ആറുമാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ നിവേദിത തിവാരി എന്ന യുവതിയെ വരവേറ്റത് അച്ഛൻ നട്ടുവളർത്തിയ പൂന്തോട്ടമാണ്. മഴ കുറവായിരുന്നിട്ടും ചെടികളോടുള്ള അച്ഛന്‍റെ സ്നേഹം കാരണം പൂന്തോട്ടം മനോഹരമായി പൂത്തുലഞ്ഞ് നിൽക്കുന്നതായും, ആ കാഴ്ച നൽകുന്ന സന്തോഷവും സമാധാനവും അവർ പങ്കുവെക്കുന്നു.

തിരക്കേറിയ ജീവിതത്തിനിടയിൽ മനസിന് ആശ്വാസം പകരുന്ന ചില കാഴ്ചകൾ വളരെ സാധാരണമായ ഇടങ്ങളിൽ തന്നെയുണ്ടാകും. അത്തരമൊരു അനുഭവം നിവേദിത തിവാരി എന്ന യുവതി പങ്കുവെച്ചപ്പോൾ ആ കഴ്ചയിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചത് നെറ്റിസെൺസ്. ആറുമാസത്തോളം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ താൻ കണ്ട കാഴ്ചകൾ നിവേദിത തന്നെ തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. ഇത്തവണ മഴ കുറവായിരുന്നിട്ടും പൂന്തോട്ടം മനോഹരമായി നിലനിർത്തിയത് അച്ഛന്‍റെ ചെടികളോടുള്ള ആത്മാർഥത സ്നേഹമാണെന്ന് നിവേദിത എഴുതി.

'അച്ഛന്‍റെ സ്നേഹം, പൂത്തുലഞ്ഞ് വീട്'

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് നിവേദിത വീട്ടിലെ പൂന്തോട്ടത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ചത്. മഴ കുറവായിരുന്നെങ്കിലും അച്ഛന്‍റെ പൂന്തോട്ടം പതിവുപോലെ പൂത്തുലഞ്ഞ് നിൽക്കുകയായിരുന്നുവെന്നും അവർ എഴുതി. ചെടികളെ പരിപാലിക്കാനും വളർത്താനും പ്രത്യേക കഴിവുള്ള വ്യക്തിയാണ് തന്‍റെ അച്ഛനെന്നും നിവേദിത പറഞ്ഞു. പുതിയ വീട്ടിലെ ഒരു മൂലയിൽ അച്ഛൻ നട്ടുവളർത്തിയ 'രാത് കി റാണി' എന്ന ചെടിയെക്കുറിച്ചും നിവേദിത പ്രത്യേകം പരാമർശിക്കുന്നു. രാത്രിയാകുമ്പോൾ വീട് നിശ്ശബ്ദമാകുകയും നേരിയ കാറ്റ് വീശുകയും ചെയ്യുമ്പോൾ രാത് കി റാണിയുടെ ചെറിയ പൂക്കളുടെ സുഗന്ധം വീട്ടിലാകെ പരക്കുമെന്നും അവ‍ എഴുതുന്നു. ആ സുഗന്ധം നൽകുന്ന സമാധാനത്തിന്‍റെ നിമിഷങ്ങൾ ചെറുതാണെങ്കിലും, ആ സമയത്ത് ജീവിതത്തിലെ വിഷമങ്ങളും സമ്മർദങ്ങളും മനസിൽ നിന്ന് അകലുകയും പഴയ ഓർമകളിലേക്ക് മനസ്സ് സഞ്ചരിക്കുകയും ചെയ്യുന്നതായി നിവേദിതയുടെ കുറിപ്പിൽ പറയുന്നു.

Scroll to load tweet…

ഇതിൽപ്പരം മറ്റെന്ത് സന്തോഷം!

പ്രാർത്ഥനയ്ക്ക് സ്വന്തം തോട്ടത്തിലെ പൂക്കൾ ഉപയോഗിക്കുന്നതിനോളം സന്തോഷം മറ്റൊന്നില്ലെന്നും നാടൻ റോസ്, അപരാജിത, ചെമ്പരത്തി എന്നിവ വീട്ടിൽ പൂത്തുനിൽക്കുന്നു. മുല്ലയാകട്ടെ പൂവിടാനുള്ള തയ്യാറെടുപ്പിലുമാണ്. ഇതിൽ പരം മറ്റെന്ത് സന്തോഷമെന്നും ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നിവേദിത കൂട്ടിച്ചേർത്തു. ഒരു പൂന്തോട്ടത്തെ വെറും ചെടികളുടെയും പൂക്കളുടെയും കൂട്ടമെന്നതിലുപരി സ്നേഹത്തിന്‍റെയും ഓർമകളുടെയും സമാധാനത്തിന്‍റെയും ഇടമായി മാറ്റിയ അച്ഛന്‍റെ ശീലത്തെ കുറിച്ചുള്ള മകളുടെ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെയും ഏറെ ആകർഷിച്ചു. നിരവധി പേരാണ് നിവേദിതയുടെ വീടിനെ കുറിച്ചും പൂന്തോട്ടത്തെ കുറിച്ചും അത് നൽകുന്ന സന്തോഷത്തെ കുറിച്ചും കുറിപ്പുകളെഴുതിയത്.