ഈ തടാകത്തിലെ വെള്ളത്തിൽ വീണാല്‍ 'ഉപ്പുകല്ലാ'യി മാറും; ആഫ്രിക്കയിലെ അത്ഭുത തടാകം

Published : Jun 12, 2025, 02:50 PM IST
images from Lake Natron by nick brandt photography

Synopsis

തടാകത്തിലെ പിഎച്ച് ലവൽ 10.5 ആണ്. ആല്‍ക്കലൈന്‍ അടങ്ങിയ ജലം. അതിനാല്‍ തന്നെ പക്ഷിമൃഗാദികൾ വീണാല്‍ ഉപ്പുകല്‍ ശില പോലെയാകും. എന്നാല്‍ ഫ്ലെമിംഗോകൾ അതിനെയും മറികടക്കുന്നു.

 

മ്മൾ സങ്കൽപ്പിക്കുന്നതിലും വിചിത്രമായ ഒട്ടേറെ കാര്യങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ ഭൂമിയിലുണ്ട്. അതിലൊന്നാണ് ആഫ്രിക്കയിലെ താൻസാനിയയിലുള്ള നാട്രോൺ തടാകം. ജീവികൾക്ക് ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു പരിതസ്ഥിതിയാണ് ഇവിടെയുള്ളത്. കാരണം, ഇതൊരു ആൽക്കലൈൻ തടാകമാണെന്നത് തന്നെ.

നാട്രോൺ തടാകത്തില്‍ മുങ്ങുന്ന ജീവികൾക്ക് ഗുരുതരമായ പൊള്ളൽ സംഭവിക്കാമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ, ഫ്‌ളാമിംഗോ പക്ഷികൾ ഈ തടാകത്തിന് സമീപത്തും സിലോപ്പിയകൾ ഈ തടാകത്തിലെ ജലത്തിലും ജീവിക്കുന്നു. ഇവയ്ക്ക് തടാകത്തിന്‍റെ തീവ്രമായ രാസഘടന, ജലത്തിന്‍റെ ഉയർന്ന താപനില എന്നിവയെ ചെറുക്കാനുള്ള ശാരീരിക സംവിധാനങ്ങളുണ്ട്.

തടാകത്തിലെ ജലത്തിൽ അലിഞ്ഞിട്ടുള്ള സോഡിയം, കാർബണേറ്റ് രാസവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. 10.5 എന്ന അളവിൽ പോലും ഈ തടാകത്തിലെ ജലത്തിന്‍റെ പിഎച്ച് ഉയരാം. സോഡിയം കാർബണേറ്റിന്‍റെ മറ്റൊരു പേരായ നാട്രോണിൽ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. ഈ തടാകത്തിലെ രസസംയുക്തം അടങ്ങിയ മണ്ണ് ഈജിപ്തിലെ മമ്മിഫിക്കേഷന്‍ പ്രകൃയയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു.

 

 

ഏകദേശം 150 ചതുരശ്ര കിലോ മീറ്ററാണ് തടാകത്തിന്‍റെ വിസ്തീർണ്ണം. അഗ്നിപർവത പ്രവർത്തന ഫലമായാണ് നാട്രോൺ തടാകം രൂപപ്പെട്ടത്. തടാകത്തിന് സമീപം ഒൽ ഡോയിന്യോ ലെംഗായി എന്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നുണ്ട്. സജീവ അഗ്നിപർവതമായ ഇതിന്‍റെ ലാവ സോഡിയം, പൊട്ടാസ്യം കാർബണേറ്റുകളാൽ സമ്പന്നമാണ്. തടാകത്തിലെ ജലത്തിന്‍റെ രാസ സവിശേഷതയ്ക്ക് ഈ അഗ്നിപർവ്വത ലാവയും ഒരു കാരണമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ജലത്തിന്‍റെ താപനിലയും വളരെ കൂടുതലായിരിക്കും.

നാട്രോൺ തടാകത്തിൽ ചത്തുവീഴുന്ന ജീവികൾ കാൽസിഫിക്കേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയരാക്കപ്പെടാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് നാട്രോൺ തടാകത്തിൽ വീഴുന്ന് ജീവികൾ കാലാന്തരത്തിൽ ജലവുമായി സമ്പർക്കത്തിലേര്‍പ്പെട്ട് ജീർണിച്ച് ഇല്ലാതാകുന്നതിന് പകരം ഉപ്പുകൽ ശില പോലെയായി മാറും. ഈ പ്രതിഭാസം കാരണമാണ് തടാകത്തില്‍ വീഴുന്നവര്‍ കല്ലായി മാറുമെന്ന പ്രാദേശിക വിശ്വാസം ഉടലെടുത്തത്. ഇത്രയേറെ പ്രത്യേകതകൾ ഉള്ളത് കൊണ്ട് തന്നെ ചില തദ്ദേശീയ ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം കൂടിയാണ് ഈ പ്രദേശം. ഇത്തരം ഗോത്രങ്ങളുടെ വായ്മൊഴി പാട്ടുകളില്‍ തടാകത്തെ കുറിച്ച് നിരവധി പാട്ടുകളും പരാമര്‍ശങ്ങളുമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?