
ശ്രീനിവാസനെയോർത്താൽ സിനിമയിഷ്ടപ്പെടുന്ന മലയാളി ചിരിക്കും. വിശേഷബുദ്ധിയുള്ളൊരു ചലച്ചിത്രകാരനെന്ന് മനസ്സിൽ പറയും. ഓർക്കുന്നത് ഒരു പുരുഷനാണെങ്കിൽ സ്വന്തം ദൗർബ്ബല്ല്യങ്ങളെയോർക്കും. ഇത് മലയാളസിനിമക്കും അതിന്റെ പ്രേക്ഷകർക്കും ഒരസാധാരണത്വമാണ്. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, സിനിമയുടെ ത്രികോണഘടനയിലൂടെ ചിരിയും ചിന്തയുമായി നീണ്ടുപോയ നാല് പതിറ്റാണ്ടുകൾ, ശ്രീനിവാസൻ എന്ന ചലച്ചിത്രകാരൻ കേരളീയസമൂഹത്തിലെ ഒരൊറ്റപ്പെട്ട അധ്യായമാണ്. മലയാളസിനിമയുടെ ചരിത്രത്തിൽ മറ്റൊരു കലാകാരനുമായും താരതമ്യത്തിനുള്ള പഴുത് ബാക്കിവയ്ക്കാത്ത ചലച്ചിത്രകാരനെന്ന നിലക്കാണ് ശ്രീനിവാസൻ മലയാളസിനിമ മുന്നോട്ടുവച്ച തനതുശൈലിയായി മാറുന്നത്.
വിലാപം പോലെ മനുഷ്യനെ കുത്തിനോവിക്കുന്ന മഹാഫലിതങ്ങളിൽ കൊത്തിയെടുത്ത വലിയ ചലച്ചിത്രാവിഷ്കാരങ്ങളുടെ ഒരു ശ്രേണി, മിക്കവാറും ഭാഷാചിത്രങ്ങൾക്കന്നപോലെ മലയാളസിനിമക്കുമുണ്ടായിരുന്നില്ല. ഈ അഭാവത്തിൽ ശ്രീനിവാസൻ മലയാളിജീവിതം എൺപതുകൾ മുതൽ കടന്നുപോയ ലളിതമായ നിസ്സഹായതകളിൽ നിന്നും ഒരു ഫലിതമുറ കണ്ടെടുത്തു. മധ്യവർഗ്ഗപദവിയിലേക്കുള്ള ഗ്രാമീണമലയാളിയുടെ ആ യാത്രകളിലൂറി നിന്ന നർമ്മമാണ് ശ്രീനിവാസൻ സിനിമകളിൽ ചാലിച്ചത്. ആ അർത്ഥത്തിൽ ശ്രീനിവാസൻ വെറുമൊരു ചലച്ചിത്രകാരനല്ല, മലയാളസിനിമ മുന്നോട്ടുവച്ച പുതിയൊരു ഭാവുകത്വമാണ്. ഫലിതമായിരുന്നു അതിനെ മുന്നോട്ടുനയിച്ച ഊർജ്ജമെങ്കിലും അതിൽ വിചാരണ ചെയ്യപ്പെട്ടത് കേരളീയ സമൂഹത്തിന്റെ ശീലായ്മകളത്രയുമാണ്. എൺപതുകളിലും തൊണ്ണൂറുകളിലുമായി മധ്യവർഗ്ഗ സ്വപ്നങ്ങളിലേക്ക് നടന്നടുത്തുകൊണ്ടിരുന്ന കേരളീയസമൂഹം നേരിട്ട ജീവിതമുഹൂർത്തങ്ങളിൽ സ്വയമറിയാതെ വെളിപ്പെട്ട, നിഷ്കളങ്കവും ചിലപ്പൊഴൊക്കെ ക്രൂരവുമായ നാട്യങ്ങളാണ് സ്രീനിവാസൻ സിനിമകളിലൂടെ വെളിപ്പെട്ടത്.
കണ്ണൂരിലെ പാട്യത്ത് ജനിച്ച് ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആഭിനയപഠനവും പൂർത്തിയാക്കി അരങ്ങേറാനെത്തിയ ശ്രീനിവാസനെന്ന നടന്റെ പിറവി സംഭവിച്ചത് ജനപ്രിയകോമഡിയിലല്ല, 1976 -ലെ പി. എ. ബക്കറിന്റെ 'മണിമുഴക്ക'മെന്ന പരീക്ഷണസിനിമയിലാണ്. ആ മണി മുഴങ്ങിയ ശേഷം ശ്രീനിക്കവസരങ്ങളും കുറഞ്ഞില്ല. നടനായ ശ്രീനിവാസന്റെ എഴുപതുകൾ കേരളസമൂഹത്തെ പിടിച്ചുകുലുക്കിയൊന്നുമില്ലെങ്കിലും മറ്റൊരു ശൈലിയുടെ വിത്ത് കിളിർക്കാൻ തുടങ്ങി. എഴുപതുകളിൽ ശ്രീനി തെളിഞ്ഞതും പരീക്ഷണ സിനിമകളിലൂടെ തന്നെ. കെ. ജി. ജോർജ്ജിന്റെ 'ഓണപ്പുടവ'യും 'മണ്ണും' ബക്കറിന്റെ 'സംഘഗാന'വും തേടിവന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിവേഷവുമായി വന്ന ശ്രീനാവാസനെന്ന നടന് മുന്നിൽ പരീക്ഷണസിനിമ കനിഞ്ഞത് തീർത്തും സ്വാഭാവികം. എൺപതുകളാരംഭിക്കുമ്പോഴും അത് തുടർന്നു.
മണിമുഴക്കം സിനിമയില്‍ നിന്ന്
കെ. ജി. ജോർജ്ജിന്റെ 'മേള'യിലും 'കോല'ങ്ങളിലും 'യവനിക'യിലും 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കി'ലും 'പഞ്ചവടിപ്പാല'ത്തിലും എം. ടിയുടെ 'വിൽക്കാനുണ്ട് സ്വപ്നങ്ങളിലും' ഐ. വി. ശശിയുടെ ഈ നാടിലും ജി. അരവിന്ദന്റെ 'ചിദമ്പര'ത്തിലും ശ്രീനിവാസൻ നടിച്ചു. എന്നുവച്ചാൽ ശ്രീനിവാസൻ കളി പഠിച്ചത് എഴുപതുകളിലെയും എൺപതുകളിലെയും പരീക്ഷണസിനിമകളിലൂടെ തന്നെയായിരുന്നു. 1983 -ലെത്തുമ്പോഴേക്കും ശ്രീനിവാസൻ ഒരു മാറ്റപ്രയോഗം നടത്തി. എൺപതുകളിലെ ജനപ്രിയസിനിമക്ക് അതനിവാര്യമായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ശ്രീനിവാസനെന്ന നടൻ തിരക്കഥാകൃത്തായി.
നിലനിൽക്കുന്ന സാമൂഹ്യാവസ്ഥകളോട് നിരന്തരം പ്രതികരിക്കുന്ന ശ്രീനിവാസനിലെ വിശേഷബുദ്ധിയുള്ള മനുഷ്യനും നടനും തന്നെയാണ് ആ പ്രതിഭയിൽ ഒരു തിരക്കഥാകൃത്തിന്റെ വിത്തിട്ടത്. നടനായ ശ്രീവാസനെക്കാളും ഉയരത്തിൽ തിരക്കഥാകൃത്തായ ശ്രീനിവാസൻ വളർന്നു. അതിലും താഴെയാണ് സംവിധായകനായ ശ്രീനിവാസന്റെ നില. 'മുത്താരം കുന്ന് പി. ഒ' എന്ന സിനിമയിലെത്തുമ്പോൾ ആ തിരക്കഥാകൃത്ത് പൊലിച്ചുതുടങ്ങി. എൺപതുകളിലെ അപ്പൊഴും ശക്തമായിരുന്ന കുടുംബാധിപത്യത്തിന്റെ മൂല്യബോധത്തിന് നടുവിൽ കേരളീയയുവത്വത്തിന്റെ സ്വപ്നങ്ങൾ ഞെരുങ്ങുന്നതിന്റെ നിഷ്കളങ്കമായ ഇരിക്കപ്പൊറുതിയില്ലായ്മയാണ് ആ ചിത്രങ്ങളെ ഫലിതമയമാക്കിയത്. മോഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ധാരാസിംഗുമായി ഗുസ്തിക്കിറങ്ങിയ പാവം മലയാളീപുരുഷൻ. സത്യത്തിൽ മാറിയ കാലത്തെ പ്രതീക്ഷയോടെ യുവത്വമേറ്റെടുക്കുമ്പോൾ ശീലമോ വിട്ടുവീഴ്ചയില്ലായ്മയോ ആയിത്തുടർന്ന മുൻതലമുറയുടെ മൂല്ല്യബോധവും തമ്മിലുണ്ടായ സംഘർഷത്തിൽ പിറന്നുവീണ ആ നർമ്മം, ജീവിതത്തെ ഓർമ്മപ്പെടുത്തി.
എൺപതുകളിലെ യുവത്വത്തിന്റെ ചിരപരിചിതമായ ആ ചളിപ്പിൽ നിന്നും ഒരു പ്രത്യേക സാമൂഹ്യാവസ്ഥയിലെ പുരുഷവ്യക്തിത്വത്തിന്റെ ആഴമളക്കാൻ ത്രാണിയുള്ളൊരു തളത്തിൽ ദിനേശൻ പിറവിയെടുക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഐഡന്റിറ്റി കേരളീയപുരുഷന്റെ നിസ്സഹായതയുടെ പശ്ചാത്തലത്തിൽ ആ സിനിമയിലൂടെ പുനപ്പരിശോധിക്കപ്പെട്ടു. മലയാളി പുരുഷൻ തളത്തിൽ ദിനേശനിൽ നിന്നും ഒന്നും പഠിച്ചില്ലെങ്കിലും ചിലത് മനസ്സിലാക്കി.
എൺപതുകളുടെ തുടക്കത്തിലെ ശ്രീനിവാസനെന്ന തിരക്കഥാകൃത്തും കൊമേഡിയനും കിളിർത്തത് പ്രിയദർശൻ സിനിമകളിലാണ്. പക്ഷെ, എൺപതുകളുടെ പകുതി മുതൽ മലയാളി പ്രേക്ഷകർ എക്കാലവും താലോലിച്ച പുതിയൊരു കോമ്പിനേഷൻ രൂപപ്പെട്ടു, ടി. 'പി. ബാലഗോപാലൻ എം, എ' എന്ന ചിത്രത്തിലൂടെ. മോഹൻലാൽ ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടായ്മ ഗ്രാമീണമലയാളി ജീവിതത്തെ ലക്ഷ്യമിട്ടു. അവിടുന്നങ്ങോട്ട് ശ്രീനിയുടെ ഫലിതം ശ്രീനിയറിഞ്ഞ ജീവിതം തന്നെയായി മാറുകയായിരുന്നു. സത്യത്തിൽ അന്തിക്കാട്ടെ കൊച്ചുവർത്തമാനങ്ങളിൽ സത്യൻ ഒതുങ്ങിയെങ്കിലും തിരക്കഥാകൃത്ത് ശ്രീനിവാസൻ അതിൽ മുഴുവൻ കേരളത്തെയും കണ്ടു.
അപ്പോഴേക്കും ഗ്രാമീണകേരളം പുതിയ സ്വപ്നങ്ങളെ താലോലിക്കാൻ തുടങ്ങിയിരുന്നു. നഗരം ഗ്രാമത്തിലേക്കും ഗ്രാമം നഗരത്തിലേക്കും വന്നു ചേരുകയായിരുന്നു എൺപതുകൾ മുന്നോട്ടുവച്ച പുതിയ സ്വപ്നങ്ങൾക്ക് നടുവിൽ വ്യക്തിയുടേയും സമൂഹത്തിന്റേയും മാറാത്ത ശീലങ്ങളൊരു കരയിൽ. തൊഴിലില്ലായ്മയും യുവത്വത്തിന്റെ സ്വപ്നങ്ങളും മറുകരയിൽ. കൂട്ടുകുടുംബവും ജന്മിത്തവും അസ്തമിച്ചതിന്റെ ഒറ്റപ്പെടൽ പിന്നൊരുകരയിൽ, ഇവതമ്മിലുള്ള ബലാബലങ്ങൾക്കിടയിലെ മനുഷ്യാവസ്ഥകളിൽ നിന്നാണ് ശ്രീനിവാസന്റെ കോമഡി ജീവിതത്തിനെന്നും വിധിക്കപ്പെട്ട ലളിതമായ നിസ്സഹായതകളിൽ നിന്നും പിറക്കുന്ന ശരിയായ ഫലിതമായി മാറാൻ തുടങ്ങിയത്. എൺപതുകളിൽ സത്യൻ അന്തിക്കാടും പ്രിയദർശനും ഒരുപോലെ ശ്രീനിവാസനെന്ന സാധ്യതയെ പരീക്ഷിച്ചു. രണ്ട് തരം സിനിമകളിലൂടെ. പ്രിയൻ ഫലിതങ്ങൾ ഒരു വിവർത്തനത്തിന്റെ സ്വഭാവം കാണിച്ചപ്പോൾ സത്യൻ സിനിമകൾ മനുഷ്യജീവിതത്തിന്റെ ഗ്രാമ്യതയും അതിന്റെ ധർമ്മസങ്കടങ്ങളും കൊണ്ട് നിറഞ്ഞു.
തൊണ്ണൂറുകളിൽ പുതിയ ഇന്ത്യ പിറന്നു. ആക്ഷേപഹാസ്യത്തിന് ശരിക്കും ഉത്തമകാലം. 'വടക്കുനോക്കിയന്ത്ര'ത്തിൽ നിന്നും ജീവിതാവസ്ഥകൊണ്ട് കേരളസമൂഹം 'തലയണമന്ത്ര'ത്തിലേക്ക് പുരോഗമിച്ചു. രാഷ്ട്രീയം തൊണ്ണൂറുകളിലെ മലയാളി കുടുംബാന്തരീക്ഷത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ഏറ്റവും സരസമായി 'സന്ദേശം' കാട്ടിത്തന്നു. സന്ദേശം അക്ഷരാർത്ഥത്തിൽ കേരളീയരാഷ്ട്രീയബോധത്തിന്റെ എക്കാലത്തെയും മികച്ച വ്യാഖ്യാനങ്ങളിലൊന്നുമായി. നടനും തിരക്കഥാകൃത്തും ഒരുപോലെ മുന്നേറുകയായിരുന്നു. കേരളീയജീവിതത്തിന്റെ ഗ്രാമീണഭാവം മങ്ങിത്തുടങ്ങിയ രണ്ടായിരാമാണ്ട് മുതൽ ശ്രീനിവാസൻ ഗൗരവം പൂണ്ടു. 'തകരച്ചെണ്ട'യും 'കഥ പറയുമ്പോഴു'മെല്ലാം കാലം കലാകാരനിൽ സംഭവിപ്പിച്ച മാറ്റം വിളിച്ചുപറയുന്നുണ്ടായിരുന്നു.
നാട്ടാചാരമനുസരിച്ച് തൊലിവെളുത്ത സുന്ദരവിഡ്ഢി പരിവേഷമില്ലാത്ത കറുത്ത നായകന്റെ കോംപ്ലക്സ് കൂടിയാണ് ശ്രീനിവാസൻ സിനിമകളെന്ന നിരീക്ഷണങ്ങളുമുണ്ടായിട്ടുണ്ട്. ഉടലും നിറവും രൂപവും സംബന്ധിച്ച ഒരു കലാകാരന്റെ ബോധ്യം ശ്രീനിവാസനെന്ന നടനെയും തിരക്കഥാകൃത്തിനെയും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, വെറും കോംപ്ലക്സിൽ പിറക്കാവുന്ന പ്രതിഭക്കുമപ്പുറം കടന്ന സിനിമകളുടെ നീണ്ട നിര ആ നിരീക്ഷണത്തിലെ ദോഷൈകദൃക്കിനെ പരിപൂർണ്ണമായും തള്ളിക്കളയും.
മനുഷ്യനെ തീക്ഷ്ണമായി മുറിവേൽപ്പിക്കുന്ന, പരമമായ നിലനിൽപ്പിന്റെ കറുത്ത ഫലിതങ്ങളുടെ മഹാമേരുക്കളല്ല, ശ്രീനിവാസൻ സിനിമകൾ, അത് പറഞ്ഞത് മനുഷ്യജീവിതത്തിന്റെ ലളിതമായ നിസ്സഹായതകളെ പറ്റിയാണ്. സിനിമാസ്വപ്നങ്ങളുമായി കോടമ്പാക്കത്തലഞ്ഞ കാലത്തെ അനുഭവങ്ങളും അതിനെ സമ്പന്നമാക്കി. ഇല്ലായ്മയുടെ അക്കാലത്ത് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്കുമുണ്ടായിരുന്നു, ശ്രീനിവാസന്റെ വാടകമുറിയിൽ ഇത്തിരിയിടം. മലയാളസിനിമ ഫലിതത്തെ പ്രതിഷ്ഠിച്ചത് സിനിമാറ്റിക്കായ മുഹൂർത്തങ്ങളിലൂടെയല്ല, വെറും ഡയലോഗിലാണ്. ആ ശീലം ശ്രീനിവാസൻ സിനിമകളും പിന്തുടർന്നു. അതുകൊണ്ടുതന്നെ നർമ്മത്തിന്റെ മഹോന്നതങ്ങളെ സ്പർശിക്കാവുന്ന സിനിമകളും നമുക്കില്ല. പക്ഷെ ആ ഉയരത്തിലേക്ക് നടന്നെത്താവുന്ന മലായളസിനിമയിലെ അപൂർവ്വം കഥാപാത്രങ്ങളിലൊന്ന് തളത്തിൽ ദിനേശനാണ്.
'ഉദയനാണ് താര'ത്തിൽ ശ്രീനിവാസൻ തനിനിറം കാട്ടി. താരസങ്കൽപ്പത്തെ താറുടുത്ത് ശരിക്കൊരു വിഗ്രഹഭഞ്ജകനായി. സിനിമക്കുള്ളിൽ നിന്നും സിനിമയുടെ ദൗർബ്ബല്ല്യത്തെ ഇങ്ങനെ പരിഹസിക്കാൻ മലയാളത്തിൽ ഒരു ശ്രീനിവാസനെ കഴിഞ്ഞിട്ടുമുള്ളു. സ്വയംവിമർശനത്തിന് സ്വയം സമർപ്പിക്കാനുള്ള കലാപരമായ സന്നദ്ധതയാണ് ശ്രീനിവാസനെന്ന പ്രതിഭയുടെ മെച്ചം. രൂപം, ശബ്ദം, നിറം, ശരീരം എന്നിവയിൽ നാട്ടാചാരമനുസരിച്ചുള്ള കുറവുകളോരോന്നും സിനിമയിൽ ശ്രീനിവാസന്റെ മേൻമയായി. ഗൗരവമുള്ള വേഷങ്ങളെ മാറ്റി നിർത്തിയാൽ നടനായ ശ്രീനിവാസനെന്നും തന്റെ പ്രകടനത്തിൽ നാടകീയമായ ഒരു സ്റ്റൈലൈസേഷൻ നിലനിർത്തി, അത് ശ്രീനിവാസന്റെ തനിമയായിട്ടാണ് മലയാളി കണ്ടത്. അതിലൂടെ ശ്രീനി മലയാളിയുടെ അപകർഷതാബോധത്തിന്റെ മർമ്മം തൊട്ടു. പ്രപഞ്ചം കീടക്കാൻ കരുത്തുള്ള നായകൻമാർക്ക് മുന്നിൽ ശ്രീനിയവതരിപ്പിച്ച ആ കഥാപാത്രങ്ങൾ പലപ്പൊഴും പ്രതിനായകനായി വളർന്നു. മലയാളിഭാവനയിൽ ശ്രീനിവാസൻ ഫലിതത്തോടും അപകർഷതാബോധത്തോടും അത്രയും ചേർത്തുവിളക്കപ്പെട്ട് കഴിഞ്ഞു. അട്ടഹസിക്കുന്ന സിനിമകളുടെ അതിവർഷകാലത്താണ് ശ്രീനിവാസൻ ആരവങ്ങളില്ലാതെ ഒരു വലിയ പ്രേക്ഷകസമൂഹത്തിന് സിനിമയിലൂടെ ആത്മവിശ്വാസം കൊടുത്തത്.
സത്യത്തിൽ ശ്രീനിവാസൻ സിനിമകൾ മലയാളസിനിമയുടെ ഏത് ശാഖയിലാണുൾപ്പെടുന്നത്. ആർട്ട് സിനിമയും മധ്യവർത്തി സിനിമയും സമാന്തരസിനിമയും ജനപ്രിയസിനിമയുമായി ഒഴുകുന്ന മലയാള ചലച്ചിത്രവ്യവസായത്തിൽ ശ്രീനിവാസൻ മുഖ്യധാരയുടെ ഭാഗം തന്നെയായിരുന്നു. അതിൽ ഭൂരിപക്ഷം സിനിമകളും മുഖ്യധാരാസിനിമകളുടെ ബദൽസിനിമകളുമായിരുന്നു. മുഖ്യധാരക്കുള്ളിലെ തന്നെ ഈ അകലത്തെ ശ്രീനി മറികടന്നത് ഫലിതം കൊണ്ടാണ്. തീർത്തും ഗ്രാമീണമായ ഒരു സാധാരണത്വം കൊണ്ടാണ്. ഈ സമൂഹത്തെ നിരന്തരം നിരീക്ഷിച്ച ബുദ്ധിയുള്ളൊരു മനുഷ്യന്റെ സിദ്ധി കൊണ്ടാണ്. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ മറ്റൊന്നിന്റെയും പകർപ്പായിരുന്നില്ല, ശ്രീനിവാസൻ ശ്രീനിവാസൻ മാത്രമാണ്.
ഒരു കലാകാരൻ ഈ സമൂഹത്തിലേറ്റെടുക്കേണ്ട ദൗത്യമെന്താണെന്ന വാചകമടിക്കപ്പുറം ശ്രീനിവാസൻ വ്യക്തിജീവിതത്തിലും തന്റെ വഴി വെട്ടിത്തെളിച്ചു. സ്വതന്ത്രമായ നിലപാടുകളോടെ. പാടത്തും വെള്ളിത്തിരയിലും ശ്രീനി നടിച്ചു. സിനിമയുടെ ക്ലൈമാക്സിൽ ശ്രീനിയെ ആവേശിച്ചത് കൃഷിയായത് എന്തുകൊണ്ടാവും. മണ്ണും മനുഷ്യനും ദേശവും ജീവിതവും അസ്ഥിവാരമിട്ടൊരു മനസ്സുകൊണ്ടാണ് ശ്രീനി നടിച്ചത്, അതേ മനസ്സിലാണ് ഈ സിനിമകളത്രയും പിറന്നത്. ആ മനസ്സ് സിനിമ വിട്ടാൽ മറ്റെവിടേക്ക് പോകും, മണ്ണിലേക്കല്ലാതെ.