
വീട്ടിൽ പലപ്പോഴും സഹോദരങ്ങളെ ഒരുപോലെയാവണം എന്നില്ല മാതാപിതാക്കൾ കാണുന്നത്. ചിലർ മൂത്തവരെക്കൊണ്ട് ഒരുപാട് ജോലികൾ ചെയ്യിക്കുമെങ്കിൽ ചിലർ ഇളയവരെ കൊണ്ടായിരിക്കും അത് ചെയ്യിക്കുന്നത്. ഇത് സ്നേഹക്കുറവ് കൊണ്ടാകണം എന്നൊന്നും ഇല്ല. അതങ്ങനെ സംഭവിക്കുന്നതാണ്. എന്തായാലും, ദൂരെ നാട്ടിൽ ജോലി ചെയ്ത് ലീവിന് വരുന്ന മക്കൾ കരുതുന്നുണ്ടാവുക വീട്ടിലെത്തിയിട്ട് വേണം ജോലിഭാരം ഒക്കെ ഇറക്കിവച്ച്, നല്ല ഭക്ഷണം ഒക്കെ കഴിച്ച് ഒന്ന് വിശ്രമിക്കാൻ എന്നായിരിക്കും. എന്നാൽ, അമ്മമാർക്ക് പ്ലാൻ വേറെയായിരിക്കും. അത് ബന്ധുവീടുകളിലെ സന്ദർശനമോ, ഷോപ്പിംഗോ, വീട് വൃത്തിയാക്കലോ അങ്ങനെ എന്തും ആവാം. അതുപോലെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഹരിയാനയിൽ നിന്നുള്ള ഒരു അമ്മയും മകനുമാണ് വീഡിയോയിൽ ഉള്ളത്. മകൻ മുംബൈയിലാണ് ജോലി ചെയ്യുന്നത്. ലീവിന് നാട്ടിൽ വന്നതാണ്. എന്നാൽ, വന്നയുടനെ തന്നെ അമ്മ മകന് ചൂലെടുത്ത് നൽകിയാൽ എന്താവും അവസ്ഥ? അത് തന്നെയാണ് ഏറെക്കുറെ ഇവിടേയും സംഭവിച്ചത്. അമ്മ മകനെക്കൊണ്ട് ഫാൻ തുടപ്പിക്കുന്നതും കർട്ടൻ മാറ്റിയിടീക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.
യുവാവിന്റെ മൂത്ത സഹോദരനാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'തന്റെ ഇളയ സഹോദരൻ മുംബൈയിൽ നിന്നും വന്നിരിക്കുന്നത് ജോലിയിൽ നിന്നും ബ്രേക്ക് എടുക്കാനല്ല, പകരം ഇത് ചെയ്യാനാണ്' എന്ന് യുവാവ് തമാശയോടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത് കാണാം.
അമ്മയോടും, അവൻ ഇന്നലെ അർധരാത്രിക്കാണ് എത്തിയത്. നിങ്ങൾ എന്താണ് ഈ കാണിക്കുന്നത് എന്നെല്ലാം ചോദിച്ചുകൊണ്ട് അനിയനെ ജോലിയിൽ നിന്നും രക്ഷിക്കാൻ ചേട്ടൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, പ്രപഞ്ചത്തിലെ പോരാളി ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവർ മകനെ കൊണ്ട് ജോലി ചെയ്യിക്കുന്നത് തുടരുകയാണ്. വീട്ടിലെ ഇളയ മക്കളുടെ അവസ്ഥ ഇതാണ് എന്നാണ് വീഡിയോ ഷെയർ ചെയ്ത യുവാവ് പറയുന്നത്.
എന്തായാലും, വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. കാഴ്ച്ചക്കാരിൽ ഈ വീഡിയോ ചിരിപടർത്തി. ഹരിയാനയിലെ അമ്മമാർ ഇങ്ങനെയാണ് എന്ന് പലരും സമ്മതിച്ചു. ചിലർ പറഞ്ഞത് അമ്മമാരെല്ലാം ഇങ്ങനെയാണ് എന്നാണ്.