
ദില്ലിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു കുട്ടിയെ കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ വിവരിച്ച് 27 -കാരിയായ യുവതിയുടെ പോസ്റ്റ്. ഉറങ്ങണമെന്ന് കരുതി അധികം പണം നൽകി സീറ്റ് ബുക്ക് ചെയ്തെങ്കിലും കുട്ടി കാരണം ഉറങ്ങാൻ സാധിച്ചില്ലെന്നും കുട്ടിയുടെ അമ്മയോട് ഇക്കാര്യം പറഞ്ഞിട്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല എന്നുമാണ് യുവതി തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നത്. രാവിലെയുള്ള വിമാനത്തിലാണ് കയറിയത് എന്നും ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരികയായിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
കഴിഞ്ഞ 15 ദിവസമായി താൻ യാത്രയിലായിരുന്നു. ക്ഷീണിച്ച് തിരികെ വരികയായിരുന്നു. ദില്ലിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് കയറിയത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മോശം വിമാനയാത്രയായിരുന്നു അത്. വീട്ടിലെത്തി വിശ്രമിക്കാൻ ആഗ്രഹിച്ചാണ് വന്നത്. രണ്ട് മണിക്കൂർ വിമാനത്തിൽ നിന്നും ഉറങ്ങാമല്ലോ എന്ന് കരുതി എക്സ്ട്രാ ലെഗ് റൂമുള്ള ഒരു വിൻഡോ സീറ്റാണ് ബുക്ക് ചെയ്തിരുന്നത്. കാരണം, ഇന്നലെ രാത്രി മുഴുവനും ഞാൻ ഉണർന്നിരിക്കുകയായിരുന്നു.
പക്ഷേ, രണ്ടോ മൂന്നോ വയസുള്ള ഒരു കുട്ടി അവന്റെ അമ്മയ്ക്കൊപ്പം വന്നു. കുട്ടി നടുവിലെ സീറ്റിലും അമ്മ വശത്തെ സീറ്റിലുമാണ് ഇരുന്നത്. വിമാനത്തിൽ കയറിയ നിമിഷം മുതൽ കുട്ടിയെ കൊണ്ട് ശല്ല്യമായിരുന്നു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനും ഒക്കെ തുടങ്ങി. പലതവണ എന്നെ ഇടിച്ചു. അമ്മയോട് പരാതി പറഞ്ഞപ്പോൾ അവർ പറഞ്ഞത് അവരുടെ ഭർത്താവിന്റെ സീറ്റുമായി സീറ്റ് മാറാനാണ്. അവരുടെ ഭർത്താവിന്റെ സീറ്റ് ഒരു വശത്തുള്ള സീറ്റായിരുന്നു. കൂടുതൽ പണം നൽകിയാണ് ഞാൻ എന്റെ ഈ സീറ്റ് ബുക്ക് ചെയ്തത്. ഞാൻ മാറില്ല എന്ന് പറഞ്ഞു. അങ്ങനെ എങ്കിൽ കുട്ടി എന്നെ ശല്ല്യപ്പെടുത്തിക്കൊണ്ടേയിരിക്കും എന്നാണ് അമ്മ പറഞ്ഞത്. എന്നിട്ടും താൻ ഉറങ്ങാൻ ശ്രമിച്ചു. അപ്പോഴും കുട്ടി തന്നെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു.
വിമാനം എത്താറായപ്പോൾ അവരുടെ കൂട്ടത്തിലുള്ള മറ്റൊരു കുട്ടി കൂടി വന്നു, രണ്ടാളും കൂടി ബഹളം വയ്ക്കാനും ശല്ല്യപ്പെടുത്താനും മറ്റും തുടങ്ങി. ഇത്തവണ ഞാൻ കുട്ടിയുടെ അമ്മയോട് പരാതി പറഞ്ഞപ്പോൾ അവർ എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. നിങ്ങൾക്ക് നിങ്ങളുടെ കുട്ടി ചെയ്യുന്നതെന്തും ക്യൂട്ടായിരിക്കും, മറ്റുള്ളവർക്ക് അങ്ങനെയല്ല. ഒന്നുകിൽ വിമാനയാത്രയിൽ നിങ്ങൾ നിങ്ങളുടെ കുട്ടികളെ നിശബ്ദരാക്കി നിർത്തുക, അല്ലെങ്കിൽ അവർക്ക് ഉറക്കഗുളിക നൽകുക എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. കുട്ടിയുടെ അച്ഛനുമായി നിങ്ങൾ സീറ്റ് മാറുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് അമ്മ അതിൽ ഇടപെടാതിരുന്നത്. നല്ല സീറ്റിന് പണം നൽകാതെ അത് കിട്ടാനായി ഇങ്ങനെ ചെയ്യുന്ന ആളുകളുണ്ട് എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് നൽകിയത്. മറ്റ് ചിലർ പറഞ്ഞത് ഇതിൽ മാതാപിതാക്കളെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത് എന്നാണ്.