
ഈ ആഴ്ച ആദ്യം അമേരിക്കയിലെ നോർത്ത് കരോലിന(North Carolina) ബീച്ചിന്റെ തീരത്ത് ഒരു വലിയ വെള്ളസ്രാവിനെ ചത്ത നിലയിൽ കണ്ടെത്തി. നോർത്ത് കരോലിനയിലെ ഹാറ്റെറാസിൽ കണ്ടെത്തിയ ഈ സ്രാവിന്റെ ചിത്രങ്ങൾ ഡാന റോസ് എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് ഷെയർ ചെയ്തത്. എന്നാൽ, അതിൽ എല്ലാവരെയും അമ്പരപ്പിച്ചത് അതിന്റെ പല്ലിന്റെ മൂർച്ചയാണ്. കടൽത്തീരത്ത് നടക്കുന്നതിനിടയിലാണ് ഡാന റോസ്(Dana Rose) സ്രാവിനെ കണ്ടത്. അതിന്റെ മൂർച്ചയേറിയ പല്ലുകൾ കണ്ട് അവൾ ഞെട്ടിപ്പോയി. എന്നിരുന്നാലും, സ്രാവിന്റെ വായ തുറന്ന് അതിന്റെ മുഴുവൻ പല്ലുകളും കാണിച്ച് അവൾ ആളുകളെയും അമ്പരപ്പിച്ചു.
സമുദ്രം അവയുടേതാണ് നമ്മളവിടെ സന്ദർശകരാണ് എന്നാണ് ഡാന റോസ് പറയുന്നത്. ഓർക്കുക ഈ സ്രാവുകൾക്കൊപ്പമാണ് നാം കടലിൽ നീന്തുന്നത് എന്നും അവൾ പറഞ്ഞു. ഉയരുന്ന വേലിയേറ്റത്തിൽ ഭക്ഷണം കഴിക്കാൻ വരുന്ന മത്സ്യങ്ങളെ പിടിക്കാൻ തീരത്തിനടുത്തായി സ്ഥാപിച്ചിരിക്കുന്ന വലയിൽ ഇത് കുടുങ്ങിയിരിക്കാമെന്ന് ഒരാൾ കമന്റ് ചെയ്‍തു.
വെളുത്ത സ്രാവുകൾ, ആകർഷകം എന്നതുപോലെ അപകടകരവുമാണ്. അടുത്തിടെ, ഓസ്‌ട്രേലിയയിലെ ഐർ പെനിൻസുലയിൽ നിന്ന് ഒരു ടൂറിസ്റ്റ് ബോട്ടിൽ നിന്ന് പകർത്തിയ, ഒരു മീറ്റർ അകലെയായി വലിയ വെള്ള സ്രാവ് വായുവിലേക്ക് കുതിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. അത് കുതിക്കുന്നത് കാണുമ്പോൾ ബോട്ടിലുണ്ടായിരുന്നവർ ഉച്ചത്തിൽ ബഹളം വയ്ക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
കഴിഞ്ഞ വർഷവും ഇത്തരമൊരു സംഭവം ഉണ്ടായിരുന്നു. സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ ഒരു വ്യക്തിയുടെ മത്സ്യബന്ധന ഹുക്കിൽ ഒരു വലിയ വെള്ള സ്രാവ് ആഞ്ഞടിക്കുകയായിരുന്നു. സ്രാവ് ഹുക്കിൽ നിന്ന് സ്വയം മോചിതനാകാൻ ഗുസ്തി തന്നെ നടത്തി.
ഏതായാലും ഡാന റോസ് പങ്കുവച്ച ഈ ചിത്രത്തോടെ വെള്ളസ്രാവിന്റെ പല്ല് കണ്ട് ഭയന്നിരിക്കുകയാണ് പലരും. അതുപോലെ തന്നെ എങ്ങനെയാണ് സ്വന്തം ആവാസവ്യവസ്ഥയിൽ വച്ച് ഇതിന് ജീവൻ നഷ്ടമായത് എന്നും ചിലർ ചോദിച്ചു.