ഒളിച്ചിരുന്ന് ആക്രമിച്ച് മാവോയിസ്റ്റുകള്‍; ഛത്തീസ്ഗഡ് ആക്രമണത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍

By Web TeamFirst Published Apr 5, 2021, 11:27 AM IST
Highlights

സൈനികരെ തുറസ്സായ ഒരു പ്രദേശത്തേക്ക് തുരത്തി അവിടെ വെച്ച് വെടിവെച്ചും, വാളിന് വെട്ടിയും കൊലപ്പെടുത്തുകയാണ് മാവോയിസ്റ്റുകൾ ചെയ്തത്. 

ബീജാപ്പൂരിൽ വെച്ച് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ സിആർപിഎഫിന്റെ 22 സൈനികർ കൊല്ലപ്പെടുകയും, ഒരാളെ കാണാതാവുകയും 31 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്ന നിമിഷം മുതൽ അന്തരീക്ഷത്തിലുള്ള ചോദ്യമിതാണ്. രണ്ടായിരം പേരടങ്ങുന്ന സുരക്ഷാ സേനയുടെ വലിയൊരു ദളം തന്നെ പങ്കെടുത്ത ഈ ഓപ്പറേഷൻ ഇങ്ങനെ ഒരു ദുരന്തത്തിൽ ചെന്ന് കലാശിച്ചതെങ്ങനെയാണ്?

പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി എന്ന മാവോയിസ്റ്റ് സംഘടനയുടെ ഒന്നാം ബറ്റാലിയൻ കമാണ്ടർ ഹിഡ്മ, ബീജാപ്പൂർ ഉൾക്കാടുകളിൽ താനുണ്ട് എന്ന മട്ടിലുള്ള ഒരു ഇന്റലിജൻസ് വിവരം അറിഞ്ഞുകൊണ്ടുതന്നെ ചോർത്തി നൽകുകയും, അത് വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ട സിആർപിഎഫിന്റെ കോമ്പിങ് ‌ഓപ്പറേഷൻ ടീമുകളിൽ ഒന്ന്, ഇതേ ഗറില്ലാ ആർമി വിരിച്ച വലയിലേക്ക് ചെന്ന് കയറിക്കൊടുക്കുകയുമാണ് ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

 

ബീജാപൂരിൽ കമാണ്ടർ  ഹിഡ്മ ഒളിച്ചിരിപ്പുണ്ട് എന്നതായിരുന്നു സുരക്ഷാ സേനക്ക് കിട്ടിയ രഹസ്യവിവരം. ഈ വിവരത്തിന്റെ ബലത്തിലാണ്, ബീജാപ്പൂരിലെ ടാരേം, ഉസുർ, പാമർ എന്നെ ക്യാമ്പുകളിൽ നിന്നും, സുഖ്‌മയിലെ മിൻപാ, നർസാപുരം എന്നിവിടങ്ങളിൽ നിന്നുമുള്ള സൈനികർ ഒത്തുചേർന്ന് രണ്ടായിരത്തോളം പേരടങ്ങിയ ഒരു വലിയ സംഘമായി ബീജാപ്പൂരിലെ ഉൾവനത്തിനുള്ളിലേക്ക് തിരച്ചിലിനായി പുറപ്പെടുന്നത്. അതിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, കോബ്ര ഫോഴ്‌സ്, സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ്, സിആർപിഎഫ് എന്നീ സുരക്ഷാ സേനകളിലെ അംഗങ്ങൾ ഉണ്ടായിരുന്നു. പല സംഘങ്ങളായി പിരിഞ്ഞായിരുന്നു ഒരേസമയമുള്ള ഈ വൻ ഓപ്പറേഷൻ പുരോഗമിച്ചത്. 

അക്കൂട്ടത്തിലെ 400 പേരടങ്ങുന്ന ഒരു സംഘമാണ് ജോനാഗുഡ ഗ്രാമത്തിലേക്ക് തിരച്ചിലിനായി ചെന്നത്. ഗ്രാമത്തിൽ എത്തി അവിടെ ആരെയും കാണാതെ അവർ തിരികെ ക്യാമ്പിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് മൂന്നു ഭാഗത്തുനിന്നും വളഞ്ഞ 250 -ലധികം വരുന്ന മാവോയിസ്റ്റ് ഗറില്ലകൾ അവർക്കുനേരെ അപ്രതീക്ഷിതമായ ആക്രമണം അഴിച്ചുവിടുന്നത്. ആദ്യം റോക്കറ്റ് ലോഞ്ചറുകൾ കൊണ്ട് ആക്രമണം തുടങ്ങിയ അവർ പിന്നീട് ലൈറ്റ് മെഷീൻ ഗണ്ണുകൾ കൊണ്ട് ആക്രമണം കടുപ്പിച്ചു. മൂന്നു മണിക്കൂറോളം ഈ വെടിവെപ്പ് തുടർന്ന് എന്നും, പിഎൽജിഎ  ശക്തികേന്ദ്രമായ ആ പ്രദേശത്തുള്ള ഗ്രാമവാസികളും മാവോയിസ്റ്റുകൾക്കൊപ്പം ചേർന്നതാണ് സുരക്ഷാ സേനയുടെ ഭാഗത്ത് ഇത്രയധികം ആളപായമുണ്ടാകാൻ കാരണമെന്നും സിആർപിഎഫ് വൃത്തങ്ങൾ പറഞ്ഞു. 

അതീവ രഹസ്യമായി നടത്തപ്പെട്ട ഈ ഓപ്പറേഷന്റെ പ്ലാനിങ്ങിൽ തുടക്കം തൊട്ടുതന്നെ പാളിച്ചകൾ ഉണ്ടായിരുന്നു എന്ന് ആക്രമണത്തെ അതിജീവിച്ച ജവാന്മാർ വെളിപ്പെടുത്തി. പോകും വഴി ചില ഗ്രാമങ്ങളിൽ ഒരാൾ പോലും കാണാതിരുന്നത് വളരെ അസ്വാഭാവികമായിരുന്നു എന്നും ആക്രമണം ഉണ്ടായ ശേഷമാണ് ആ അസ്വാഭാവികത സംഘത്തിൽ പലർക്കും ബോധ്യപ്പെട്ടതെന്നും ജവാന്മാർ പറഞ്ഞു. ടാരേമിന് 12 കിലോമീറ്റർ അപ്പുറമുള്ള തെക്കുലുഗുഡാം എന്ന സ്ഥലത്തുവെച്ചാണ് ഈ വെടിവെപ്പിന് തുടക്കമാവുന്നത്. ആക്രമണമുണ്ടായപ്പോൾ പ്രദേശത്തെ വീടുകളിൽ ഒളിക്കാൻ ശ്രമിച്ച സൈനികരെ ഹാൻഡ് ഗ്രനേഡുകളും, യന്ത്രത്തോക്കുകളും ഒക്കെയായി ആക്രമിക്കുകയും, തുടർന്ന് അവരെ തുറസ്സായ ഒരു പ്രദേശത്തേക്ക് തുരത്തി അവിടെ വെച്ച് വെടിവെച്ചും, വാളിന് വെട്ടിയും കൊലപ്പെടുത്തുകയാണ് മാവോയിസ്റ്റുകൾ ചെയ്തത്. 

പ്രദേശത്ത് പരമാവധി  60 -70 മാവോയിസ്റ്റുകൾ മാത്രമേ ഉണ്ടാകൂ എന്ന പ്രതീക്ഷയിലാണ് നാനൂറുപേരടങ്ങുന്ന സംഘമായി സുരക്ഷാ സേന വന്നതെങ്കിലും, ഒളിച്ചിരുന്ന മാവോയിസ്റ്റുകളുടെ എണ്ണം അതിലും എത്രയോ കൂടുതലായിരുന്നു. ഒളിച്ചിരുന്ന് ആക്രമിച്ച് ജവാന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകൾ അവരുടെ ആയുധങ്ങളും, റേഡിയോ സീറ്റുകളും, ബൂട്സുകൾ വരെയും ഊരിക്കൊണ്ടു പോയി എന്നാണ് രക്ഷപ്പെട്ട മറ്റുള്ള സൈനികർ പറയുന്നത്. എന്തായാലും ഈ അക്രമണത്തോടെ കാട്ടിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകൾക്കായുള്ള കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ് സുരക്ഷാ സേനകൾ.

click me!