എഴുതിയ പരീക്ഷയില്‍ മാര്‍ക്ക് 97, 98, 100; പക്ഷെ, വിനായക് പരീക്ഷ തീരാന്‍ കാത്തിരുന്നില്ല

By Web TeamFirst Published May 9, 2019, 4:03 PM IST
Highlights

വിനായകിന്റെ സ്വപ്നങ്ങളൊന്നും തന്നെ ചെറുതായിരുന്നില്ല. "ഞാൻ ഓക്സ്ഫോർഡിൽ പോയി പഠിക്കും അമ്മേ.. സ്റ്റീഫൻ ഹോക്കിങ്ങിന് അവിടെ കോസ്മോളജി പഠിക്കാമെങ്കിൽ എനിക്കും ചിലപ്പോൾ ഒരു അസ്ട്രോണട്ടായി സ്‌പേസിൽ പോവാൻ പറ്റും ഒരു ദിവസം.. " എന്നാണ് അവൻ തന്റെ അമ്മയോട് പറഞ്ഞിരുന്നത്.
 

ദില്ലിയിൽ നിന്നുള്ള വിനായക് ശ്രീധർ എന്നൊരു വിദ്യാർത്ഥിയുടെ കഥയാണ് ഇത്തവണത്തെ സിബിഎസ്ഇ പത്താം ക്‌ളാസ് ഫലങ്ങളിൽ ഏറ്റവും ഹൃദയസ്പര്‍ശിയായത്. അവന്റെ മാർക്ക് ലിസ്റ്റ് ഇപ്രകാരമാവും. 97, 98 , 100, A, A -  Result  : Failed. മൂന്നാമത്തെ പരീക്ഷയ്ക്ക് നൂറുമാർക്കിനും ഉത്തരം എഴുതിവെച്ച് വീട്ടിലെത്തി നാലാമത്തെ പരീക്ഷയ്ക്കുള്ള പരിശ്രമത്തിനിടെ അവൻ മരിച്ചുപോയി. അവന്റെ മാർക്ക്‌ലിസ്റ്റിൽ ദൈവം ചുവന്ന മഷികൊണ്ട് രണ്ട് ആബ്സെന്റ് മാർക്കുകൾ കോറിയിട്ടു. 

സ്റ്റീഫൻ ഹോക്കിങ്ങിനെ മനസ്സിൽ വെച്ചാരാധിച്ചിരുന്നു വിനായക്. ആ ശാസ്ത്രപ്രതിഭ തന്നെയായിരുന്നു  അവന്റെ റോൾ മോഡലും. അതിനൊരു കാരണമുണ്ട്. അവൻ മറ്റുള്ള കുട്ടികളിൽ നിന്നും വ്യത്യസ്തനായിരുന്നു. അവന് ഡ്യൂഷെൻ മസ്കുലാർ ഡിസ്ട്രോഫി എന്ന ഒരു അപൂർവ ജനിതക രോഗമുണ്ടായിരുന്നു. അത് അവന്റെ പേശികളെ തളർത്തി. അവനെ എന്നെന്നേക്കുമായി ഒരു വീൽചെയറിൽ ഒതുക്കി. സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ചതും അത്തരത്തിൽ ഒരു മോട്ടോർ ന്യൂറോൺ അസുഖം തന്നെ.  തന്നെപ്പോലെ അസുഖബാധിതനായിരുന്നിട്ടും ഒരു സെലിബ്രിറ്റി ശാസ്ത്രജ്ഞനായി മാറിയ ഹോക്കിങ്ങിനെ മനസ്സിൽ വെച്ചാരാധിച്ച് വിനായക് ശ്രീധറും ലോകത്തെ വെല്ലാൻ തയ്യാറെടുത്തു.

  

അവന്റെ ശരീരത്തിന്റെ ചലനങ്ങൾ പരിമിതമായിരുന്നെങ്കിലും മനസ്സ് എന്നും ശാസ്ത്രത്തിന്റെ ആകാശങ്ങളിൽ ചിറകുനീർത്തിപ്പറന്നുകൊണ്ടിരുന്നു. ജിഎംആറിൽ വൈസ്  പ്രസിഡണ്ടായിരുന്ന അച്ഛനും ഹൗസ് വൈഫായിരുന്ന അമ്മയും തങ്ങളുടെ മകന്റെ അപൂർവ്വരോഗം തിരിച്ചറിയുന്നത് അവനു രണ്ടുവയസ്സുള്ളപ്പോഴാണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗമല്ലിത്. ഏതൊരാളെയും ആജീവനാന്തം വീൽചെയറിൽ തളച്ചിട്ടുകളയുന്ന ഒരു മാരകജനിതകരോഗം. പേശികൾക്ക് കരുത്തു പകരുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീനിന്റെ കുറവാണ് ഈ അസുഖത്തിന് ഹേതു. IIScയിലെ പൂർവവിദ്യാർഥിനിയും  ബ്രിട്ടീഷ് കൊളംബിയയിലെ ഗവേഷക വിദ്യാർത്ഥിനിയുമായ  വിനായകിന്റെ  ചേച്ചി അവന് എന്നും താങ്ങായി കൂടെയുണ്ടായിരുന്നു. 

നോയിഡയിലെ അമിറ്റി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു വിനായക്. സ്‌പെഷൽ നീഡ്‌സ് കാറ്റഗറിയിൽ അല്ല, ജനറൽ കാറ്റഗറിയിൽ മറ്റുള്ള സാധാരണ കുട്ടികളെപ്പോലെ പരീക്ഷയെഴുതണം എന്നത് അവന്റെ വാശിയായിരുന്നു. ജന്മനാലുള്ള അസുഖം നിമിത്തം അവന്റെ പേശികൾ ചലിച്ചിരുന്നത് വളരെ പതുക്കെയായിരുന്നു. എന്നാലും അവന് പിടിച്ച് പിടിച്ച് എഴുതാനൊക്കെ പറ്റിയിരുന്നു. പക്ഷേ, പരീക്ഷ നേരത്തിന് എഴുതിത്തീർക്കണം എന്നുള്ളതുകൊണ്ട് അവൻ എഴുതാൻ ഒരു സഹായിയെ ആശ്രയിച്ചു. ഇംഗ്ലീഷിനും സയൻസിനും പരസഹായം സ്വീകരിച്ച് എഴുതിയെങ്കിലും, സംസ്കൃതം പരീക്ഷ സ്വന്തം തന്നെ എഴുതി വിനായക്. 

വിനായകിന്റെ സ്വപ്നങ്ങളൊന്നും തന്നെ ചെറുതായിരുന്നില്ല. "ഞാൻ ഓക്സ്ഫോർഡിൽ പോയി പഠിക്കും അമ്മേ.. സ്റ്റീഫൻ ഹോക്കിങ്ങിന് അവിടെ കോസ്മോളജി പഠിക്കാമെങ്കിൽ എനിക്കും ചിലപ്പോൾ ഒരു അസ്ട്രോണട്ടായി സ്‌പേസിൽ പോവാൻ പറ്റും ഒരു ദിവസം.. " എന്നാണ് അവൻ തന്റെ അമ്മയോട് പറഞ്ഞിരുന്നത്.

അടിയുറച്ച ഒരു ദൈവവിശ്വാസി കൂടെയായിരുന്നു വിനായക്.  പരീക്ഷകളെല്ലാം എഴുതിത്തീർത്ത് രാമേശ്വരം അമ്പലത്തിൽ തൊഴാൻ പോവണം എന്ന്  അവനാഗ്രഹിച്ചിരുന്നു. അവന്റെ അച്ഛനമ്മമാർ ഒടുവിൽ എത്തി. രാമേശ്വരം ക്ഷേത്രത്തിന്റെ നടയിൽ. ഒട്ടും വൈകാതെ, അവന്റെ ആഗ്രഹം പോലെ തന്നെ, പരീക്ഷ കഴിഞ്ഞയുടൻ..

സാഹചര്യങ്ങൾ തളർത്തിയിട്ടും വീറോടെ പോരാടിയ അസാമാന്യ ഇച്ഛാശക്തിയ്ക്കുടമയായിരുന്നു വിനായക് ശ്രീധർ. ആ കുരുന്നിന്റെ ധീരതയ്ക്കു മുന്നിൽ നമുക്ക് ശിരസ്സുകുനിക്കാം. റെസ്റ്റ് ഇൻ പീസ് വിനായക്...! 

click me!