
ജർമ്മനിയിൽ നിന്നുള്ള ഒരു കോടീശ്വരനാണ് ഹെയ്ൻസ് ബി. അദ്ദേഹത്തിന് ഏഴ് വീടുകളും രണ്ട് അപാർട്‍മെന്റുകളും ഉണ്ട്. 80 വയസുകാരനായ അദ്ദേഹത്തിന്റെ ചില ജീവിതരീതികൾ പക്ഷേ ആരേയും അമ്പരപ്പിക്കുന്നതാണ്. വഴിയിൽ കണ്ടാൽ ഇയാൾ ഒരു കോടീശ്വരനാണ് എന്നൊന്നും ആരും പറയില്ല.
ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഹെയ്‍ൻ തന്റെ ഭക്ഷണവും ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും കണ്ടെത്തുന്നത് സമീപത്തെ ചവറ്റുകുട്ടകളിൽ നിന്നാണ്. ഇത് ചെലവ് ലാഭിക്കാനുള്ള മികച്ച വഴിയാണ് എന്നാണ് ഹെയ്‍ൻ പറയുന്നത്. അതുപോലെ തന്നെ അക്കൗണ്ടിൽ 1500 -ൽ താഴെ രൂപ മാത്രമാണ് അദ്ദേഹം നിലനിർത്തിയിരിക്കുന്നത്. അതിന് തൊട്ട് മുമ്പ് ആറ് കോടി രൂപ കൊടുത്ത് ഒരു പ്രോപ്പർട്ടി അദ്ദേഹം വാങ്ങിയത്രെ.
തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഡാർംസ്റ്റാഡിൽ നിന്നുള്ളയാളാണ് ഹെയ്ൻസ് ബി. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സീനിയർ ഓഫീസറായി വിരമിച്ച ആളാണ് അദ്ദേഹം. പെൻഷൻ ഇനത്തിൽ തന്നെ മാസം മൂന്ന് ലക്ഷം രൂപ ഹെയ്‍ൻസിന് കിട്ടും. വളരെ ചുരുക്കം ചില കാര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. അതിൽ ഇന്റർനെറ്റ് കണക്ഷനും ലാപ്‍ടോപ്പും അത്യാവശ്യമായതിനാലാണ് അവ തന്നെ താനുപയോഗിക്കുന്നത് എന്നാണ് ഹെയ്‍ൻസ് പറയുന്നത്. മാസം നാല് യൂറോ മാത്രമാണ് താൻ ചെലവഴിക്കുന്നത്, മിതമായി ജീവിക്കുക എന്നതാണ് തന്റെ രീതി. ചെറുപ്പകാലം മുതൽ തന്നെ താൻ അങ്ങനെയാണ് ജീവിച്ച് ശീലിച്ചത് എന്നും ഹെയ്‍ൻസ് പറയുന്നു.
എന്നാലും, ഇത്രയധികം സ്വത്തുള്ള ഇയാൾ എന്തിനാണ് ആളുകൾ ബാക്കിവച്ച ഭക്ഷണവസ്തുക്കൾ തിരഞ്ഞെടുക്കുന്നത് എന്ന സംശയം പ്രകടിപ്പിക്കുന്ന നിരവധിപ്പേരുണ്ട്. ഒന്ന് പണം ലാഭിക്കാൻ, രണ്ട് ഹെയ്ൻസ് പറയുന്നത് ഒരു കുടുംബത്തിന് കഴിക്കാനുള്ള ഭക്ഷണം വരെ ആളുകൾ പാഴാക്കി കളയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണസാധനങ്ങൾ പാഴാക്കി കളയാനുള്ളതല്ല, അതിനാലാണ് താൻ അവ ഉപയോഗപ്പെടുത്തുന്നത് എന്നാണ്.
മിക്കവാറും ഒരു തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിഞ്ഞ എണ്ണയുടെയും മറ്റും പാക്കറ്റുകളും ഒക്കെ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. ഇത് കൂടാതെ ചിലപ്പോഴൊക്കെ അയൽക്കാർ അദ്ദേഹത്തിന് എന്തെങ്കിലും ഭക്ഷണം വേലിക്കൽ വച്ചിട്ട് പോകും. അതുപോലെ തിരിച്ചും എന്തെങ്കിലും സമ്മാനങ്ങൾ അദ്ദേഹം അവർക്കും പകരം നൽകുമത്രെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം