ചതിച്ചത് കസിൻ സഹോദരി, 14 -ാം വയസിൽ എത്തിച്ചേർന്നത് വേശ്യാലയങ്ങളിൽ

By Web TeamFirst Published Sep 12, 2022, 12:39 PM IST
Highlights

2019 -ൽ എന്റെ സഹോദരന്റെ സഹായത്തോടെ ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു, തിരികെ വീട്ടിലെത്തി. പൊലീസിൽ പരാതി നൽകി എങ്കിലും അവരൊരിക്കലും ഞങ്ങളെ സഹായിച്ചില്ല. കുറ്റവാളികളെ കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. 

ഇന്ത്യയിൽ പലയിടത്തും മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. അതുപോലെ തന്നെ ചതിയിലൂടെ പല സ്ത്രീകൾക്കും വേശ്യാവൃത്തിയിലും മറ്റും എത്തിച്ചേരേണ്ടിയും വരുന്നുണ്ട്. അതുപോലെ ഒരു സ്ത്രീയുടെ അനുഭവമാണിത്. 

ഞാൻ വരുന്നത് ഝാർഖണ്ഡിലെ ​ഗുംലയിൽ നിന്നുമാണ്. എന്റെ കുട്ടിക്കാലം തൊട്ടേ സാമ്പത്തികമില്ലാത്തതിന്റെ പേരിൽ വീട്ടുകാരുടെ കഷ്ടപ്പാടുകൾ കണ്ടാണ് ഞാൻ വളർന്നത്. പഠനമാണ് എങ്കിലും ജോലിയാണ് എങ്കിലും സ്വയം ചെയ്യാനാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. 

2016 -ൽ ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. മെട്രിക്കുലേഷൻ എക്സാം അടുത്തെത്തിയിരുന്നു. ആ സമയത്താണ് എന്റെ കസിൻ വീട്ടിൽ എത്തിയത്. അവൾക്കൊപ്പം ചെന്നാൽ ന​ഗരത്തിന് പുറത്ത് എനിക്കൊരു ജോലി സംഘടിപ്പിച്ച് തരാമെന്ന് അവളെന്നോട് പറഞ്ഞു. ആ സമയത്ത് എന്റെ അമ്മയുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമായിരുന്നു. അവർക്ക് ജോലി ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ലായിരുന്നു. മാത്രവുമല്ല, ഞാൻ ആ സമയം വീട്ടിൽ നിന്നും മാറി നിൽക്കാനും ആ​ഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കസിനൊപ്പം പോകാൻ കഴിയില്ല എന്ന് ഞാൻ അവളെയും വീട്ടുകാരേയും ബോധ്യപ്പെടുത്തി. 

നാല് മാസങ്ങൾക്ക് ശേഷം വീണ്ടും എന്റെ കസിൻ വീട്ടിലെത്തി. ഇത്തവണ അമ്മമ്മയുടെ വീട് സന്ദർശിക്കാം എന്നാണ് അവൾ പറഞ്ഞത്. അത് എന്റെ വീട്ടിൽ നിന്നും കുറച്ച് ദൂരമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തിനുള്ളിൽ തന്നെ തിരികെ എത്താം എന്ന് അവൾ എനിക്ക് വാക്ക് തന്നു. ആദ്യം എന്റെ അച്ഛൻ സമ്മതിച്ചിരുന്നില്ല എങ്കിലും പിന്നീട് അച്ഛനും സമ്മതം തന്നു. അങ്ങനെ ഞാനും അവളും ചേർന്ന് പോയി. 

കുറേ ദൂരം ഞങ്ങൾ യാത്ര ചെയ്തു. പക്ഷേ, എന്നിട്ടൊന്നും അവിടെ എത്തിച്ചേർന്നില്ല. മാത്രവുമല്ല, കസിന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വരുന്നതായും എനിക്ക് മനസിലായി. എനിക്കാകെ ആശങ്കയായി. അവളുടെ മനസിൽ മറ്റെന്തോ ഉണ്ട് എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഞാൻ എന്റെ സഹോദരന്റെ ഫോൺ കൊണ്ടുവന്നിരുന്നു. അത് വച്ച് വിളിക്കാൻ ശ്രമിച്ചപ്പോൾ അവൾ ഫോൺ വലിച്ചെറിഞ്ഞു. അവളോട് ഞാൻ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയപ്പോൾ അവളെന്നെ നിശബ്ദയാക്കി. 

ഞങ്ങൾ ഒരു ഹോട്ടലിൽ ചെന്നു. എനിക്ക് വിശക്കുന്നുണ്ടായിരുന്നില്ല. എനിക്ക് എത്രയും പെട്ടെന്ന് അമ്മമ്മയുടെ വീട്ടിൽ എത്തിയാൽ മതിയായിരുന്നു. പക്ഷേ, അവളെന്നെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. അവൾ ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടു. പെട്ടെന്ന് അഞ്ച് ആണുങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടു. അവർ അവളോട് സംസാരിച്ച് തുടങ്ങി. ഞാൻ ഒളിച്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. 

അവരെന്നെ കാറിൽ പിടിച്ചിട്ട് പോവാൻ തുടങ്ങി. ആ സ്ഥലമേതാണ് എന്നോ എങ്ങോട്ടാണ് പോകുന്നത് എന്നോ എനിക്ക് മനസിലാക്കാൻ സാധിച്ചില്ല. എന്റെ കസിൻ അവളുടെ സിം മാറ്റി. അതിനാൽ തന്നെ എന്റെ കുടുംബത്തിലുള്ളവർക്ക് അവളെ ബന്ധപ്പെടാൻ സാധിച്ചില്ല. 

ഞാൻ ബലാത്സം​ഗം ചെയ്യപ്പെട്ടു. അവരെന്നെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി. ഒടുവിൽ ഞാൻ ദില്ലിയിൽ എത്തിച്ചേർന്നു. അവിടെ പല വീട്ടിലും ജോലിക്കാരിയായി നിന്നു. അതിനിടയിൽ വേശ്യാലയങ്ങളിലും എത്തി. പക്ഷേ, ഞാൻ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പല തവണ ഞാനെന്റെ വീട്ടിലേക്ക് വിളിക്കാൻ നോക്കിയെങ്കിലും ആ മൂന്ന് കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും അത് സാധിച്ചിരുന്നില്ല. 

2019 -ൽ എന്റെ സഹോദരന്റെ സഹായത്തോടെ ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു, തിരികെ വീട്ടിലെത്തി. പൊലീസിൽ പരാതി നൽകി എങ്കിലും അവരൊരിക്കലും ഞങ്ങളെ സഹായിച്ചില്ല. കുറ്റവാളികളെ കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. 

ഇന്ന്, ഞാൻ ഇന്ത്യൻ ലീഡർഷിപ്പ് ഫോറം എഗെയിൻസ്റ്റ് ട്രാഫിക്കിംഗ് (ILFAT) -ൽ പ്രവർത്തിക്കുന്നു. മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയും അതിനെ അതിജീവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടിയുമാണ് അത് പ്രവർത്തിക്കുന്നത്. എന്റെ അവസ്ഥയിലൂടെ കടന്ന് പോയവരെ സഹായിക്കുകയാണ് ഞാനിന്ന്. 

(യുവർ സ്റ്റോറി/ സോഷ്യൽ സ്റ്റോറി പ്രസിദ്ധീകരിച്ചത്. ചിത്രം പ്രതീകാത്മകം)

click me!