70 വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഒരു കത്ത്, അപൂർവമായ ഒരു കൂടിച്ചേരലിന്റെ കഥ!

By Web TeamFirst Published Apr 4, 2021, 11:32 AM IST
Highlights

അങ്ങനെ ജിമ്മിന്‍റെ കുടുംബം ഫ്രെഡിനെ ഓണ്‍ലൈനില്‍ കണ്ടെത്തി, ജിമ്മിനോട് അദ്ദേഹത്തിന്‍റെ കുടുംബം ഫ്രെഡിന് കത്ത് എഴുതാന്‍ പറഞ്ഞു. ഒരു മുന്‍ സ്റ്റേറ്റ് സെനറ്ററും ഒറിഗോണിലെ ഒരു എപിസ്കോപ്പല്‍ പുരോഹിതനും ആയിരുന്നു ഫ്രെഡ്.

ഇന്ന് സൗഹൃദങ്ങൾ വളരെ വേ​ഗത്തിൽ സംഭവിക്കുന്ന ഒന്നാണ്. സൗഹൃദങ്ങൾ മാത്രമല്ല. എല്ലാത്തരം ബന്ധങ്ങളും അതേ. എളുപ്പത്തിൽ വിളിക്കാനും കാണാനും എല്ലാമുള്ള സൗകര്യങ്ങളെല്ലാം സാങ്കേതിക വിദ്യ നമുക്ക് തരുന്നുമുണ്ട്. ലോകത്തിന്റെ ഏത് കോണിലിരുന്നും എപ്പോൾ വേണമെങ്കിലും കാണാനും സംസാരിക്കാനും എല്ലാം കഴിയുന്ന അവസരവും നമുക്ക് ഉണ്ട്. എന്നാൽ, ഇതൊന്നും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. അന്ന് സൗഹൃദങ്ങൾ ഉണ്ടായി വന്നത് മറ്റ് പല തരത്തിലും ആയിരുന്നു. അതിൽ ഒന്നാണ് തൂലികാ സൗഹൃദങ്ങൾ. പരസ്പരം അറിയാത്ത മനുഷ്യർ കത്തുകളെഴുതുകയും സുഹൃത്തുക്കളായിരിക്കുകയും ചെയ്യുന്ന കാലം. അങ്ങനെ വർഷങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളായിരിക്കുകയും പതിയെ ബന്ധം അറ്റ് പോകുകയും ചെയ്‍ത രണ്ട് തൂലികാ സുഹൃത്തുക്കൾ 70 വർഷങ്ങൾക്ക് ശേഷം അവരുടെ സൗഹൃദം തിരിച്ചെടുക്കുകയുണ്ടായി. ഒരാൾ, അമേരിക്കയിലും മറ്റൊരാൾ അയർലൻഡിലും. അവരെങ്ങനെ ആണ് പരസ്പരം വീണ്ടും കണ്ടെത്തിയത്? 

'എന്‍റെ ഭാര്യയാണ് വന്ന് പറയുന്നത്, ഫ്രെഡ് അയര്‍ലന്‍ഡില്‍ നിന്നും നിങ്ങള്‍ക്കൊരു കത്തുണ്ട് എന്ന്. അത് കേട്ടപ്പോ ഞാന്‍ ഞെട്ടിപ്പോയി. അയര്‍ലന്‍ഡില്‍ നിന്നുള്ള ആരെയും എനിക്കറിയില്ലല്ലോ. പിന്നെ ആരാണ് എനിക്ക് അവിടെ നിന്നും കത്തെഴുതാൻ എന്നാണ് ഞാന്‍ ചിന്തിച്ചത്' -ഫ്രെഡ് പറയുന്നു. 

ആ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു, 

ഡിയര്‍ റവറന്‍ഡ് ഫ്രെഡ്, ഇതൊരു അപ്രതീക്ഷിതമായ കത്താണ് എന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. അയര്‍ലന്‍ഡില്‍ നിന്നുമുള്ള ഈ കത്ത് നിങ്ങളെ സന്തോഷിപ്പിക്കും എന്ന് ഞാന്‍ കരുതുന്നു. 

വിശ്വസ്‍തതയോടെ,
ജിം ജോണ്‍സ്റ്റണ്‍

അതേ, അത് ഫ്രെഡ് എന്ന തന്റെ തൂലികാ സുഹൃത്തിന് എഴുപത് വർഷങ്ങൾക്ക് ശേഷം ജിം ജോൺസ്റ്റൺ എഴുതിയ കത്തായിരുന്നു. എങ്ങനെയാണ് ഫ്രെഡിന് കത്തെഴുതി തുടങ്ങുന്നത് എന്നതിനെ കുറിച്ച് ജിം ജോണ്‍സ്റ്റണ്‍ പറയുന്നത് ഇങ്ങനെ: '1950 -കാലഘട്ടത്തിലാണ്. എനിക്കന്ന് പതിനൊന്നോ പന്ത്രണ്ടോ വയസാണ് പ്രായം. കുട്ടികള്‍ക്കുള്ള ഒരു മാഗസിനിലാണ് ഞാനാ പരസ്യം കാണുന്നത്. നിങ്ങള്‍ക്ക് ഒരു തൂലികാ സുഹൃത്തിനെ വേണം എന്നുണ്ടെങ്കില്‍ പേര് നല്‍കാം എന്ന പരസ്യം. ഞാനും പേര് നല്‍കി. പിന്നെ, ആരാണ് നിങ്ങളുടെ സുഹൃത്തായിട്ടുണ്ടാകുക എന്നുള്ളതിന്‍റെ കാത്തിരിപ്പാണ്. എനിക്ക് സുഹൃത്തായി കിട്ടിയത് ഫ്രെഡ് ഹെര്‍ഡ് എന്ന് പേരായ ഒരു കുട്ടിയെ ആയിരുന്നു. ഒറിഗോണില്‍ നിന്നും ആണ് അവൻ കത്ത് എഴുതിയിരിക്കുന്നത്. ഒരിക്കല്‍ ഒരു കത്തില്‍ എനിക്ക് ചുവന്ന തലമുടി ആണോ എന്ന് ഫ്രെഡ് ചോദിക്കുകയുണ്ടായി. കാരണം, അവനന്ന് കരുതിയിരുന്നത് എല്ലാ ഐറിഷ് ആളുകള്‍ക്കും ചുവന്ന തലമുടിയാണ് എന്നായിരുന്നു.' 

കുറേ മാസങ്ങള്‍ ഇരുവരും തമ്മില്‍ കത്തുകള്‍ എഴുതി. പിന്നെ, ആ കത്തെഴുത്ത് നിലച്ചു. പക്ഷേ, ഞാന്‍ ആ പേര് ഒരിക്കലും മറന്നിരുന്നില്ല. 'കൊവിഡ് നിയന്ത്രണ കാലത്താണ് എന്‍റെ മകളും അവളുടെ മകനും എന്നെ സന്ദര്‍ശിക്കുന്നത്. ഞങ്ങള്‍ പൂന്തോട്ടത്തില്‍ ഇരിക്കുകയായിരുന്നു അപ്പോഴാണ് എന്നില്‍ ആ ചിന്ത കടന്നു വന്നത്. ഇന്നത്തെ കാലത്ത് നമുക്ക് ഒട്ടുമിക്ക ആളുകളുമായി മിക്കവാറും ബന്ധം നിലനിര്‍ത്താന്‍ ആവുന്നുണ്ടല്ലോ. അങ്ങനെ ഞാന്‍ കൊച്ചുമോനോട് പറഞ്ഞു, എന്‍റെ കുട്ടിക്കാലത്ത് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അമേരിക്കയിലുള്ള ഫ്രെഡ് ഹേര്‍ഡ് എന്ന് പേരായ അവന് ഞാന്‍ കത്തുകള്‍ എഴുതാറുണ്ടായിരുന്നു.' ജിം ജോൺസ്റ്റൺ പറയുന്നു. 

അങ്ങനെ ജിമ്മിന്‍റെ കുടുംബം ഫ്രെഡിനെ ഓണ്‍ലൈനില്‍ കണ്ടെത്തി, ജിമ്മിനോട് അദ്ദേഹത്തിന്‍റെ കുടുംബം ഫ്രെഡിന് കത്ത് എഴുതാന്‍ പറഞ്ഞു. ഒരു മുന്‍ സ്റ്റേറ്റ് സെനറ്ററും ഒറിഗോണിലെ ഒരു എപിസ്കോപ്പല്‍ പുരോഹിതനും ആയിരുന്നു ഫ്രെഡ്. ആദ്യത്തെ കത്ത് കൈ കൊണ്ട് എഴുതിയത് തന്നെ ആയിരുന്നു. 'അത് വായിച്ചയുടനെ ഞാന്‍ പറഞ്ഞു, എനിക്കൊരു തൂലികാസുഹൃത്തുണ്ടായിരുന്നു. അതേ, ഇത് അവന്‍ തന്നെയാണ്. ഞാനവന് തിരികെ മറുപടി എഴുതി. പിന്നീട്, രണ്ടുപേരുടെ ഭാര്യമാരെയും കൂടി ചേര്‍ത്ത് സൂം കോള്‍ വഴി ഞങ്ങള്‍ പരസ്‍പരം കണ്ടു. അതായിരുന്നു ഞങ്ങള്‍ തമ്മില്‍ ചിത്രത്തിലല്ലാതെ ആദ്യമായി കാണുന്ന നിമിഷം. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രായമായിരുന്നു. രണ്ട് പഴയ സുഹൃത്തുക്കള്‍, വളരെ അടുപ്പമുള്ളവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതു പോലെ ആയിരുന്നു അത്. എപ്പോഴാണോ കൊവിഡില്‍ നിന്നും ഒന്ന് സുരക്ഷിതമാണ് എന്ന അവസ്ഥ വരുന്നത് അപ്പോള്‍ തന്നെ ഒറിഗോണിലേക്ക് വരാന്‍ ഞങ്ങള്‍ ജോണ്‍സ്റ്റണോട് പറഞ്ഞിട്ടുണ്ട്' എന്ന് ഫ്രെഡും പറയുന്നു.  

എല്ലാ മോശം വാര്‍ത്തകള്‍ക്കും മീതെ വന്ന് വീശിയ ഒരു വെളിച്ചമായിരുന്നു ആ നിമിഷമെന്ന് ഇരുവരും കരുതുന്നു. ലോകം അത്ര അകലെയൊന്നും അല്ല. പരസ്പരം സൗഹൃദം ഉണ്ടാവാൻ ദൂരമോ കാലമോ ഒന്നും ഒരു തടസമല്ല എന്നും ഇരുവരും പറയുന്നു. ഇപ്പോൾ, എത്രയും പെട്ടെന്ന് കണ്ടുമുട്ടാനുള്ള ആഗ്രഹത്തിലാണ് ഇരുവരും.  

(ഉൾചിത്രങ്ങൾ പ്രതീകാത്മകം)

click me!