
"ആ സ്‌കെച്ചുകള്‍ കണ്ടപ്പോള്‍ ഇതെങ്ങനെ ജീവനുള്ള ചിത്രങ്ങളായി ഫ്രെയിമിലേക്ക് പകര്‍ത്തുമെന്നായിരുന്നു എന്റെ ചിന്ത. ഒരു ഫ്രെയിമില്‍ ഒരുപാട് കാര്യങ്ങള്‍. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ എന്നാണ് ആ സ്‌കെച്ചുകള്‍ കണ്ട് അത് വരച്ചവരോട് ഞാന്‍ ചോദിച്ചത്." കനേഡിയന്‍ ഫോട്ടോഗ്രാഫറായ ജോയ് എല്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്ന ഈ വാക്കുകള്‍ 'ഹ്യൂമന്‍ ബൈ നേച്ചര്‍' എന്ന പരസ്യചിത്രത്തെക്കുറിച്ചാണ്. ആദ്യം പങ്കുവച്ച ആശങ്കകളെയൊക്കെ കാറ്റില്‍പ്പറത്തി ജോയിയുടെ ക്യാമറക്കണ്ണിലൂടെ പിറന്നുവീണതോ സമാനതകളില്ലാത്ത അത്ഭുതചിത്രങ്ങളും!
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോകടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയവയായിരുന്നു സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി തയ്യാറാക്കിയ 'ഹ്യൂമന്‍ ബൈ നേച്ചര്‍' പരസ്യക്യാമ്പയിനിലുള്‍പ്പെട്ട ചിത്രങ്ങള്‍. ചുരുങ്ങിയകാലം കൊണ്ട് തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട അഞ്ച് ചിത്രങ്ങള്‍- കാട്, കടലോരം, തെരുവുകള്‍, ക്ഷേത്രം, കായല്‍. അവയിലൂടെ ലോകത്തോട് സംവദിക്കുന്ന അനവധി കാര്യങ്ങള്‍- പ്രകൃതിഭംഗി മുതല്‍ മലയാളത്തനിമ വരെ. കേരളത്തിന്റെ ദൃശ്യഭംഗിയെയും പ്രകൃതിയോടുള്ള മനുഷ്യന്റെ അടുപ്പത്തെയും അതിമനോഹരമായി എങ്ങനെയാണ് ഫ്രെയിമിലേക്ക് പകര്‍ത്തിയതെന്ന് പറഞ്ഞുതരുന്നതാണ് ജോയ് എല്‍ തന്റെ ബ്ലോഗില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പും പരസ്യചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും.
തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രധാനപ്രത്യേകത അവയിലൂടെ സംവേദിക്കപ്പെടുന്ന മഹത്തായ സംസ്‌കാരം തന്നെയെന്ന് പറയുന്നു ഫോട്ടോഗ്രാഫറായ ജോയ്. ഒറ്റനോട്ടത്തില്‍ അവയോരോന്നും ഓരോ ചിത്രങ്ങള്‍ മാത്രമായിരിക്കും. എന്നാല്‍, സൂക്ഷിച്ച് നോക്കുമ്പോള്‍ കാണാനാവുക കേരളത്തനിമയുടെ പരിഛേദം തന്നെയാണ്. ക്യാമ്പയിനു വേണ്ടി പകര്‍ത്തിയ പ്രധാന ചിത്രങ്ങള്‍ക്ക് പുറമേ അവയുടെ പശ്ചാത്തലത്തില്‍ നിറഞ്ഞ ഓരോ ഘടകവും പ്രത്യേക ചിത്രങ്ങളായി ജോയ് തന്റെ ക്യാമറയിലാക്കി. (ചിത്രങ്ങള്‍ കാണാം.)
കനേഡിയന്‍ സ്വദേശിയായ ജോയ് 17ാമത്തെ വയസ്സിലാണ് ആദ്യമായി ഫോട്ടോഗ്രാഫിയുടെ ലോകത്ത് തന്റേതായ മുദ്ര പതിപ്പിക്കുന്നത്. ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്ന ജോയിയുടെ ചിത്രങ്ങള്‍ക്ക് വരാണസിയും കേരളവുമൊക്കെ പശ്ചാത്തലമാകുകയും ചെയ്‌തിട്ടുണ്ട്. നാഷണല്‍ ജ്യോഗ്രഫി, ലവാസ, ഹിസ്‌റ്ററി ചാനല്‍, അമേരിക്കന്‍ ആര്‍മി, കാനോണ്‍ തുടങ്ങി പലര്‍ക്കുവേണ്ടിയും ജോയ് ക്യാമറ കയ്യിലെടുത്തിട്ടുണ്ട്. മനുഷ്യജീവിതങ്ങളും പ്രകൃതിയും ജോയ്‌ക്ക് എന്നും ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. ക്യാമ്പയിനെക്കുറിച്ച് ജോയ് എല്‍ പറയുന്നത് വായിക്കാം
കേരളത്തിന്റെ മനോഹാരിതയില്‍ വിദേശികളെയും സ്വദേശികളെയും ഒന്നിച്ചുചേര്‍ത്ത് പകര്‍ത്തപ്പെട്ട 'ഹ്യൂമന്‍ ബൈ നേച്ചര്‍' ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ്. വിവേക് തോമസാണ് പരസ്യചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണിയും ഷെല്‍ട്ടനും വെള്ളക്കടലാസില്‍ കോറിയിട്ട വരകളാണ് അതിമനോഹരമായ ഫോട്ടോഗ്രാഫുകളായി പിറന്നത്.