മരിച്ചുമരവിച്ച കുഞ്ഞിനെ ശരീരത്തില്‍ നിന്നും മാറ്റാന്‍ കൂട്ടാക്കാതെ ഒരു അമ്മക്കുരങ്ങ്; ഇത് കണ്ണിനെ ഈറനണിയിക്കുന്ന ദൃശ്യം

By Web TeamFirst Published May 9, 2019, 3:36 PM IST
Highlights

തന്റെ ചോരക്കുഞ്ഞ് മരിച്ചുപോയി എന്ന് ആ പാവത്തിന് മനസ്സിലായിട്ടില്ല. ഇടയ്ക്കിടെ അതിനെ നക്കിത്തോർത്തുന്നു. തലമുടി തഴുകി ഉണർത്താൻ നോക്കുന്നു. ഏറെ നേരം കുലുക്കി വിളിച്ചിട്ടും അതുകേട്ടുണരാത്ത കുഞ്ഞിന്റെ കവിളത്ത് പിച്ചി എണീപ്പിക്കാൻ നോക്കുന്നു,  ആ പാവം അമ്മ. 
 

ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയിൽ നിന്നും മാതൃസ്നേഹത്തിന്റെ കണ്ണുനനയിക്കുന്ന ഒരു മാതൃകയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടു ദിവസം മുമ്പായിരുന്നു അവിടെ വളർത്തിയിരുന്ന ഒരു പെൺകുരങ്ങ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്. ജനിച്ച് രണ്ടുനാൾ കഴിഞ്ഞപ്പോഴേക്കും എന്തുകൊണ്ടോ ആ കുഞ്ഞ് മരണപ്പെട്ടു. എന്നാൽ ജീവനറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തിനടുത്തു നിന്നും ഒരിഞ്ചു പോലും മാറാൻ കൂട്ടാക്കാതെ, അതിനെ എടുത്തു താലോലിച്ചു കൊണ്ട് ആ പെൺകുരങ്ങു നടത്തിയ സ്നേഹപ്രകടനങ്ങൾ ഏതൊരു കഠിനഹൃദയനെയും കണ്ണീരണിയിക്കും. 

സിങ്‌യാങ് മൃഗശാലയിലെ കുരങ്ങിനെ പാർപ്പിച്ചിരിക്കുന്ന ഒരു അടച്ചുകെട്ടിയ ഭാഗമുണ്ട്. അതിനുള്ളിൽ ഒരു മരച്ചുവട്ടിൽ തന്റെ കുഞ്ഞിന്റെ മരിച്ചു മരവിച്ച ശരീരവും ഒക്കത്തേറ്റിക്കൊണ്ട് ആ പെൺ കുരങ്ങ് ഒരേയിരിപ്പാണ്. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ആ ദൃശ്യങ്ങൾ ഏറെപ്പേരെ കരയിച്ചു. 

തന്റെ ചോരക്കുഞ്ഞ് മരിച്ചുപോയി എന്ന് ആ പാവത്തിന് മനസ്സിലായിട്ടില്ല. ഇടയ്ക്കിടെ അതിനെ നക്കിത്തോർത്തുന്നു. തലമുടി തഴുകി ഉണർത്താൻ നോക്കുന്നു. ഏറെ നേരം കുലുക്കി വിളിച്ചിട്ടും അതുകേട്ടുണരാത്ത കുഞ്ഞിന്റെ കവിളത്ത് പിച്ചി എണീപ്പിക്കാൻ നോക്കുന്നു,  ആ പാവം അമ്മ. 

മറ്റൊരു ദൃശ്യത്തിൽ തന്റെ കുഞ്ഞിനെ തറയിൽ കിടത്തിയശേഷം ഒരല്പം ദൂരെ മാറി നിന്ന് അതിനെത്തന്നെ തുറിച്ചു നോക്കുന്ന ആ പെൺകുരങ്ങിനെക്കാണാം. തന്നെ പറ്റിക്കുകയാണോ എന്നറിയാനാവും മാറി നിന്നുള്ള ആ നോട്ടം. ഏതിനും, ഏറെ നേരം മാറിയും മറിഞ്ഞും വിളിച്ചു നോക്കിയിട്ടും ആ പിഞ്ചു കുഞ്ഞ് തന്റെ തള്ളക്കുരങ്ങിന്റെ വിളി ഒരിക്കൽപ്പോലും ഒന്നു കേൾക്കാൻ  കൂട്ടാക്കിയില്ല. 

Mother monkey cradles her dead baby pic.twitter.com/3Bt5mu8hjY

— CGTN (@CGTNOfficial)

ആദ്യമായിട്ടാണ്  മൂന്നുവയസ്സ് പ്രായമുള്ള ആ പെൺകുരങ്ങ് അമ്മയാവുന്നത്. മെയ് 4-നായിരുന്നു പ്രസവം.  എന്നാൽ ദൗർഭാഗ്യവശാൽ ആ കുഞ്ഞിന് തീർത്തും ആരോഗ്യമില്ലായിരുന്നു. മൃഗശാലയിലെ ഡോക്ടർമാർ അതിനെ പരിചരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കുഞ്ഞിനേയും  തന്റെ മാറോടടുക്കിപ്പിടിച്ച് മരക്കൊമ്പിൽ കേറി ഒളിച്ചുകളഞ്ഞു ആ പെൺകുരങ്ങ്.  അസുഖം മൂർച്ഛിച്ച് രണ്ടാം നാൾ ആ കുഞ്ഞുകുരങ്ങ് മരണപ്പെട്ടു. അന്നുമുതൽ ആർക്കും വിട്ടുകൊടുക്കാതെ കൈയിലെടുത്തു നടക്കുകയാണ് തള്ളക്കുരങ്ങ് തന്റെ കുഞ്ഞിന്റെ വിറങ്ങലിച്ച മൃതശരീരം. 

ഈ രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ട ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ തങ്ങളുടെ സങ്കടം ആ പോസ്റ്റുകൾക്ക് കീഴെ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ആ കുഞ്ഞിനെ സമയത്തിന് രക്ഷിക്കാൻ വേണ്ടും വിധം ശ്രമിക്കാതിരുന്ന മൃഗശാല അധികൃതരെയാണ് പലരും പഴിക്കുന്നത്. തങ്ങളാൽ ആവും വിധം ആ കുഞ്ഞിനെ വീണ്ടെടുക്കാൻ ശ്രമിച്ചെന്നും, കുഞ്ഞ് മരണപ്പെട്ടതിൽ തങ്ങളും ദുഖിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 

click me!