വാക്കാണ് സത്യം! കാഴ്ച നഷ്ടപ്പെട്ട ഭാര്യയുടെ കണ്ണായി ഒരു ഭർത്താവ് !

Published : Sep 14, 2025, 01:47 PM IST
husband is the eye of a wife

Synopsis

കാഴ്ച നഷ്ടപ്പെട്ട ഭാര്യയെ പരിപാലിക്കുന്ന ഭർത്താവിന്‍റെ അചഞ്ചലമായ സ്നേഹത്തിന്‍റെയും പിന്തുണയുടെയും കഥയാണ് ലി ജുക്സിന്‍റേത്. 12 വർഷമായി, ലി തന്‍റെ ഭാര്യ ഷാങ് ക്സിയിങ്ങിന് കണ്ണുകളായി, അവളുടെ ജീവിതത്തിലെ വെളിച്ചമായി മാറി.

 

ചൈനയിലെ ക്വിങ്‌ഡാവോയിലെ ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ച ഒരു പ്രണയകഥയിലെ നായകനുണ്ട്. ലി ജുക്സിൻ എന്നാണോ ആ മനുഷ്യൻറെ പേര്. കഴിഞ്ഞ 12 വർഷമായി, ലി ജുക്സിൻ തന്‍റെ ജീവിതം സമർപ്പിച്ചിരിക്കുന്നത് തന്‍റെ പ്രിയപ്പെട്ട ഭാര്യ ഷാങ് ക്സിയിങ്ങിന് വേണ്ടിയാണ്. ജീവിതത്തിൽ ഒരു അപ്രതീക്ഷിത നിമിഷത്തിൽ ഷാങ് ക്സിയിങ്ങിന് കാഴ്ച നഷ്ടപ്പെട്ടത് മുതൽ അവളുടെ താങ്ങും തണലും വഴികാട്ടിയും ലി ജുക്സിനാണ്.

കാഴ്ച നഷ്ടപ്പെടുന്നു

2008-ലാണ് ലിയും ഷാങും വിവാഹിതരായത്. അവർ തങ്ങളുടെ മകളോടൊപ്പം സന്തോഷകരമായൊരു ജീവിതം നയിച്ചു. എന്നാൽ, 2013-ൽ എല്ലാം മാറിമറിഞ്ഞു. ഷാങിന് ഗുരുതരമായ നേത്രരോഗം സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി ഏകദേശം അഞ്ച് ലക്ഷം യുവാൻ (ഏകദേശം $70,000) ചെലവഴിച്ചിട്ടും, 2014 പകുതിയോടെ അവളുടെ ലോകം പൂർണ്ണമായും ഇരുട്ടിലായി. ഷാങിനെ സംബന്ധിച്ചിടത്തോളം, ഈ ദുരന്തം താങ്ങാവുന്നതിലപ്പുറമായിരുന്നു. ചെറിയ കാര്യങ്ങൾ പോലും ചെയ്യാനാവാതെ വന്നപ്പോൾ അവൾ നിരാശയുടെ ആഴങ്ങളിലേക്ക് പതിയെ വീണുപോയി.

ഭാര്യയുടെ കണ്ണായി ഭ‍ർത്താവ്

എന്നാൽ ലി അവളെ നിസ്സഹായതയിലേക്ക് വീഴാൻ അനുവദിച്ചില്ല. ഓർമ്മകളിലൂടെ അവൾക്ക് വീടിനുള്ളിൽ സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ അവൻ വീടിന്‍റെ ഘടനയിൽ മാറ്റങ്ങൾ വരുത്തി. ഒറ്റക്കല്ലെന്ന് ഓർമ്മിപ്പിച്ച് ലിയും കുടുംബാംഗങ്ങളും അവളെ ആശ്വസിപ്പിച്ചു. അവന്‍റെ പ്രോത്സാഹനത്തിലൂടെ, ഷാങ് പതിയെ സ്വയം തിരിച്ചറിയാൻ തുടങ്ങി — വീണ്ടും പാചകം പഠിക്കാനും, ആത്മവിശ്വാസത്തോടെ ചെറിയ ചുവടുകൾ വെക്കാനും അവൾ ധൈര്യപ്പെട്ടു. പോരാട്ടം വളരെ വലുതായിരുന്നുവെന്ന് ഷാങ് സമ്മതിക്കുന്നു. “കാഴ്ച നഷ്ടപ്പെട്ടത് എന്നെ തളർത്തിയെങ്കിലും, എന്‍റെ ഭർത്താവിനും മകൾക്കും കുടുംബത്തിനും വേണ്ടി ധീരമായി ജീവിക്കാൻ ഞാൻ തീരുമാനിച്ചു,” അവൾ പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തിലുടനീളം ലി അവളോടൊപ്പം ഉറച്ചുനിന്നു. “നമ്മുടെ ജീവിതകാലം മുഴുവൻ, ഞാൻ നിനക്ക് വേണ്ടി ഇവിടെ ഉണ്ടാകും, ഞാൻ പോകുന്നിടത്തെല്ലാം നിന്നെയും കൊണ്ടുപോകും,” പ്രിയപ്പെട്ട ഭാര്യക്ക് നൽകിയ ആ വാക്ക് ലീ ഓരോ ദിവസവും പാലിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഇവരുടെ കഥ ദശലക്ഷക്കണക്കിന് ഹൃദയങ്ങളെയാണ് കീഴടക്കിയത്. നെറ്റിസൺസ് ലിയെ “ഏറ്റവും നല്ല ഭർത്താവ്” എന്ന് വിളിക്കുകയും, പ്രതിസന്ധി ഘട്ടങ്ങളിലെ അവന്‍റെ അചഞ്ചലമായ സ്നേഹത്തെയും ശക്തിയെയും പ്രശംസിക്കുകയും ചെയ്തു. എന്നാൽ ലിയെയും ഷാങിനെയും സംബന്ധിച്ചിടത്തോളം ഇത് പ്രശസ്തിയെക്കുറിച്ചോ പ്രശംസയെക്കുറിച്ചോ അല്ല. മറിച്ച് അവരുടെ പരസ്പര സ്നേഹവും അതിജീവനവും ആണ്.

 

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും