
ഉന്നത പഠനത്തിനായി, പ്രത്യേകിച്ച് എംബിഎയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ ടെക്കിയുടെ സമൂഹ മാധ്യമ പോസ്റ്റ്. ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടാൽ പിന്നീട് കുറ്റബോധം തോന്നുന്ന ഒരു തീരുമാനമായി അത് മാറിയേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. വിദേശ രാജ്യങ്ങളിലെ ഉപരിപഠനം വിചാരിക്കുന്നത്ര കളർഫുൾ അല്ലെന്നും തീരുമാനിച്ചിറങ്ങുന്നതിന് മുൻപ് പല ആവർത്തി ആലോചിക്കണമെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.
തൻറെ ഒരു സഹപ്രവർത്തകന്‍റെ അനുഭവവും സമൂഹ മാധ്യമ പോസ്റ്റിൽ അദ്ദേഹം ചേർത്തിട്ടുണ്ട്. ഇന്ത്യയിൽ പ്രതിവർഷം 15 ലക്ഷം രൂപ ശമ്പളം ലഭിച്ച് കൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച്, ഡാറ്റാ സയൻസിൽ സ്പെഷ്യലൈസ് ചെയ്യുന്നതിനായി എംബിഎ പഠിക്കാനായിട്ടാണത്രേ സുഹൃത്ത് അമേരിക്കയിലെത്തിയത്. പക്ഷേ, ദൗർഭാഗ്യകരമായ കാര്യം കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞിട്ടും അദ്ദേഹത്തിന് അമേരിക്കയിൽ ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ്. ഒരു വർഷത്തോളം ജോലിക്കായി അന്വേഷിച്ചിട്ടും ഒന്നും ശരിയാകാതെ വന്നതോടെ ഒടുവിൽ അദ്ദേഹം ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെന്നും കുറിപ്പില്‍ പറയുന്നു.
അമേരിക്കയിലെ പഠനത്തിനും മറ്റ് ചിലവുകൾക്കുമായി 40 ലക്ഷം രൂപയോളം ആണ് തന്‍റെ സഹപ്രവർത്തകന് ചെലവായതെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു. വിദേശ രാജ്യങ്ങളിൽ ഇപ്പോൾ ഇന്ത്യൻ ബിരുദധാരികൾക്ക് ഒരു ജോലി കണ്ടെത്തുക എന്നത് ഒട്ടും എളുപ്പമല്ലെന്നും തൊഴിൽ വിപണി അത്രമാത്രം ക്രൂരമാണെന്നുമുള്ള മുന്നറിയിപ്പാണ് വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്കായി അദ്ദേഹം നൽകുന്നത്.
കുറിപ്പ് വളരെ വേഗത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടു. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് നിരവധി പേർ അനുഭവങ്ങൾ പങ്കുവെച്ചു. എന്നാൽ, മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത് പോസ്റ്റിനെ പൂർണമായും വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നും കോഴ്സിനെയും സർവകലാശാലയെയും ആശ്രയിച്ച് ഫലങ്ങൾ വളരെയധികം വ്യത്യാസപ്പെടുമെന്നുമായിരുന്നു.