Falling Iguanas : തണുത്ത് മരവിച്ച് ഫ്ലോറിഡ, മരത്തില്‍ നിന്നും വീണ് ഇഗ്വാനകള്‍, പരിഭ്രാന്തിയില്‍ ആളുകള്‍

Published : Feb 02, 2022, 09:50 AM IST
Falling Iguanas : തണുത്ത് മരവിച്ച് ഫ്ലോറിഡ, മരത്തില്‍ നിന്നും വീണ് ഇഗ്വാനകള്‍, പരിഭ്രാന്തിയില്‍ ആളുകള്‍

Synopsis

ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പ്രകാരം ഗ്രീൻ ഇഗ്വാനകൾ ഫ്ലോറിഡയിൽ നിന്നുള്ളതല്ല. ചരക്ക് കപ്പലുകളിൽ ആകസ്മികമായി കയറി ഇവിടെ എത്തിയവയാണ്. അവ ഒരു അധിനിവേശ ഇനമായി കണക്കാക്കപ്പെടുന്നു. 

ഫ്‌ളോറിഡ(Florida)യിൽ അതിശൈത്യം കാരണം മരങ്ങളിൽ നിന്ന് തണുത്ത് വിറങ്ങലിച്ച ഇഗ്വാനകൾ(Iguanas) താഴെ വീഴുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. അസാധാരണമായ തണുപ്പ് മൂലം മരങ്ങളിൽ നിന്ന് ഇഗ്വാനകൾ താഴെ വീഴാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് ഞായറാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.  ഇഗ്വാനകൾ തണുത്ത രക്തമുള്ളവയാണ്. താപനില 4 മുതൽ 9 സെൽഷ്യസ് വരെ കുറയുമ്പോൾ അവ മരവിക്കുകയും, നിശ്ചലമാവുകയും ചെയ്യുന്നു.

ഇഗ്വാനകൾ പലപ്പോഴും മരങ്ങളിലാണ് ഉറങ്ങുന്നത്. തണുപ്പിൽ ഇഗ്വാനകളുടെ ശാരീരിക പ്രവർത്തനം നിലക്കുന്നു. അതുകൊണ്ട് തണുപ്പത്ത് അവ മരക്കൊമ്പുകളിൽ ഉറങ്ങുമ്പോൾ, തൂങ്ങിക്കിടക്കാനുള്ള കഴിവ് അവയ്ക്ക് നഷ്ടപ്പെടുന്നു. അങ്ങനെ അവ മരങ്ങളിൽ നിന്ന് താഴെ വീഴുന്നു. മരങ്ങളിൽ നിന്ന് വീണാലും പക്ഷേ അവ മിക്കപ്പോഴും ചാവാറില്ല. പ്രഭാതസൂര്യന്റെ ചൂടേൽക്കുമ്പോൾ ക്രമേണ അവയുടെ ശരീരം ചൂട് പിടിക്കുകയും, ശരീര ഊഷ്മാവ് വർധിക്കുകയും ചെയ്യുന്നു. അങ്ങനെ അവയ്ക്ക് ചലനശേഷി തിരിച്ച് കിട്ടുന്നു.

സാധാരണ ഈ നിശ്ചലാവസ്ഥയെ അതിജീവിക്കാൻ അവയ്ക്ക് കഴിയാറുണ്ടെങ്കിലും, തണുത്തുറഞ്ഞ താപനിലയിൽ ഒരുപാട് നേരം നിലനിൽക്കുന്നത് അവയുടെ ജീവന് ഭീഷണിയാണ്. 2010 -ലെ ശൈത്യം ഒരുപാട് ജീവികളുടെ ജീവനെടുക്കുകയുണ്ടായി. "തണുപ്പ് അവയ്ക്ക് വളരെ ദോഷമാണ്. കാരണം അവ ചൂടുള്ള പ്രദേശങ്ങളായ മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. അതികഠിനമായ തണുപ്പ് അവയ്ക്ക് താങ്ങാൻ കഴിയില്ല" ഫ്ലോറിഡയിലെ പാം ബീച്ച് മൃഗശാലയിലെ ഉരഗ വിദഗ്ദ്ധനായ സുവോളജിസ്റ്റ് സ്റ്റേസി കോഹൻ പറഞ്ഞു.

ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പ്രകാരം ഗ്രീൻ ഇഗ്വാനകൾ ഫ്ലോറിഡയിൽ നിന്നുള്ളതല്ല. ചരക്ക് കപ്പലുകളിൽ ആകസ്മികമായി കയറി ഇവിടെ എത്തിയവയാണ്. അവ ഒരു അധിനിവേശ ഇനമായി കണക്കാക്കപ്പെടുന്നു. അവയ്ക്ക് 7.5 കി.ഗ്രാം വരെ ഭാരവും അഞ്ചടി നീളവും ഉണ്ടാകും. ഈ ശൈത്യകാലത്ത് ദുരിതം അനുഭവിക്കുന്ന ആദ്യത്തെ ജീവികളല്ല ഈ ഇഗ്വാനകൾ. കഴിഞ്ഞയാഴ്ച രാജ്യത്തെ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വടക്കുപടിഞ്ഞാറൻ ഗ്രീസിലെ ഒരു തടാകത്തിൽ ലക്ഷക്കണക്കിന് വളർത്തു മത്സ്യങ്ങൾ തെർമൽ ഷോക്ക് മൂലം ചത്തു പൊങ്ങിയിരുന്നു. 

അതികഠിനമാണ് തണുപ്പാണ് ഫ്ലോറിഡ ഇപ്പോൾ നേരിടുന്നത്. ശനിയാഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് മാരകമായ ശൈത്യകാല കൊടുങ്കാറ്റ് വീശിയടിച്ചു. ഇതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. 1,400 -ലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്