത്തുകയോ അല്ലെങ്കിൽ അവളെക്കുറിച്ച് കൃത്യമായ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകുമെന്ന് ഗണേഷ് പ്രഖ്യാപിച്ചിരുന്നു. നായയുടെ ചിത്രങ്ങൾ സഹിതമുള്ള അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി.
സോഷ്യൽ മീഡിയയിലെ വൈറൽ പോസ്റ്റ് കണ്ട പോല്യ സ്വദേശിയായ പുരന്ദരൻ എന്ന ദിവസവേതന തൊഴിലാളിയാണ് ചിന്നുവിനെ കണ്ടെത്തിയത്. നായയെ തിരിച്ചറിഞ്ഞ ഉടൻ തന്നെ അദ്ദേഹം അവളെ ഗണേഷ് ഭട്ട് കേരയുടെ വീട്ടിലെത്തിച്ചു. താൻ നൽകിയ വാക്ക് പാലിച്ചുകൊണ്ട് ഗണേഷ് 50,000 രൂപയുടെ ചെക്ക് പുരന്ദരന് കൈമാറി. ചിന്നു തിരിച്ചെത്തിയതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് 'ചിന്നു ഞങ്ങളുടെ അടുത്തേക്ക് തിരിച്ചെത്തി' എന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങളോട് ഏറെ സ്നേഹമുള്ള ഗണേഷ്, പോല്യയിലുള്ള തന്റെ വീട്ടിൽ നിലവിൽ വിവിധ ഇനത്തിൽപ്പെട്ട 30 നായകളെ പരിചരിക്കുന്നുണ്ട്. ഇതിൽ രണ്ട് ആൺനായ്ക്കളും 28 പെൺനായ്ക്കളുമുണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ള ചിന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നാണ്. അവളെ കാണാതായത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊതുജനങ്ങളോട് നായയെ കണ്ടെത്താൻ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത്.