തുടരെത്തുടരെ ഭക്ഷണത്തിൽ മനുഷ്യരുടെ പല്ല്, ആശങ്കയിൽ ജനങ്ങൾ, അസ്വസ്ഥതയുണ്ടാക്കുന്ന സംഭവം ചൈനയിൽ

Published : Oct 21, 2025, 02:12 PM IST
food

Synopsis

ചൈനയില്‍ ഭക്ഷണസാധനങ്ങളില്‍ മനുഷ്യരുടെ പല്ലുകള്‍. തുടരെത്തുടരെയുണ്ടായ ഇത്തരം സംഭവങ്ങൾ ആളുകളെ ആശങ്കയിലാക്കുകയാണ്. 

ഭക്ഷ്യവസ്തുക്കളിൽ നിന്നും മനുഷ്യരുടെ പല്ലുകളുടെ ഭാ​ഗങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ചൈനയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക വർധിക്കുന്നുവെന്ന് റിപ്പോർട്ട്. സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇത്തരം സംഭവങ്ങൾ കൂടി വരികയാണ്. ഒക്ടോബർ 13 -ന്, ജിലിൻ പ്രവിശ്യയിലെ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ കുട്ടിക്ക് വേണ്ടി വാങ്ങിയ സോസേജിനുള്ളിൽ മൂന്ന് കൃത്രിമ മനുഷ്യപല്ലുകൾ കണ്ടെത്തിയതായി പറയുന്നു. ഗ്രിൽ ചെയ്ത സോസേജ് ഒരു ഔട്ട്ഡോർ സ്റ്റാളിൽ നിന്നാണത്രെ വാങ്ങിയത്. ആദ്യം വില്പനക്കാരൻ പല്ല് കിട്ടിയത് നിഷേധിക്കുകയും വിൽക്കുന്ന സമയത്ത് സോസേജിൽ പല്ലുണ്ടായിരുന്നില്ല എന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, അധികൃതർ ഇടപെട്ടതിനെത്തുടർന്ന് ക്ഷമാപണം നടത്തുകയായിരുന്നു.

അതേ ദിവസം തന്നെ, തെക്കൻ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗുവാൻ സിറ്റിയിലെ സാൻജിൻ സൂപ്പ് ഡംപ്ലിംഗ്‌സ് റെസ്റ്റോറന്റിൽ നിന്നുവാങ്ങിയ ഡിം സംമിനുള്ളിൽ നിന്നും തന്റെ അച്ഛന് രണ്ട് പല്ലുകൾ കിട്ടിയതായി മറ്റൊരു സ്ത്രീയും വെളിപ്പെടുത്തി. ആ പല്ലുകൾ തന്റെ പിതാവിന്റേതല്ല എന്നും അവർ പറഞ്ഞു. തങ്ങളുടെ കമ്പനി ഹെഡ്‌ക്വാർട്ടേഴ്സിൽ നിന്നും നേരിട്ടാണ് ഭക്ഷണസാധനങ്ങൾ വരുന്നത് എന്നും എന്നാൽ അതിലെങ്ങനെയാണ് പല്ലുകൾ വന്നത് എന്നതിനെ കുറിച്ച് ധാരണ ഇല്ല എന്നുമാണ് റെസ്റ്റോറന്റ് അധികൃതർ പ്രതികരിച്ചത്. പ്രാദേശികാധികരികൾ സംഭവത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പിറ്റേ ദിവസം ഷാങ്ഹായിലും സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. സാംസ് ക്ലബ്ബിന്റെ ഒരു കടയിൽ നിന്നും വാങ്ങിയ ജൂജൂബ്, വാൽനട്ട് കേക്കിൽ ഒരു കൃത്രിമ മനുഷ്യ പല്ല് കണ്ടെത്തുകയായിരുന്നു. സ്ക്രൂ കണ്ടെത്തിയതിനാലാണ് ഇത് കൃത്രിമപ്പല്ലാണെന്ന് മനസിലാവുന്നത്. ഭക്ഷണം ഫാക്ടറിയിലുണ്ടാക്കിയതാണ് എന്നും എങ്ങനെ ഇത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണ് സ്റ്റാഫ് പറഞ്ഞത്.

തുടരെത്തുടരെയുണ്ടായ ഇത്തരം സംഭവങ്ങൾ ആളുകളെ ആശങ്കയിലാക്കുകയാണ്. അതേസമയം, സുരക്ഷിതമല്ലാത്ത ഭക്ഷണം തയ്യാറാക്കുകയോ വിൽക്കുകയോ ചെയ്യുന്ന കമ്പനികൾ ഉപഭോക്താക്കൾക്ക് ഉത്പ്പന്നത്തിന്റെ വിലയുടെ പത്തിരട്ടി നഷ്ടപരിഹാരം നൽകണമെന്നാണ് ചൈനയുടെ ഭക്ഷ്യ സുരക്ഷാ നിയമം പറയുന്നത്. അല്ലെങ്കിൽ അവരുടെ നഷ്ടത്തിന്റെ മൂന്നിരട്ടിയോ, ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായി 1,000 യുവാനോ (12,353 രൂപ) നൽകണം.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ