ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്വയം ലഗേജുകൾ ചുമന്ന് സ്കാനറിലേക്ക് മാറ്റുകയും, പരിശോധനയ്ക്ക് ശേഷം അത് തിരികെ ബസ്സിൽ വെച്ചു കൊടുക്കുകയും ചെയ്തു. നാല് പതിറ്റാണ്ടോളം പൊലീസ് സർവീസിൽ സേവനമനുഷ്ഠിച്ച തനിക്ക് ഈ സംഭവം വലിയൊരു പാഠമായിരുന്നുവെന്ന് പഥാനിയ കുറിച്ചു.
ജർമ്മനി സന്ദർശനത്തിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് മുൻ ഡെൽഹി പൊലീസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. പൊലീസ് യൂണിഫോമിന്റെ യഥാർത്ഥ മാന്യതയെക്കുറിച്ചും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ പൗരന്മാർക്കുള്ള പങ്കിനെക്കുറിച്ചുമാണ് വിരമിച്ച ഡൽഹി പൊലീസ് എ.സി.പി രാജീന്ദർ പഥാനിയ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.
ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബസ് ജർമ്മനിയിൽ വെച്ച് സുരക്ഷാ പരിശോധനയ്ക്കായി തടഞ്ഞ സംഭവമാണ് അദ്ദേഹം പങ്കുവെച്ചത്. യാത്രക്കാരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവരുടെ പാസ്‌പോർട്ടുകളും വിസകളും പരിശോധിച്ച് ലഗേജുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിദേശമണ്ണിൽ നടന്ന ഈ പൊലീസ് നടപടി തുടക്കത്തിൽ വലിയ ആശങ്കയുണ്ടാക്കിയെങ്കിലും, തുടർന്നുണ്ടായ സംഭവങ്ങൾ തന്നെ അമ്പരപ്പിച്ചതായി അദ്ദേഹം പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്വയം ലഗേജുകൾ ചുമന്ന് സ്കാനറിലേക്ക് മാറ്റുകയും, പരിശോധനയ്ക്ക് ശേഷം അത് തിരികെ ബസ്സിൽ വെച്ചു കൊടുക്കുകയും ചെയ്തു. നാല് പതിറ്റാണ്ടോളം പൊലീസ് സർവീസിൽ സേവനമനുഷ്ഠിച്ച തനിക്ക് ഈ സംഭവം വലിയൊരു പാഠമായിരുന്നുവെന്ന് പഥാനിയ കുറിച്ചു.
"അവിടെ നിയമത്തിന്റെ അച്ചടക്കവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരുന്നു. എന്നാൽ അതിനോടൊപ്പം ബഹുമാനവും സേവനമനോഭാവവും ഉണ്ടായിരുന്നു. യൂണിഫോമിന്റെ യഥാർത്ഥ മാന്യത കേവലം അധികാരപ്രയോഗത്തിൽ മാത്രമല്ല, ആ അധികാരം മനുഷ്യത്വത്തോടെ വിനിയോഗിക്കുന്നതിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു" അദ്ദേഹം കുറിച്ചു.
മറ്റൊരു അനുഭവമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് അവിടുത്തെ പൊതുസ്ഥലങ്ങളിലെ ശുചിത്വമാണ്. വൃത്തിയുള്ള റോഡുകളുടെ വീഡിയോകൾ പങ്കുവെച്ചുകൊണ്ട്, രാജ്യത്തെ ശുചിത്വം ഉറപ്പാക്കുന്നതിൽ സർക്കാരിനേക്കാൾ വലിയ പങ്ക് പൗരന്മാർക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ കുറിപ്പിന് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആത്മപരിശോധന നടത്താനുള്ള അവസരമാണ് ഈ സംഭവങ്ങളെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. കുട്ടികളിൽ ചെറുപ്പത്തിലേ ഇത്തരം പൗരബോധവും ഉത്തരവാദിത്തവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പലരും ചൂണ്ടിക്കാട്ടി.
