കള്ളം പറയുന്നവരെ എങ്ങനെ തിരിച്ചറിയാം? മുൻ സിഐഎ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ വൈറൽ; ശ്രദ്ധിക്കേണ്ടത് ഈ സൂചനകൾ!

Published : Nov 13, 2026, 01:04 PM IST
Michele Rigby Assad

Synopsis

മുൻ സിഐഎ ഉദ്യോഗസ്ഥ മിഷേൽ റിഗ്ബി അസാദ് കള്ളം പറയുന്നവരെ എങ്ങനെ തിരിച്ചറിയാമെന്ന് വ്യക്തമാക്കുന്നു. ഒരാളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങളും അവർ പറയാതെ വിടുന്ന കാര്യങ്ങളും നിരീക്ഷിക്കുന്നത് ഇതിന് സഹായിക്കും. ഡബിൾ ഏജന്റുമാരെ പിടികൂടിയ സ്വന്തം അനുഭവങ്ങളും അവർ പങ്കുവെക്കുന്നു.

ഒരാൾ കള്ളം പറയുകയാണോയെന്ന് തിരിച്ചറിയാൻ കണ്ണിൽ നോക്കിയുള്ള സംസാരം, പരിഭ്രമം തുടങ്ങിയ പതിവ് സൂചനകൾ മാത്രം മതിയാകില്ലെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥ മിഷേൽ റിഗ്ബി അസാദ്. ഒരാളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള ചെറിയ മാറ്റങ്ങളും അവർ പറയാതെ ഒഴിവാക്കുന്ന കാര്യങ്ങളും ശ്രദ്ധിച്ചാൽ ചിലപ്പോൾ സത്യം കണ്ടെത്താനാകുമെന്ന് പത്ത് വർഷം സിഐഎയുടെ രഹസ്യ ഏജന്‍റായി പ്രവർത്തിച്ച അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ അവർ പറയുന്നു. ബിസിനസ് ഇന്‍സൈഡറിന് നൽകിയ അഭിമുഖത്തിലാണ് മിഷേൽ റിഗ്ബി അസാദ് തന്‍റെ നിരീക്ഷണങ്ങൾ പങ്കുവച്ചത്.

ഡബിൾ ഏജന്‍റിനെ പിടികൂടിയ നിരീക്ഷണം

മിഡിൽ ഈസ്റ്റിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായിരുന്ന കാലത്ത് സംശയിക്കപ്പെട്ട ഒരു അറബ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥനെ നിരീക്ഷിച്ച അനുഭവമാണ് അസാദ് പങ്കുവെച്ചത്. ഇയാൾ മറ്റൊരു രാജ്യത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു സംശയം. മണിക്കൂറുകളോളം സംസാരിക്കുന്നതിനിടെ ആദ്യം അയാളുടെ സ്വാഭാവിക ശരീരഭാഷ അവർ നിരീക്ഷിച്ചു. പിന്നീട് ചില രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചു. പ്രത്യേകിച്ചൊരു രാജ്യത്തിന്‍റെ പേര് കേട്ടപ്പോൾ ഇയാൾ പെട്ടെന്ന് നേരെയിരുന്ന് പിന്നിലെ തലയണ എടുത്ത് മുറുകെ കെട്ടിപ്പിടിച്ചു. വിഷയം മാറിയപ്പോൾ സാധാരണ നിലയിലായി. അതേ രാജ്യം വീണ്ടും പരാമർശിച്ചപ്പോഴും സമാന പ്രതികരണമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആ രാജ്യത്തിനുവേണ്ടി കൂടി രഹസ്യമായി പ്രവർത്തിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. ചോദ്യങ്ങളിൽ അസ്വസ്ഥനായ മറ്റൊരു വ്യക്തി കൊക്കക്കോള കാനുകൾ അടുക്കിവെച്ച് തനിക്കുമുന്നിൽ മറ തീർത്തതായും ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരാൾ പെട്ടെന്ന് മുറിവിട്ട് ശുചിമുറിയിലേക്ക് ഓടിയതായും അസാദ് ഓർത്തെടുത്തു.

പറയാതെ വിടുന്ന കാര്യങ്ങൾ

എന്നാൽ, ഇത്തരം പ്രവൃത്തികൾ മാത്രം കള്ളത്തരത്തിന്‍റെ തെളിവല്ലെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഒരാളുടെ പതിവിൽനിന്നുള്ള വ്യതിയാനങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പറയുന്ന കാര്യങ്ങൾക്കൊപ്പം പറയാതെ ഒഴിവാക്കുന്ന വിവരങ്ങളും പരിശോധിക്കണം. സംശയം തോന്നിയ ഒരു ഇരട്ട ഏജന്‍റിനെ എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും ആ കൂടിക്കാഴ്ചയിൽ നിന്നും തനിക്ക് പ്രയോജനകരമായ ഒന്നും കിട്ടിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ആ കൂടിക്കാഴ്ച സംബന്ധിച്ച് എഴുതിയ കുറിപ്പുകൾ രണ്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും നോക്കിയപ്പോൾ നേരത്തെ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം അവർ തിരിച്ചറിഞ്ഞു. താൻ എതിർക്കുന്നുവെന്ന് അവകാശപ്പെട്ട സർക്കാരിനെക്കുറിച്ച്, ആ വ്യക്തി ഒരിക്കൽ പോലും മോശമായി സംസാരിച്ചിരുന്നില്ലെന്നതായിരുന്നു അത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. കാരണം, യഥാർത്ഥത്തിൽ അയാൾ ആ സർക്കാരിന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുകയായിരുന്നു. ആ കൂടിക്കാഴ്ചയെക്കുറിച്ച് വീണ്ടും ചിന്തിച്ചപ്പോൾ, സർക്കാർ വിമർശനങ്ങൾ അയാൾ ഒഴിവാക്കിയത് തന്‍റെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മനസിലായെന്നും അവർ പറയുന്നു. പ്രത്യേകിച്ചും ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ചെറിയ കാര്യങ്ങൾ പോലും എത്രത്തോളം പ്രധാനമാണെന്ന് അവരുടെ ഈ അനുഭവം കാണിച്ചുതരുന്നു. പെരുമാറ്റത്തിലെ മാറ്റങ്ങൾ, അസാധാരണമായ പ്രതികരണങ്ങൾ, ബോധപൂർവ്വം വിട്ടുപോകുന്ന വിവരങ്ങൾ എന്നിവ പലപ്പോഴും വാക്കുകളേക്കാൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയേക്കാം.

PREV
Read more Articles on
click me!

Recommended Stories

'കുഴികൾ നിറഞ്ഞ റോഡുകൾ, തകർന്നുവീഴുന്ന പാലങ്ങൾ, മലിനീകരണം'; ഇന്ത്യൻ ഭരണ സംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നാരായണ മൂർത്തി
'ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!' 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ