'എന്‍റെ 82,007 രൂപ എവിടെ?'; വിമാനം റദ്ദാക്കിയിട്ട് 5 മാസം, മേയ്ക്ക് മൈ ട്രിപ്പ് റീഫണ്ട് വൈകിക്കുന്നെന്ന് യാത്രക്കാരൻ

Published : Sep 05, 2026, 08:04 AM IST
MakeMyTrip

Synopsis

വിമാനം റദ്ദാക്കിയതിനെ തുടർന്ന് ലഭിക്കേണ്ട 82,007 രൂപയുടെ റീഫണ്ട് അഞ്ച് മാസമായിട്ടും മേയ്ക്ക് മൈ ട്രിപ്പ് നൽകുന്നില്ലെന്ന് യാത്രക്കാരൻ ആരോപിക്കുന്നു. എതിഹാദ് എയർവേയ്സ് റീഫണ്ട് നൽകിയിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് ദിവിൻ ദിവാകരൻ എന്നയാൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പരാതി പങ്കുവെച്ചത്.

വിമാനം റദ്ദാക്കിയതിനെ തുടർന്ന് ലഭിക്കേണ്ട 82,007 രൂപയുടെ റീഫണ്ട് അഞ്ച് മാസമായി യാത്ര കമ്പനി വൈകുന്നതായി ആരോപിച്ച് ഒരു യാത്രക്കാരൻ രംഗത്ത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർലൈൻസ് റീഫണ്ട് തുക മേയ്ക്ക് മൈ ട്രിപ്പിന് കൈമാറിയെങ്കിലും പണം തനിക്ക് ലഭിച്ചില്ലെന്നാണ് യാത്രക്കാരന്‍റെ ആരോപണം. കൊച്ചി – ഡബ്ലിൻ യാത്രയ്ക്കായി എതിഹാദ് എയർവേയ്സിൽ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ തുകയാണ് ഇത്തരത്തിൽ മേകയ്ക്ക് മൈ ട്രിപ്പ് തരാതെ വൈകിപ്പിക്കുന്നതെന്ന് യുവാവ് ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റിൽ ആരോപിക്കുന്നു.

'എന്‍റെ 82,007 രൂപ എവിടെ?'

ദിവിൻ ദിവാകരൻ എന്ന യാത്രക്കാരനാണ് സമൂഹ മാധ്യമത്തിലൂടെയാണ് തനിക്ക് നേരിടേണ്ടിവന്ന അനുഭവം പങ്കുവെച്ചത്. “എന്‍റെ 82,007 രൂപ എവിടെ?”*എന്ന ചോദ്യം ഉയർത്തിയ ദിവിൻ, റീഫണ്ട് ലഭിക്കുന്നതിനായി മാസങ്ങളായി ശ്രമിച്ചിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചു. അഞ്ച് മാസമായി പണം ലഭിക്കാത്തത് തനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം എഴുതി. കൊച്ചിയിൽ നിന്ന് ഡബ്ലിനിലേക്കുള്ള യാത്രയ്ക്കായാണ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ വിമാനം എതിഹാദ് റദ്ദാക്കിയതോടെ യാത്ര മുടങ്ങി. തുടർന്ന് ടിക്കറ്റ് തുകയായ 82,007 രൂപ റീഫണ്ട് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും, പണം യാത്രക്കാരന്‍റെ അക്കൗണ്ടിലെത്താൻ വൈകുകയായിരുന്നു. എയർലൈൻസ് തുക റീഫണ്ട് ചെയ്തതായി പറയുമ്പോഴും ട്രാവൽ പ്ലാറ്റ്ഫോമായ മേയ്ക്ക് മൈ ട്രിപ്പിൽ നിന്നും തുക ക്രെഡിറ്റാകാനുണ്ടെന്ന് ദിവിൻ തന്‍റെ കുറിപ്പിൽ ആരോപിച്ചു.

പ്രതികരിക്കാതെ മേയ്ക്ക് മൈ ട്രിപ്പ്

ദിവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഇതോടെ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റീഫണ്ട് നടപടികൾ സംബന്ധിച്ച് യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന അഭിപ്രായങ്ങൾ ഉയർന്നു. എയർലൈൻസിൽ നിന്ന് റീഫണ്ട് അനുവദിച്ച ശേഷം ഇടനിലക്കാരനായ ട്രാവൽ പ്ലാറ്റ്ഫോം വഴി പണം ഉപഭോക്താവിലെത്തുന്നതിലെ കാലതാമസം യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കാമെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇതിനിടെ ദിവിന്‍റെ കുറിപ്പിന് താഴെ തങ്ങളുടെ സന്ദേശം നോക്കാൻ ആവശ്യപ്പെട്ട് എതിഹാദിന്‍റെ സന്ദേശമെത്തി. മറ്റ് ചിലർ മേയ്ക്ക് മൈ ട്രിപ്പ് ഇത്തരം ചില തട്ടിപ്പുകൾ നടത്താറുണ്ടെന്നും പണം നമ്മൾ നിരന്തരം റീഫണ്ട് ആവശ്യപ്പെട്ടില്ലെങ്കിലും ആ പണം അവർ തിരിച്ചെടുക്കുമെന്ന് ചിലർ ആരോപിച്ചു. എന്നാൽ ഇത്രയേറെ പേർ ടാഗ് ചെയ്തിട്ടും റീഫണ്ട് വൈകിയെന്ന യാത്രക്കാരന്‍റെ ആരോപണത്തിൽ മേയ്ക്ക് മൈ ട്രിപ്പിന്‍റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നടപടികളും സംബന്ധിച്ച ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും ചില‍ർ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

അധികാരത്തിനൊപ്പം മനുഷ്യത്വവും വേണം; ജർമ്മൻ പൊലീസിൽ നിന്നുണ്ടായ അനുഭവം പങ്കുവച്ച് മുൻ ഡെൽഹി പൊലീസ് ഉദ്യോഗസ്ഥൻ
ജെമിനിയെ വിശ്വസിച്ച് മലകയറ്റം, 14,000 അടി മുകളിൽ കുടുങ്ങി യുഎസ് സംഘം; ഒടുവിൽ രക്ഷാപ്രവർത്തനം